
ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനത്തിന്റെ ഔദ്യോഗിക ലോഗോയിൽ പെറുവിന്റെ സമ്പന്നമായ ക്രൈസ്തവ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന അഞ്ച് വിശുദ്ധരുടെ ചിത്രങ്ങളുണ്ട്. ലാറ്റിനമേരിക്കയിൽ ക്രിസ്തുമതത്തിന് അടിത്തറ പാകുന്നതിൽ തങ്ങളുടേതായ രീതിയിൽ വലിയ സംഭാവനകൾ നൽകിയവരാണ് ഈ അഞ്ചു വിശുദ്ധരും. അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.
ലിമയിലെ വിശുദ്ധ റോസ്: മിസ്റ്റിസിസത്തിന്റെ ജീവിതം
ലോഗോയുടെ മുകളിൽ ഇടതുവശത്തായി പൂക്കൾ കൊണ്ടുള്ള കിരീടം ധരിച്ചു നിൽക്കുന്നതാണ് ലിമയിലെ വിശുദ്ധ റോസ്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഇസബെൽ ഫ്ലോറസ് ഡി ഒലിവ എന്ന പേരിൽ ജനിച്ച അവർ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയിൽ (Third Order) ചേർന്നു. കഠിനമായ തപസ്സിലും പ്രാർഥനയിലും മുഴുകിയ അവർ, അതിൽ നിന്നും ലഭിച്ച ആത്മീയ ശക്തി രോഗികളെയും പാവപ്പെട്ടവരെയും ശുശ്രൂഷിക്കാനായി വിനിയോഗിച്ചു. 1671-ൽ ക്ലെമന്റ് പത്താമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധയായി അവർ മാറി.
ഈ ഭൂഖണ്ഡത്തിലെ സഭയുടെ ആത്മീയ വളർച്ചയെയും പക്വതയെയും വിശുദ്ധ റോസ് പ്രതിനിധീകരിക്കുന്നു. ‘പുതിയ ലോകം’ (അമേരിക്ക) കേവലം ഭൗതികമായ അധിനിവേശത്തിനുള്ള ഭൂമി മാത്രമല്ല, മറിച്ച് അഗാധമായ ധ്യാനാത്മക വിശുദ്ധിക്കും വളക്കൂറുള്ള മണ്ണാണെന്ന് തന്റെ ജീവിതത്തിലൂടെ അവർ യൂറോപ്പിലുള്ളവർക്ക് കാണിച്ചുകൊടുത്തു.
മോഗ്രോവെജോയിലെ വി. തുരിബിയസ്: അപ്പസ്തോലന്മാരുടെ യോഗ്യനായ പിൻഗാമി
ലോഗോയുടെ താഴെ ഇടതുവശത്ത് മെത്രാൻ കിരീടവും അംശവടിയുമായി കാണപ്പെടുന്ന വിശുദ്ധ തുരിബിയസ്, സ്പെയിനിൽ നിയമരംഗത്താണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫിലിപ്പ് രണ്ടാമൻ രാജാവാണ് അദ്ദേഹത്തെ ലിമയുടെ ആർച്ച് ബിഷപ്പായി നാമനിർദേശം ചെയ്തത്. വൈദികനായും തുടർന്ന് മെത്രാനായും അഭിഷിക്തനായ അദ്ദേഹം 1581-ൽ പെറുവിൽ എത്തിച്ചേർന്നു.
തന്റെ ജീവിതത്തിന്റെ അവസാന 25 വർഷങ്ങൾ, അതിവിശാലമായ തന്റെ അതിരൂപതയിലുടനീളം കാൽനടയായും കോവർകഴുതപ്പുറത്തുമായി വിശ്രമമില്ലാതെ സഞ്ചരിക്കാനാണ് അദ്ദേഹം നീക്കിവച്ചത്. ദുർഘടമായ ആൻഡീസ് പർവതനിരകളെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചായിരുന്നു ഈ യാത്രകൾ.
