വിവേചനത്തിന്റെ സുവിശേഷം

ജീവിതത്തോണി കരയ്ക്കടുപ്പിക്കാൻ കഴിയാതെ പകച്ചുനിൽക്കുന്ന അവനെ നോക്കി ഒരാൾ ചോദിച്ചു: “പോരുന്നോ, എന്റെ കൂടെ. ഞാൻ നിനക്ക് എന്റെ തോട്ടത്തിൽ ജോലി തരാം.”

പെട്ടെന്ന് വെറെ ഒരാൾ കൂടി വന്നു: “എന്നൊടൊപ്പം വരൂ. എന്റെ തോട്ടത്തിൽ കുറച്ച് ജോലിയും കൂടുതൽ ശമ്പളവും ഉണ്ട്.”

അയാൾ ആകെ അസ്വസ്ഥനായി. താൻ ആവശ്യപ്പെടാതെ തന്നെ തന്റെ ആവശ്യം തിരിച്ചറിഞ്ഞ രണ്ടു പേർ. രണ്ടു പേരും ജോലിയും കൂലിയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ കുറച്ച് ജോലിയും കൂടുതൽ ശമ്പളും ഉളള ഇടത്തേയ്ക്ക് എന്തോ ഒരു ആകർഷണം. അത് സ്വാഭാവികം. എങ്കിലും ആയാൾ തീരുമാനിച്ചു. തന്റെ ആത്മാത്ഥ സുഹൃത്തിനോട് അഭിപ്രായം ചോദിക്കാം എന്ന്.

സുഹൃത്ത് ഇപ്രകാരം പറഞ്ഞു: “ജോലി നിനക്ക് ആവശ്യമാണ്. പക്ഷേ, ആരുടെയും ചതിയിൽപ്പെടരുത്.”

അങ്ങനെ അവർ ജോലിസ്ഥലം കാണാൻ പോയി. മനോഹരമായി നീണ്ടുനിവർന്നു കിടക്കുന്ന പലവിധ കൃഷികൾ നിറഞ്ഞ തോട്ടം. ഇത് രണ്ടുപേരുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. പക്ഷേ, ഇവിടെ അതിര് കെട്ടി തിരിച്ചിട്ടൊന്നുമില്ല. വാക്കാൽ അതിരുകൾ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ജോലിക്കാർക്ക് സ്വന്ത ഇഷ്ടപ്രകാരം തങ്ങളുടെ യജമാനനെ മാറ്റിയെടുക്കാം. ഒരു നിബന്ധന മാത്രം. ഒരാളെ തിരഞ്ഞെടുത്താൽ തിരിച്ചുവരവിന് വീണ്ടുമൊരു അവസരമില്ല.

രണ്ടും മനോഹരമായ തോട്ടങ്ങളാണ്. പക്ഷേ, ജോലിക്കുറവ് എന്നുപറഞ്ഞ വ്യക്തിയുടെ തോട്ടം ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും. മനോഹരമായ കൃഷിയിടം. ജോലിക്കാരെല്ലാം നല്ല അഴകുള്ള വസ്ത്രങ്ങളും സൗകര്യങ്ങൾ ഏറെയുള്ള വിശ്രമസ്ഥലവും കാഴ്ചയിൽ മനോഹരമായ പാർപ്പിടവും എന്നു വേണ്ട എല്ലാം ഉണ്ട്.

എന്നാൽ അവിടെ അകലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കെട്ടിടം കണ്ടു. അത് എന്തെന്ന് അന്വേഷിച്ചപ്പോൾ ഒരാൾ വേദനയോടെ പറഞ്ഞു: “ഈ സൗകര്യങ്ങൾ കണ്ട് ഇവിടെ വന്നവരെ ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ഇവർ അടിമകളാക്കും. അവരെ പാർപ്പിച്ചിരിക്കുന്ന ഇടമാണത്. എല്ലാ കുറ്റങ്ങളും അവരെക്കൊണ്ട് ചെയ്യിക്കും. ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. എല്ലാം ഇവിടെ വന്ന് സാവാധാനമാണ് അറിയാൻ കഴിഞ്ഞത്. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ കുടുംബം വരെ നശിപ്പിക്കും. നിങ്ങൾ പുതിയതാണല്ലേ? പതുക്കെ മനസിലാകും.”

തുടർന്ന് അവർ അടുത്ത തോട്ടത്തിലേയ്ക്കു പോയി. അവിടെ എല്ലാവർക്കും സന്തോഷം. ആർക്കും മടിയില്ല. എല്ലാവരും എല്ലാം എല്ലാവർക്കുമായി  പങ്കുവെയ്ക്കുന്നു. സമയം രാത്രിയായി. താമസിക്കാനായി രണ്ടു തോട്ടത്തിന്റെയും നടുവിലായി അവന് ഇടം ലഭിച്ചു. ഒരു സ്ഥലത്ത് അട്ടഹാസവും അലർച്ചയും മറുഭാഗത്ത് സന്തോഷത്തിന്റെയും സമാധാ‌ത്തിന്റെയും ശാന്തസുന്ദരമായ സംഗീതാലാപനം. അവർ തീരുമാനിച്ചു; അവരോടൊപ്പം ചേരാം. അദ്ധ്വാനിച്ചാലും കുഴപ്പമില്ല. സമാധാനവും സന്തോഷവും ലഭിക്കും.

കഥ ഇവിടെ തീർന്നു; ഇനി ജീവിതം.

ഈ ലോകത്തിന്റെ നൈമിഷികമായ സുഖം വച്ചുനീട്ടുന്ന അന്ധകാരത്തിലേയ്ക്ക് കുതിക്കുന്നവരോടൊപ്പം ചേരണോ? അതോ ഈ ലോകത്തിൽ നന്മയും സ്നേഹവും പകർന്നുനല്കുന്നവരോടൊപ്പം ഒരാളായി തീരണോ? കൺമുമ്പിലെ മായക്കാഴ്ചകൾക്കപ്പുറം സത്യത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരിക്കുന്ന ഒരു മുഖം കണ്ടെത്തിയാൽ അതിലേയ്ക്ക് ധൈര്യത്തോടെ ക്രൂശിതന്റെ കൈപിടിച്ച് നടക്കാൻ കഴിഞ്ഞാൽ യാതൊന്നിനും തകർക്കാൻ കഴിയാത്ത പാറമേൽ പണിത ഭവനമായി നാം മാറും. നമ്മുടെ കുറവുകളെ നിറവുകളാക്കുന്ന ക്രൂശിതന്റെ സ്നേഹമോ അതോ ഇല്ലായ്മയെ മുതലെടുത്ത് ഉള്ളതുകൂടി നഷ്ടമാക്കാൻ പ്രേരിപ്പിക്കുന്ന അന്ധകാരശക്തിയോ നമുക്ക് വേണ്ടത്?

റവ. സി. പ്രണിത DM

1 COMMENT

Leave a Reply to AnonymousCancel reply