സീറോ മലബാര്‍ നോമ്പുകാലം ആറാം തിങ്കള്‍ മാര്‍ച്ച്‌ 30 യോഹ. 12: 44-50 ലോകത്തിന്റെ വെളിച്ചം

വിശ്വാസത്തിന്റെ പ്രകാശത്തിൽ കാലിടറാതെ നടന്നുകൊണ്ട് ദൈവരാജ്യത്തിൽ പ്രവേശിക്കുവിൻ എന്ന ആഹ്വാനമാണ് ഇന്നത്തെ വചനഭാഗം നമുക്കു നൽകുന്നത്. ഈശോയിൽ വിശ്വസിക്കുന്നവൻ അവനെ അയച്ച പിതാവിലാണ് വിശ്വസിക്കുന്നത്. നമ്മെ പ്രകാശിപ്പിക്കുവാൻ വെളിച്ചമായി മിശിഹാ ഈ ലോകത്തിലേയ്ക്കു വന്നു. അവന്റെ വചനങ്ങളനുസരിച്ചു ജീവിക്കുകയാണ് നിത്യജീവൻ കരസ്ഥമാക്കാനുള്ള ഏകമാർഗ്ഗം.

ഈ ലോകത്തിൽ നിത്യസൗഭാഗ്യത്തിനായി പ്രയത്നിക്കുന്ന നമുക്ക് ശരിയായ വഴികാട്ടിയായി ഈശോ മാറി. പിതാവിന്റെ ഇഷ്ടം മാത്രം ജീവിതത്തിൽ നിറവേറ്റിക്കൊണ്ട് കാൽവരിയിൽ നമുക്കായി മരിച്ചവൻ നമുക്ക് മാതൃകയായി. അവന്റെ അനുയായികളായ നാം നമ്മുടെ ജീവിതത്തിലും പിതാവിന്റെ ഇഷ്ടം നിറവേറ്റി അപരനുവേണ്ടി സഹനങ്ങൾ ഏറ്റെടുക്കുവാൻ തയ്യാറാകണം. അപ്പോൾ നാം പ്രകാശത്തിന്റെ മക്കളാകും.

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോൾ ഉറ്റവരും ഉടയവരുമില്ലാതെ ഈ ലോകത്തു നിന്നു വിടവാങ്ങിയ എല്ലാ ആത്മാക്കൾക്കുവേണ്ടിയും നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം. നമ്മുടെ വിലയേറിയ സമയം പ്രാർത്ഥനയുടെ രൂപത്തിൽ ആരോരുമില്ലാത്തവർക്കുവേണ്ടി നൽകുവാനും അപരന്റെ ഹൃദയവേദനയിൽ അവന് സഹായമാകുവാനും നമുക്കാവണം. അപ്പോൾ നാം പ്രകാശത്തിന്റെ മക്കളാകും. മിശിഹായുടെ പ്രകാശം, നിരാശയുടെ അന്ധകാരത്തിൽ കഴിയുന്ന അനേകായിരങ്ങൾക്ക് നമ്മുടെ പ്രാർത്ഥനകളും പരിത്യാഗങ്ങളും വഴിയായി പകർന്നുകൊടുക്കാം. അങ്ങനെ പിതാവിന്റെ കല്പനയനുസരിച്ചു ജീവിക്കുന്ന യഥാർത്ഥ മക്കളാവാം. അവസാന വിധിദിവസത്തിൽ കർത്താവിന്റെ മുമ്പിൽ നാം നിൽക്കുമ്പോൾ സ്വർഗ്ഗരാജ്യം നമുക്കായി ലഭിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