തെക്കേ അമേരിക്കയിലെ സഭാ സംവിധാനത്തിന്റെ മഹാനായ ശില്പിയായിരുന്നു വിശുദ്ധ തുരിബിയസ്. കൊളോണിയൽ കാലഘട്ടത്തിലെ സഭയ്ക്ക് കൃത്യമായ ഘടന നൽകുന്നതിൽ നിർണ്ണായകമായ മൂന്നാം ലിമ കൗൺസിൽ (1582–1583) വിളിച്ചുകൂട്ടിയത് അദ്ദേഹമാണ്. തദ്ദേശീയ ഭാഷകളായ കെച്ചുവ (Quechua), അയ്മാര (Aymara) എന്നിവയിൽ മതബോധന ഗ്രന്ഥങ്ങൾ തയ്യാറാക്കാൻ ഈ കൗൺസിൽ ഉത്തരവിടുകയും തദ്ദേശീയ ജനതയ്ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു. സ്പാനിഷ് കുടിയേറ്റക്കാരുടെ ചൂഷണങ്ങൾക്കെതിരെ തദ്ദേശീയരുടെ അവകാശങ്ങൾക്കായി തുരിബിയസ് ശക്തമായി നിലകൊണ്ടു.
വി. മാർട്ടിൻ ഡി പോറസ്: ഏറ്റവും പ്രശസ്തനായ വിശുദ്ധൻ
ആർച്ച് ബിഷപ്പിന് തൊട്ടടുത്തായി ഡൊമിനിക്കൻ സഭയുടെ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചു നിൽക്കുന്നതാണ് വിശുദ്ധ മാർട്ടിൻ ഡി പോറസ്. പെറുവിലെ ഏറ്റവും അറിയപ്പെടുന്ന വിശുദ്ധനായ അദ്ദേഹം, മൃഗങ്ങളോടുള്ള കരുണയുടെ പേരിൽ പ്രത്യേകം ഓർമ്മിക്കപ്പെടുന്നു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന ഉടമകളെ അദ്ദേഹം ശാസിച്ചിരുന്നു; അത്തരം പ്രവൃത്തികളെ ആത്മീയ തകർച്ചയുടെ ലക്ഷണങ്ങളായാണ് അദ്ദേഹം കണ്ടത്. ഒരേസമയം രണ്ടിടങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള (bilocation) സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു—മെക്സിക്കോ, ആഫ്രിക്ക, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ അദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു.
ഒരു സ്പാനിഷ് പ്രഭുവിന്റെയും പാനമയിൽ നിന്നുള്ള മോചിതയായ ഒരു കറുത്തവർഗക്കാരിയുടെയും മകനായി ജനിച്ച മാർട്ടിൻ, കടുത്ത വർണ്ണവിവേചനം നിലനിന്നിരുന്ന കൊളോണിയൽ സമൂഹത്തിലാണ് വളർന്നത്. എളിയവനായ ഒരു ഡൊമിനിക്കൻ സഹോദരൻ എന്ന നിലയിൽ, രോഗികളെയും അടിമകളെയും പാവപ്പെട്ടവരെയും ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു.
ആതുരസേവനത്തിലുള്ള മികവും അഗാധമായ എളിമയും അദ്ദേഹത്തിന് ‘ഫ്രേ എസ്കോബ’ (Fray Escoba – “ചൂല് സഹോദരൻ”) എന്ന വിളിപ്പേര് നേടിക്കൊടുത്തു. സുവിശേഷത്തിന്റെ സാമൂഹിക മാനത്തെയും സാർവ്വത്രിക സ്നേഹത്തെയുമാണ് വിശുദ്ധ മാർട്ടിൻ പ്രതിനിധീകരിക്കുന്നത്. അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള മിശ്രവർഗക്കാരനായ ആദ്യ വിശുദ്ധൻ എന്ന നിലയിൽ, തന്റെ കാലത്തെ വംശീയ മതിലുകളെ അദ്ദേഹം വെല്ലുവിളിക്കുകയും സഭ യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കുമുള്ളതാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.
