
ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ഓരോ ദിവസവും നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കുപോലും നമ്മുടെ ചിന്തകളെയും ജീവിതരീതിയെയും സ്വാധീനിക്കാനാകും. ഒരു നല്ല ശീലം മനസ്സിന് സന്തോഷം നൽകുമ്പോൾ, മറ്റൊന്ന് ജീവിതത്തിൽ കൂടുതൽ ചിട്ടയുണ്ടാക്കും. ഇങ്ങനെ ചെറിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ദിവസങ്ങൾ കൂടുതൽ സന്തോഷകരവും ജീവിതം കൂടുതൽ മനോഹരവുമാകും. നമ്മുടെ ദിനചര്യയിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതും നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതുമായ അഞ്ച് ചെറിയ ശീലങ്ങൾ പരിചയപ്പെടാം.
1. പ്രഭാതം തുടങ്ങാം, നല്ലൊരു ശീലത്തോടെ
രാവിലെ എഴുന്നേറ്റാൽ സ്വന്തം കിടക്ക വൃത്തിയായി ഒതുക്കിവയ്ക്കുക. കേൾക്കുമ്പോൾ വളരെ നിസ്സാരമെന്നു തോന്നാം. എന്നാൽ ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു ചെറിയ കാര്യം ഭംഗിയായി പൂർത്തിയാക്കുന്നത് മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകും. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും മറ്റു കാര്യങ്ങൾ കൂടുതൽ ചിട്ടയോടെ ചെയ്യാനും ഇത് പ്രചോദനമാകും. ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഓർത്ത് ആശങ്കപ്പെടുന്നതിനുപകരം, ആദ്യം ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യത്തിൽനിന്ന് തുടങ്ങാം. ചെറിയ വിജയങ്ങൾ പോലും വലിയ മാറ്റങ്ങളിലേക്കുള്ള ആദ്യ ചുവടുകളാകാം.
2. മനസ്സിലുള്ളത് മൂന്ന് വരികളിൽ കുറിക്കാം
സന്തോഷവും സങ്കടവും ആശങ്കകളും പ്രതീക്ഷകളുമെല്ലാം നിറഞ്ഞതാണ് ഓരോ ദിവസവും. എന്നാൽ തിരക്കിനിടയിൽ സ്വന്തം മനസ്സിനെ ശ്രദ്ധിക്കാൻ നാം പലപ്പോഴും മറന്നുപോകുന്നു. ഇതിനൊരു ലളിതമായ മാർഗമാണ് ദിവസവും കുറച്ചുസമയം ഡയറി എഴുതുന്നത്. പേജുകളോളം എഴുതേണ്ടതില്ല; മനസ്സിലുള്ള കാര്യങ്ങൾ മൂന്ന് വരികളിൽ കുറിച്ചാൽ മതി. ഇന്ന് സന്തോഷം നൽകിയ കാര്യം എന്താണ്? എന്താണ് വിഷമിപ്പിച്ചത്? നാളെ എന്താണ് മെച്ചപ്പെടുത്താൻ കഴിയുക? ഇങ്ങനെ എഴുതുന്നത് സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും ചിന്തകൾക്ക് വ്യക്തത വരുത്താനും സഹായിക്കും. ചിലപ്പോൾ മനസ്സിലുള്ളത് കടലാസിലേക്ക് പകർത്തുന്നതുതന്നെ വലിയ ആശ്വാസമായി മാറും. സ്വന്തം മനസ്സിനെ കൂടുതൽ അടുത്തറിയാനുള്ള ഒരു ചെറിയ അവസരമാണിത്.
3. ഒരു ഗ്ലാസ് വെള്ളത്തോടെ ദിവസം തുടങ്ങാം
രാവിലെ ഉണർന്നയുടൻ കാപ്പിയോ ചായയോ കുടിക്കുന്നതാണ് പലരുടെയും ശീലം. അതിനുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിച്ചാലോ? ഉറക്കത്തിനുശേഷം ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാൻ ഇത് സഹായിക്കും. ആരോഗ്യത്തിനായി വലിയ മാറ്റങ്ങൾ വരുത്താൻ കഴിയാത്ത ദിവസങ്ങളിലും ഇത്തരം ചെറിയ ശീലങ്ങൾ നമുക്ക് പിന്തുടരാനാകും. സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് വേണ്ട പരിഗണന നൽകുകയും ചെയ്യുന്നത് നല്ല ജീവിതശൈലിയുടെ ഭാഗമാണ്. ആരോഗ്യസംരക്ഷണം വലിയ തീരുമാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല; ഓരോ ദിവസവും നാം ചെയ്യുന്ന ചെറിയ കാര്യങ്ങളിലും അതിന് സ്ഥാനമുണ്ട്.
