സീറോ മലങ്കര ജൂൺ 01 ലൂക്കാ 4: 38-41 യേശു പത്രോസിന്റെ ഭവനത്തിൽ

യേശു കഫർണാമിൽ പ്രസംഗിക്കുകയും അവിടെയുണ്ടായിരുന്ന അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ സുഖപ്പെടുത്തുകയും ചെയ്തതിനുശേഷം സിനഗോഗിന്റെ സമീപത്തുള്ള പത്രോസിന്റെ ഭവനത്തിലെത്തുന്നു. ആദ്യസ്ഥലത്ത് നന്മകൾ ചെയ്തിട്ടും അവഗണയും, രണ്ടാമത്തെ സ്ഥലത്ത് സ്നേഹവും അംഗീകാരവും അത്ഭുതത്തിനു കാരണവുമാവുന്നു. ശിഷ്യന്മാരുടെ ജീവിതത്തിലും ഇതുതന്നെ പിന്നീട് സംഭവിക്കുന്നുണ്ട്. പൗലോസ് ശ്ലീഹ കോറിന്തോസിലെ സിനഗോഗിൽ പ്രസംഗിക്കുമ്പോൾ എതിർപ്പിനെ നേരിടുകയും എന്നാൽ, അതിനുശേഷം വിശ്വാസികളുടെ ഭവനത്തിൽവച്ച് അംഗീകരിക്കപ്പെടുകയും ചെയ്യുന്നു (അപ്പ. 18:7-8). അപ്പൊസ്തൊലന്മാരുടെ കുടുംബത്തെക്കുറിച്ച് വിരളമായ അറിവേ സുവിശേഷത്തിൽ നിന്നും നമുക്ക് ലഭിക്കുന്നുള്ളൂ. ഒരുപക്ഷേ, പത്രോസിന്റെ അമ്മായിയമ്മ വിധവയായതിനാൽ ഇവിടെ താമസിക്കുകയോ അതുമല്ലെങ്കിൽ സന്ദർശനത്തിനു വന്നതോ ആകാം. ഇപ്പോൾ ദൈവത്തിന്റ അനുഗ്രഹത്തിനും ക്രിസ്തീയചരിത്രത്തിൽ ഒരു നിത്യസ്ഥാനത്തിനും അവൾ അർഹയാകുന്നു. യേശുവിന്റെ ദൈവീക അധികാരത്തിന്റെ തെളിവാണ് നേരത്തെ പിശാചിനെ ശാസിച്ചതുപോലെ  ഇവിടെ രോഗത്തെയും ശാസിക്കുന്നത്.

മിശിയായുടെ വരവിന്റെ അടയാളമായി അല്പം മുമ്പ് സിനഗോഗിൽ പറഞ്ഞ “ബന്ധിതർക്ക് മോചനം” ഇവിടെ സംഭവിക്കുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ സൗഖ്യവും ദൈവം ഏതെങ്കിലുമൊരു ബന്ധനത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതാണ്. അവിടെയുണ്ടായിരുന്നവരുടെ അപേക്ഷയ്ക്കുള്ള ഉത്തരമായിട്ടാണ് യേശു ഈ സൗഖ്യം പ്രവർത്തിക്കുന്നതും. അനുഗ്രഹം ലഭിച്ചതിനുശേഷം അവൾ എന്ത്ചെയ്തു എന്നതും പ്രസക്തമാണ്. സിനഗോഗിൽ ആളുകൾ രോഗസൗഖ്യത്തിനുശേഷം അത്ഭുതത്തോടെ നോക്കിനിൽക്കുമ്പോൾ, പത്രോസിന്റെ അമ്മായിയമ്മ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നു. ഇത് സുവിശേഷകൻ എടുത്തുപറയുന്നതിന്റെ കാരണം, മറ്റുള്ളവർ ഇവളെ മാതൃകയാക്കുന്നതിനു വേണ്ടിയാണ്.

യേശുവിന്റെ പ്രശസ്തി അതിവേഗം വ്യാപിക്കുകയും അനേകർ അവിടുത്തെ സമീപത്തേയ്ക്ക് രോഗസൗഖ്യത്തിനായി എത്തുകയും ചെയ്യുന്നു. അവിടുന്ന് തന്റെ കരം നീട്ടി അവരെ അനുഗ്രഹിച്ചു സുഖപ്പെടുത്തുന്നത്, സ്വർഗ്ഗത്തിലെ ദൈവം തന്റെ പുനർസൃഷ്ടി യേശുവിലൂടെ തുടരുന്നു എന്നതിന്റെ അടയാളമാണ്. ഇത് ക്രിസ്തുശിഷ്യരിലൂടെയും സഭയിലൂടെയും തുടരേണ്ടുന്ന കർമ്മമാണ്‌. യേശുവിന്റെ അധികാരത്തെ അംഗീകരിച്ച് പിശാചുക്കൾ പുറത്തുപോകുന്നത് മിശിഹായുടെ വരവിൽ സംഭവിക്കുന്ന കാര്യമാണ്‌. ഈ അത്ഭുതം വെറുമൊരു തുടക്കം മാത്രമാണ്… യേശുവിന്റെ വലിയ അത്ഭുതങ്ങൾക്ക് ഈ പ്രദേശം തന്നെ പല പ്രാവശ്യം പിന്നീട് വേദിയാവുന്നുണ്ട്. യേശുവിന്റെ സന്നിധിയിൽ നിന്ന് എന്നും അനുഗ്രഹം വാങ്ങുന്നവരായി നമുക്കും മാറാം (കൂടുതൽ വിശദീകരണത്തിന് ഫെബ്രുവരി 10-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.