വി. ഫ്രാൻസിസ് സൊളാനസ്: വയലിൻ വായിക്കുന്ന മിഷനറി
ലോഗോയുടെ താഴെ വലതുഭാഗത്തായി ഫ്രാൻസിസ്കൻ സഭാവസ്ത്രം ധരിച്ച്, ഒരു കൈ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്നതാണ് വിശുദ്ധ ഫ്രാൻസിസ് സൊളാനസ്. സ്പെയിനിലെ മൊണ്ടില്ലയിൽ ജനിച്ച ഈ ഫ്രാൻസിസ്കൻ വൈദികൻ മികച്ചൊരു വയലിൻ വാദകൻ കൂടിയായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പ് വിട്ട അദ്ദേഹം, തെക്കേ അമേരിക്കയിൽ ഒരു സഞ്ചാര മിഷനറിയായി ജീവിതം നയിച്ചു.
ഇന്നത്തെ പെറു, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളുടെ ഭാഗമായ പ്രദേശങ്ങളിലൂടെ അദ്ദേഹം ആയിരക്കണക്കിന് മൈലുകൾ കാൽനടയായി സഞ്ചരിച്ചു. തീക്ഷ്ണതയുള്ള പ്രേഷിതനും പ്രഭാഷകനുമായിരുന്ന അദ്ദേഹം, പ്രധാന നഗരങ്ങൾക്കപ്പുറം തദ്ദേശീയ ജനവിഭാഗങ്ങളുടെ ഇടയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു.
സുവിശേഷവൽക്കരണത്തിനായി അദ്ദേഹം തന്റെ സംഗീത കഴിവിനെ ഉപയോഗപ്പെടുത്തി; തദ്ദേശീയ സമൂഹങ്ങളെ ആകർഷിക്കാൻ അദ്ദേഹം തന്റെ വയലിൻ വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷവും വാക്ചാതുര്യവും ഏറെ പ്രശസ്തമായിരുന്നു.
വി. ജോൺ മസിയാസ്: ഉപവിയുടെ സാക്ഷി
ലോഗോയുടെ ഏറ്റവും വലതുവശത്തായി ഒരു കൊട്ട നിറയെ അപ്പവുമായി നിൽക്കുന്നതാണ് വിശുദ്ധ ജോൺ മസിയാസ്. സ്പാനിഷ് വംശജനായ ഇദ്ദേഹം മുൻപ് ഒരു ആട്ടിടയനായിരുന്നു. പെറുവിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് ഒരു ഡൊമിനിക്കൻ സഹോദരനായി മാറി. ലിമയിലെ സാന്താ മരിയ മഗ്ദലീന ഡൊമിനിക്കൻ കോൺവെന്റിൽ ചേർന്ന അദ്ദേഹം പതിറ്റാണ്ടുകളോളം അവിടുത്തെ കാവൽക്കാരനായി (porter) സേവനമനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ സാന്നിധ്യം തലസ്ഥാന നഗരിയിലെ ആ കോൺവെന്റിന്റെ പ്രവേശന കവാടത്തെ ക്രൈസ്തവ ഉപവിയുടെ ഊർജ്ജസ്വലമായ ഒരു കേന്ദ്രമാക്കി മാറ്റി. തദ്ദേശീയരും യാത്രക്കാരുമുൾപ്പെടെ നൂറുകണക്കിന് നിർധനർക്ക് അദ്ദേഹം ദിവസവും ഭക്ഷണം വിതരണം ചെയ്തു.
തീക്ഷ്ണമായ പ്രാർഥനാ ജീവിതത്തെയും പ്രായോഗികമായ സേവന പ്രവർത്തനങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട്, കൊളോണിയൽ സമൂഹത്തിന്റെ ഹൃദയഭാഗത്ത് അനുകമ്പയുടെയും സുവിശേഷാധിഷ്ഠിതമായ ആതിഥ്യമര്യാദയുടെയും ചൈതന്യം വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.




