യൂദാസിന്റെ ചുംബനം

ഫാ. സാബു മണ്ണട MCBS

കലയുടെ കേദാരമായ ഇറ്റലിയിലെ പാദുവ എന്ന സ്ഥലത്ത് അതിസുന്ദരമായ ഒരു ദേവാലയമുണ്ട്. സെ്‌കോവേഞ്ഞി ദേവാലയം അഥവാ അരേന ചാപ്പല്‍ എന്നാണത് അറിയപ്പെടുന്നത്. ചുവര്‍ചിത്രങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്ന ആ ദേവാലയത്തിന്റെ ഇടതുവശത്തുള്ള ഭിത്തിയില്‍ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട്. ജിയോത്തോ (GIOTTO) എന്ന അതിപ്രഗത്ഭനായ ഇറ്റാലിയന്‍ കലാകാരന്‍ വരച്ച ‘യൂദാസിന്റെ ചുംബനം’ എന്ന ചിത്രമാണത്. ഈ ദേവാലയത്തില്‍ കാണുന്ന ചുവര്‍ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടുന്നതുമായ ചിത്രം മേല്‍പ്പറഞ്ഞ ചിത്രം തന്നെയാണ്. ഏതാണ്ട് 14-ാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു വരയ്ക്കപ്പെട്ട ചിത്രമാണിത് (1305).

ജീവാത്മകതയും (Dynamism) നാടകീയമായ തീവ്രതയുമാണ് (Dramatic Intenstiy) ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നന്മയും തിന്മയും തമ്മിലുള്ള കണ്ടുമുട്ടലാണ് യൂദാസിന്റെ ചുണ്ടിനും യേശുവിന്റെ തിരുമുഖത്തിനുമിടയിലെ ചുംബനത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ വിഷയം. യഹൂദപ്രമാണിമാരും യൂദാസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിസമാപ്തിയാണ് തിരുലിഖിതങ്ങളില്‍ കാണുന്ന യൂദാസിന്റെ ചുംബനം. ഒറ്റുകാരന്റെ തീക്ഷ്ണതയും ഒറ്റിക്കൊടുക്കപ്പെട്ടവന്റെ ശാന്തതയും ചിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ ഏതൊരു കാഴ്ചക്കാരനും സാധിക്കും.

ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ യേശുവും യൂദാസുമാണെങ്കിലും, വചനവായനയില്‍ എന്നപോലെ വാഗ്മയചിത്രം കാഴ്ചക്കാരന് തരുന്ന ഒരു തെളിമയുണ്ട്. കാരണം, അവിടെ വരച്ചുചേര്‍ത്തിരിക്കുന്ന ഓരോ കഥാപാത്രങ്ങളും യേശുവിന്റെ പീഡാസഹനങ്ങളുടെ തീവ്രവേദനയുടെ നിമിഷങ്ങളിലോരോന്നും മിന്നിമറയുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.

യേശുവിന്റെയും യൂദാസിന്റെയും മുഖഭാവങ്ങളിലെ അന്തരം നന്മ-തിന്മകളുടെ പോരാട്ടത്തെയും കണ്ടുമുട്ടലിനേയും സൂചിപ്പിക്കുന്നു. യൗവനം തുളുമ്പുന്ന, വിശുദ്ധി പ്രസരിക്കുന്ന യേശുവിനെയാണ് ചിത്രീകരിക്കുന്നതെങ്കില്‍ ഒറ്റുകാരന്റേയും വഞ്ചകന്റേയും ഭീതി നിഴലിക്കുന്ന മുഖഭാവമാണ് യൂദാസിനു നല്‍കിയിരിക്കുന്നത്. ഒറ്റുകാരനായ യൂദാസ് ധരിച്ചിരിക്കുന്ന മഞ്ഞനിറത്തിലെ നീണ്ട മേലങ്കി പ്രതീകാത്മകമാണ്. ചതിയും വഞ്ചനയും സൂചിപ്പിക്കുന്ന മഞ്ഞനിറത്തിന്റെ മേലങ്കി കൊണ്ട് ചുംബനത്തോടൊപ്പം യൂദാസ് യേശുവിനെ മൂടുന്നത്, മനുഷ്യകുലത്തിന്റെ തിന്മ കൊണ്ട് അവന്‍ ആവരണം ചെയ്യപ്പെടും എന്ന സത്യത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

ഈ ചിത്രത്തിലേയ്ക്കു നോക്കുന്ന ഏതൊരു കാഴ്ചക്കാരനും ഈ രംഗം വിവക്ഷിക്കുന്ന തീവ്രത പെട്ടെന്നു തന്നെ ഗ്രഹിക്കാനാവും. കാരണം, യേശുവിനു ചുറ്റും നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ ക്രൂരത നിറഞ്ഞ നോട്ടവും കുറ്റപ്പെടുത്തലിന്റെ ആക്രോശങ്ങളും നീതിമാനെതിരെയുള്ള തിന്മയുടെ ആഘോഷമായി തന്നെ വേണം മനസ്സിലാക്കാന്‍. അവരുടെ കൈകളില്‍ പിടിച്ചിരിക്കുന്ന വടികളും വാളുകളും മറ്റായുധങ്ങളും വിധിപറച്ചിലിന്റെ, കുറ്റം വിധിക്കലിന്റെ ആ രംഗം വഞ്ചനയുടേതാണെന്ന് ഏതൊരു കാഴ്ചക്കാരനും ബോധ്യമാകും വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യേശുവിനു ചുറ്റുമുള്ള ജനക്കൂട്ടം അസ്വസ്ഥരാണെന്ന് അവരുടെ പഴിചാരലിന്റേയും പഴിപറയലിന്റേയും മുഖഭാവം വ്യക്തമാക്കുന്നുണ്ട്.

പക്ഷേ, ഇവയ്‌ക്കെല്ലാം പുറമേ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ യേശുവിന്റെ പ്രകാശപൂരിതമായ ശാന്തത കാഴ്ചക്കാരനിലേയ്ക്ക് ചൊരിയുന്ന വിശുദ്ധിയുടെ, ശാന്തതയുടെ ഒരു പ്രഭയുണ്ട്. കളങ്കമില്ലാത്തവന്‍ ഒറ്റിക്കൊടുക്കപ്പെട്ട തീവ്രവേദനയുടെ ആ നിമിഷങ്ങളിലും പതറാതെ യൂദാസിന്റെ കണ്ണുകളിലേയ്ക്കു നോക്കുന്ന യേശുവിന്റെ ചിത്രമാണ് ഈ ചിത്രരംഗത്തിലെ ഏറെ ശ്രദ്ധേയമായ ഘടകം. തെറ്റിദ്ധരിക്കപ്പെടുമ്പോഴും ഒറ്റിക്കൊടുക്കപ്പെടുമ്പോഴും ഉറ്റവരും ഉടയവരും മനസ്സിലാക്കാത്ത കഠിനവേദനയുടെ വേളകളിലും ഈ ചിത്രം നമുക്ക് ധ്യാനമാക്കാം. ചുറ്റുമുള്ള ലോകം അസ്വസ്ഥതകളുടെ ഭാരമേല്‍പ്പിക്കുമ്പോള്‍ പ്രശാന്തത കൈവിടാതിരിക്കാം (കൈവിടാതിരിക്കാന്‍ പഠിക്കാം) യേശുവിനെപ്പോലെ…

ഫാ. സാബു മണ്ണട MCBS