4. ചെറിയ ജോലികൾ അപ്പോൾത്തന്നെ ചെയ്തുതീർക്കാം
ചെയ്തുതീർക്കാൻ അധികസമയമൊന്നും വേണ്ടാത്ത പല കാര്യങ്ങളും നാം മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കാറുണ്ട്. ഉപയോഗിച്ച കപ്പ് കഴുകിവയ്ക്കുക, വസ്ത്രങ്ങൾ മടക്കിവയ്ക്കുക, ഒരു സന്ദേശത്തിന് മറുപടി നൽകുക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം ചെറിയ ജോലികൾ മാറ്റിവയ്ക്കുമ്പോൾ അവ ഒന്നിച്ചുകൂടി വലിയ ഭാരമായി മാറും. രണ്ടുമിനിറ്റിനുള്ളിൽ ചെയ്തുതീർക്കാവുന്ന കാര്യങ്ങൾ അപ്പോൾത്തന്നെ പൂർത്തിയാക്കുക എന്ന ശീലം ഈ പ്രശ്നം കുറയ്ക്കും. ചെയ്യാനുള്ള കാര്യങ്ങൾ കുന്നുകൂടുമ്പോഴുണ്ടാകുന്ന ആശങ്കയും തിരക്കും ഒഴിവാക്കാനും ഇത് സഹായിക്കും. എല്ലാം ഒരുമിച്ച് ചെയ്തുതീർക്കാൻ ശ്രമിക്കുന്നതിനുപകരം, ഓരോ കാര്യവും യഥാസമയം പൂർത്തിയാക്കാൻ പഠിക്കാം. ചെറിയ ചിട്ടകൾ ജീവിതത്തിലെ വലിയ തിരക്കുകൾ കുറയ്ക്കും.
5. ഉറങ്ങുന്നതിനുമുമ്പ് ഫോണിന് വിശ്രമം നൽകാം
ഉറങ്ങാൻ കിടന്നശേഷവും ഫോണിൽ സമയം ചെലവഴിക്കുന്ന ശീലം പലർക്കുമുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് എന്നുകരുതി തുടങ്ങുന്ന ഉപയോഗം ചിലപ്പോൾ ഏറെ നേരം നീണ്ടുപോകും. ഇത് ഉറക്കത്തെ ബാധിക്കുകയും അടുത്ത ദിവസത്തെ ഉന്മേഷം കുറയ്ക്കുകയും ചെയ്തേക്കാം. അതിനാൽ ഉറങ്ങുന്നതിന് കുറച്ചുസമയം മുമ്പ് ഫോൺ മാറ്റിവയ്ക്കാം. പകരം ഒരു പുസ്തകം വായിക്കുകയോ പ്രാർഥിക്കുകയോ അന്നത്തെ നല്ല അനുഭവങ്ങൾ ഓർക്കുകയോ ചെയ്യാം. പകൽ മുഴുവൻ തിരക്കിലായിരുന്ന മനസ്സിന് വിശ്രമം നൽകാനും ശാന്തമായി ഉറക്കത്തിലേക്ക് കടക്കാനും ഈ ശീലം സഹായിക്കും. നല്ല ഉറക്കം അടുത്ത ദിവസം കൂടുതൽ ഉന്മേഷത്തോടെ തുടങ്ങാനുള്ള വഴിയുമാണ്. ദിവസാവസാനത്തിലെ ഈ ചെറിയ മാറ്റം നമ്മുടെ രാത്രികളെ കൂടുതൽ ശാന്തമാക്കും.
നല്ലൊരു ജീവിതം ആഗ്രഹിക്കുന്നവർ ആദ്യം മാറ്റം വരുത്തേണ്ടത് സ്വന്തം ദിനചര്യയിലെ ചെറിയ കാര്യങ്ങളിലായിരിക്കാം. ഒരേസമയം പല ശീലങ്ങളും തുടങ്ങാൻ ശ്രമിച്ച് പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനുപകരം, ആദ്യം ഒരെണ്ണം തിരഞ്ഞെടുക്കുക. അത് പതിവായിക്കഴിഞ്ഞാൽ അടുത്ത ശീലവും ജീവിതത്തിന്റെ ഭാഗമാക്കാം. മാറ്റങ്ങൾ പതുക്കെയായിരിക്കാം; എന്നാൽ സ്ഥിരമായി തുടരുന്ന ചെറിയ ശ്രമങ്ങൾ കാലക്രമേണ വലിയ ഫലങ്ങൾ നൽകും.
നല്ലൊരു ജീവിതം ഒരുദിവസംകൊണ്ട് കെട്ടിപ്പടുക്കുന്നതല്ല. ഓരോ ദിവസവും നാം ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങളിലൂടെയാണ് അത് രൂപപ്പെടുന്നത്. ഇന്ന് കിടക്ക ഒതുക്കിവയ്ക്കുന്നതും മനസ്സിലുള്ളത് കുറിച്ചുവയ്ക്കുന്നതും ആരോഗ്യത്തിന് അൽപസമയം മാറ്റിവയ്ക്കുന്നതുമെല്ലാം നാളെയുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്ന ചുവടുകളാണ്. മികച്ചൊരു നാളെയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാതെ, അതിനായുള്ള ആദ്യ ചുവട് ഇന്ന് തന്നെ വയ്ക്കാം. കാരണം, ചെറിയ ശീലങ്ങളാണ് പലപ്പോഴും വലിയ മാറ്റങ്ങളുടെ തുടക്കം.
വിവർത്തനം: ഡിൻസി തോമസ്




