ഫ്രാൻസിലെ ദൈവാലയങ്ങളിൽ മണി മുഴങ്ങി; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് വിശ്വാസികൾ

ഫ്രാൻസിലെ നീസ് നോട്രെ ഡാം കത്തീഡ്രലിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയിൽ ദൈവാലയങ്ങളിൽ മണി മുഴങ്ങി. ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ മൂന്നു മണിക്കാണ് ഫ്രാൻസിലെ ദൈവാലയങ്ങളിൽ നിന്ന് മണികൾ മുഴങ്ങിയത്. ശോകമൂകമായ അന്തരീക്ഷത്തിൽ മണികൾ അലയടിച്ചപ്പോൾ വിശ്വാസികൾ, കൊല്ലപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.

ഇന്നലെ പ്രാദേശികസമയം രാവിലെ ഒൻപതു മണിക്കാണ് ലോകമനഃസാക്ഷിയെ നടുക്കിയ ഭീകരാക്രമണം നടന്നത്. ദൈവാലയത്തിൽ, അളളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുകൊണ്ടുവന്ന അക്രമി മൂന്നുപേരെ കൊലപ്പെടുത്തി. അതിൽ ഒരു സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേർ ദൈവാലയത്തിനുള്ളിൽ വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഫ്രാൻസിലെ ആക്രമണത്തിനുശേഷം മണിക്കൂറുകൾക്കുളളിൽ സൗദിയിലെ ഫ്രഞ്ച് എംബസിക്കു നേരെയും അക്രമണം നടക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നതായി ഫ്രഞ്ച് മെത്രാൻ സമിതി അറിയിച്ചു. ഈ വേദനയുടെ നിമിഷത്തിലും ഭയന്നിരിക്കാതെ ക്രൈസ്ഥവരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെ രാജ്യത്തോടൊപ്പം നിന്ന് നേരിടുക തന്നെ ചെയ്യുമെന്ന് മെത്രാൻ സമിതി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.