കര്‍മ്മല മലയെ അറിയാം

ജൂലൈ 16. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനം. ഈ ദിനത്തില്‍ മാതാവിനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ യാചിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടാവും എല്ലാവരും. എന്നാല്‍ ചിന്തിച്ചിട്ടുണ്ടോ കാര്‍മ്മല്‍ അഥവാ കര്‍മ്മല എന്ന പേര് പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് എങ്ങനെ വന്നു എന്നൊക്കെ. അതുകൊണ്ട് അറിയാം, കര്‍മ്മല മലയെ…

വടക്കന്‍ ഇസ്രായേലില്‍ മെഡിറ്ററേനിയന്‍ കടലിന് തെക്കു-കിഴക്കായി സ്ഥിതിചെയ്യുന്ന പര്‍വ്വതനിരയാണ് കര്‍മ്മല മല. കര്‍മ്മല മലയുടെ ചുറ്റിനും സ്ഥിതിചെയ്യുന്ന നഗരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹയ്ഫ. ഇത് ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. പുതുമയാര്‍ന്നത്, മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞത് എന്നെല്ലാം അര്‍ത്ഥമുള്ള ഹീബ്രു വാക്കാണ് കാര്‍മ്മല്‍. ദൈവത്തിന്റെ മുന്തിരിത്തോപ്പ് എന്നര്‍ത്ഥമുള്ള കര്‍മ്മല മല യഹൂദ ക്രൈസ്തവചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 39 കിലോമീറ്റര്‍ ദൂരത്തിലും 8 കിലോമീറ്റര്‍ വീതിയിലും പരന്നുകിടക്കുന്ന കര്‍മ്മല മലയ്ക്ക് 525 മീറ്ററാണ് ഉയരം. ഓക്ക്, പൈന്‍, ഒലീവ്, ലോറല്‍ മരങ്ങള്‍ സമൃദ്ധമായി കര്‍മ്മല മലയില്‍ വളരുന്നു.

പഴയനിയമ വിവരണപ്രകാരം ഏലിയ പ്രവാചകനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മലയാണ് കര്‍മ്മല. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ഇസ്രായേല്‍ക്കാരെ വ്യതിചലിപ്പിച്ചിരുന്ന ബാലിന്റെ പ്രവാചകന്മാരെ യാഗത്തിനായി ഏലിയ വെല്ലുവിളിച്ചത് കര്‍മ്മല മലയില്‍ വച്ചാണ്. ആഹാബ് രാജാവിന്റെ കാലത്തായിരുന്നു ആ സംഭവം. ഏലിയായും ബാല്‍ ദേവന്റെ 450 പ്രവാചകന്മാരും കര്‍മ്മല മലയില്‍ വച്ച് ബലിയര്‍പ്പിച്ചു. ബാലിന്റെ യാഗം സ്വീകരിക്കപ്പെട്ടില്ല. ഏലിയായുടെ ബലിയാകട്ടെ യഹോവ ആകാശത്തില്‍ നിന്നും അഗ്നിയിറക്കി സ്വീകരിച്ചു. അങ്ങനെ യഹോവ തന്നെയാണ് യഥാര്‍ത്ഥ ദൈവം എന്ന് തെളിഞ്ഞു എന്ന് രാജാക്കന്മാരുടെ പുസ്തകത്തില്‍ നാം വായിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കര്‍മ്മലീത്ത സന്യാസ സഭയുടെ ചരിത്രം കര്‍മ്മല മലയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഏലിയ പ്രവാചന്റെ ചൈതന്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന് അവകാശപ്പെടുന്ന ഈ സന്യാസികളുടെ നിയമാവലി തയ്യാറാക്കിയത് ജറുസലേം പാത്രിയര്‍ക്കീസ് ആയിരുന്ന വി. ആല്‍ബര്‍ട്ട് ആണ്. ഏലിയായുടെ ഗുഹ സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കര്‍മ്മലീത്ത സഭയുടെ സ്ഥാപനം നടന്നത് എന്ന് പറയപ്പെടുന്നു. മലയുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,700 അടി ഉയരത്തിലാണ് ഈ ഗുഹ നിലനിന്നിരുന്നത്. ആ സ്ഥലത്ത് ഏലിയായുടെ പിന്തുടര്‍ച്ചക്കാരായ സന്യാസികള്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കര്‍മ്മലീത്താ സഭ സ്ഥാപിതമായ ഉടനെ, ഇവിടെ കെട്ടിയുയര്‍ത്തിയ ആശ്രമത്തിന് അവര്‍ പേരിട്ടത് സമുദ്രതാരം എന്നാണ്.

അങ്ങനെ കാര്‍മ്മല്‍ പ്രദേശത്തെയും ആശ്രമത്തെയും പരിശുദ്ധ ദൈവമാതാവിന് അവര്‍ ഭരമേല്‍പ്പിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ ആശ്രമത്തിലെ തന്നെ അംഗമായിരുന്ന വി. സൈമണ്‍ സ്റ്റോക്കിന് പരിശുദ്ധ മറിയം, ഉത്തരീയം ഉള്‍പ്പെടെ ബ്രൗണ്‍ വസ്ത്രം അണിഞ്ഞ് ദര്‍ശനം നല്‍കുകയുണ്ടായി. പരിശുദ്ധ മറിയം നല്‍കിയ ആ ദര്‍ശനത്തിനും സന്ദേശങ്ങള്‍ക്കും കൃതജ്ഞത എന്ന രീതിയിലാണ് പിന്നീട് കര്‍മ്മല മാതാവിന്റെ തിരുനാള്‍ സന്യാസ സഭയും കാലക്രമേണ ആഗോളസഭയും ആചരിച്ചു തുടങ്ങിയത്. ജൂലൈ 16 -ന് തിരുനാള്‍ ആചരിക്കാമെന്ന നിര്‍ദ്ദേശം വി. അലക്‌സിസിന്റേതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.