സീറോ മലബാര്‍ ഉയിർപ്പുകാലം ആറാം ചൊവ്വ മെയ് 07 യോഹ. 5: 36-47 നിത്യജീവൻ പ്രാപിക്കാൻ മിശിഹായുടെ പക്കൽ ചെല്ലണം

“എന്നിട്ടും നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്കു വരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.” യേശുവിന്റെ വാക്കുകളാണിവ. ഈ വാക്കുകൾ നമ്മളോടാണോ എന്നു നമ്മൾ ധ്യാനിക്കണം. “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ. 10:10) എന്നാണ് യേശു പറഞ്ഞിരിക്കുന്നത്. എന്നിട്ടും യേശുവിന്റെ കാലത്തെ ആളുകൾ, യേശുവിന്റെ അടുത്തുചെന്നില്ല എന്നതാണ് യാഥാർഥ്യം.

ഇതെല്ലാമറിയുന്ന, ഇന്നത്തെ കാലത്തു ജീവിക്കുന്ന നമ്മുടെ അവസ്ഥ എന്താണ്? നമ്മൾ ജീവൻ നേടാനായി യേശുവിന്റെ അടുക്കലേയ്ക്കാണോ പോകുന്നത്? അതോ ജീവൻ തരുമെന്നു നമ്മൾ വിചാരിക്കുന്ന മറ്റാളുകളുടെ അടുത്തേക്കോ, മറ്റു സാഹചര്യങ്ങളിലേക്കോ ആണോ നമ്മൾ പോകുന്നത്? അങ്ങനെയാണെങ്കിൽ, അത്തരം സഞ്ചാരങ്ങൾ നമ്മൾ അവസാനിപ്പിക്കണം. നിത്യജീവൻ പ്രാപിക്കാൻ യേശുവിന്റെ പക്കൽ ചെല്ലണമെന്ന സത്യം, ബോധ്യമായി നമ്മുടെ മനസ്സുകളിൽ പതിയട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.