സിറിയയെ ‘ദാരിദ്ര്യ ബോംബ്’ ബാധിച്ചതായി അപ്പോസ്തോലിക സ്ഥാനപതി

10 വർഷത്തോളം നീണ്ട യുദ്ധത്തിനുശേഷം ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയും സിറിയയ്ക്ക് ഏൽപ്പിച്ചത് കനത്ത പ്രഹരമാണ്. രാജ്യത്തെ ജനതയെ ‘ദാരിദ്ര്യ ബോംബ്’ ബാധിച്ചിട്ടുണ്ടെന്ന് സിറിയയിലെ അപ്പോസ്തോലിക സ്ഥാനപതി കർദ്ദിനാൾ മരിയോ സെനാരി പറഞ്ഞു.

“വിവിധ തരത്തിലുള്ള ആയുധങ്ങൾ, ക്ലസ്റ്റർ ബോംബുകൾ, ബാരൽ ബോംബുകൾ, പല സ്ഥലങ്ങളിലായി വിക്ഷേപിച്ച മിസൈലുകൾ എന്നിവ മൂലം നിരവധി സിറിയക്കാർ മരിച്ചിട്ടുണ്ട്. മുമ്പ് ഇത്തരം ബോംബുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ ഇവരുടെ ഇടയിലുള്ളത് ‘ദാരിദ്ര്യ ബോംബ്’ ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഈ ബോംബ് 80 % ത്തിലധികം ആളുകളെ ബാധിക്കുന്നു. എല്ലാറ്റിനുമുപരിയായി പട്ടിണി, കുട്ടികളുടെ പോഷകാഹാരക്കുറവ് എന്നിവയുടെ ഫലങ്ങൾ വളരെ ഗുരുതരമാണ്” – കർദ്ദിനാൾ സെനാരി സെപ്റ്റംബർ 18-ന് ഒസ്സെർവത്താരോ റൊമാനോയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറഞ്ഞു.

9.3 ദശലക്ഷം സിറിയക്കാർ ഭക്ഷ്യസുരക്ഷിതരല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക അസ്ഥിരത മൂലം ഭക്ഷ്യച്ചെലവ് വർദ്ധിച്ചതിനാൽ 2020-ന്റെ തുടക്കം മുതൽ 1.4 ദശലക്ഷം ആളുകൾ പട്ടിണിയിലാണ്. സിറിയയിലെ 45 % ബിസിനസ് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി, 25 % സ്ഥാപനങ്ങൾ വളരെ താഴ്ന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. 15 % സ്ഥിരമായി അടച്ചിരിക്കുന്നു.

സമീപകാല സംഭവങ്ങൾ സിറിയയിലെ മനുഷ്യരുടെ സ്ഥിതി കൂടുതൽ വഷളാക്കി. അയൽരാജ്യമായ ലെബനന്റെ സാമ്പത്തികപ്രതിസന്ധി സിറിയയെയും സാരമായി ബാധിച്ചു. കൊറോണ വൈറസിന്റെ വ്യാപനം സിറിയയിലെ സ്ഥിതി അതിരൂക്ഷമാക്കി. സിറിയയിലെ യുദ്ധം പകുതിയോളം ആശുപത്രികൾ നശിക്കുന്നതിനു കാരണമായി – കർദ്ദിനാൾ പറയുന്നു.

നിർഭാഗ്യവശാൽ, സിറിയയിൽ വിവിധ ആളുകളുടെ ഹൃദയത്തിൽ മരിക്കുന്നത് പ്രതീക്ഷയാണ്. പത്ത് വർഷത്തെ യുദ്ധത്തിനുശേഷം സാമ്പത്തിക വീണ്ടെടുക്കലും പുനർനിർമ്മാണവും കാണാതെ നിരവധി ആളുകളുടെ പ്രതീക്ഷ നഷ്ടപ്പെടുന്നു. സിറിയയുടെ പുനർനിർമ്മാണത്തിന് 400 ബില്യൺ ഡോളർ വേണ്ടിവരുമെന്ന് കർദ്ദിനാൾ സെനാരി വെളിപ്പെടുത്തി. സിറിയക്കാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും യുദ്ധത്താൽ നശിപ്പിക്കപ്പെട്ട രാജ്യത്തിന്റെ പുനർനിർമ്മാണത്തിനുള്ള സഹായവുമാണ് സഭയുടെ ചുമതല. ശബ്‌ദമില്ലാത്തവരുടെ ശബ്ദമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സഭ ഇവിടെ കഷ്ടപ്പെടുന്ന ജനങ്ങളുടെ പക്ഷത്താണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.