ഏറ്റവും മികച്ച അധ്യാപകൻ പ്രസിഡന്റ് ട്രംപിനൊപ്പം

ഈ വർഷത്തെ ലോകത്തിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ  ഫ്രാൻസിസ്കൻ  സന്യാസി, പീറ്റർ തപിച്ചി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സന്ദർശിച്ചു. കെനിയൻ വംശജനും കത്തോലിക്ക സന്ന്യാസിയുമായ ഇദ്ദേഹത്തിന്റെ പാവങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങൾ മാനിച്ചാണ് ഗ്ലോബൽ ടീച്ചർ പ്രൈസ് നൽകി ആദരിച്ചത്.

15 മിനിറ്റോളം നീണ്ടുനിന്ന സന്ദർശനം തനിക്കു ലഭിച്ച വലിയ അനുഗ്രഹമാണെന്ന്  പീറ്റർ തപിച്ചി പിന്നീട് പറഞ്ഞു. “ഇതൊരു സ്വപ്നം പോലെ എനിക്ക് തോന്നുന്നു. അമേരിക്കയിൽ വിവിധ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതാണ്. അപ്പോഴാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ക്ഷണം. സെക്യൂരിറ്റി പരിശോധനകൾക്ക് ശേഷം  പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ കണ്ടു, അദ്ദേഹം ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു,” തപിച്ചി കൂട്ടിച്ചേർത്തു.

ഈ വർഷമാണ്  79 രാജ്യങ്ങളിൽ നിന്ന് ലഭിച്ച പതിനായിരത്തോളം നാമനിർദ്ദേശങ്ങളെ മറികടന്ന് പീറ്റർ തപിച്ചി എന്ന കത്തോലിക്കാ സന്യാസിക്ക് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത്. കെനിയക്കാരനായ ഈ ഫ്രാൻസിസ്കൻ സന്യാസി തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍ (£ 7,60,000) ആണ് പുരസ്കാര തുക. ദുബായ് ആസ്ഥാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സണ്ണി വര്‍ക്കി ഫൗണ്ടേഷനാണ് ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ്‌ ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബ്രദര്‍ പീറ്ററിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തന്റെ ശമ്പളത്തിന്റെ 80 ശതമാനവും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്.

35 മുതല്‍ 40 വരെ കുട്ടികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ക്ലാസ്സ് മുറികളില്‍ 7 മുതല്‍ 80 വരെ കുട്ടികള്‍ തിങ്ങിനിറഞ്ഞാണ് പഠിക്കുന്നത്. പ്രാദേശിക സമൂഹങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതും പഠനം മതിയാക്കുവാന്‍ സാധ്യതയുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്നത് താന്‍ നേരിട്ട വെല്ലുവിളികളുടെ ഭാഗമായിരുന്നുവെന്ന് ബ്രദര്‍ പീറ്റര്‍ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.