സീറോ മലബാര്‍ ഉയിര്‍പ്പ് ഒന്നാം ശനി ഏപ്രില്‍ 10 മര്‍ക്കോ. 16: 1-8 ഈശോയുടെ പുനരുത്ഥാനം

മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും – ഈ മൂന്ന് സ്ത്രീകളോടാണ് വെള്ളവസ്ത്രം ധരിച്ച യുവാവ്, ഈശോ ഉയിര്‍ത്തെഴുന്നേറ്റ വിവരം അറിയിക്കുന്നത്. പത്രോസിനെയും മറ്റു ശിഷ്യന്മാരെയും ഇക്കാര്യം അറിയിക്കാന്‍ അവരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, ഭയപ്പെടുകയും ആശ്ചര്യപ്പെടുകയും ചെയ്ത അവര്‍ ആരോടും ഒന്നും പറയുന്നില്ല. ഭയം അവരെ കീഴടക്കിയിരുന്നു.

ഏറ്റവും നല്ല വാര്‍ത്ത അറിഞ്ഞ അവര്‍ ഭയപ്പെടുകയാണ്. ‘അത്ഭുതപ്പെടേണ്ട’ എന്ന് ദൂതന്‍ അവരോട് പറഞ്ഞിരുന്നതാണ് (6). ‘യേശു ജനിച്ചു’ എന്നറിയിച്ചുകൊണ്ട് ഇടയന്മാര്‍ക്കു മുമ്പില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആദ്യം പറഞ്ഞത് ‘ഭയപ്പെടേണ്ട’ (ലൂക്കാ 1:10) എന്നാണ്.

സദ്‌വാര്‍ത്തകള്‍ക്ക് – ഈശോയെ അറിയിക്കേണ്ട ദൗത്യത്തിനു മുമ്പില്‍ ഭയപ്പെട്ടു നില്‍ക്കുന്നവരാണോ നാം എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. ‘ഈശോ ഉയിര്‍ത്തെഴുന്നേറ്റു’ എന്ന വാര്‍ത്ത മറ്റുള്ളവരെ അറിയിക്കാന്‍ ഭയന്നുനില്‍ക്കുന്ന സ്ത്രീകളെപ്പോലെയാണോ നമ്മള്‍ അനുദിനജീവിതത്തില്‍ എന്ന് കണ്ടുപിടിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS