വചനജീവിതം സീറോ മലബാര്‍ ജനുവരി 09 യോഹ:2:13-17

ഓരോ ദിവസവും, നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. സാമ്പത്തിക നേട്ടങ്ങള്‍, പ്രതീക്ഷിക്കാത്ത ചില സഹായങ്ങള്‍, ചില വലിയ വിജയങ്ങള്‍, പുതിയ സൗഹൃദങ്ങള്‍, ചില സൗഖ്യങ്ങള്‍ എന്നിങ്ങനെ… ദൈവത്തിന് സ്തുതി. എന്നാല്‍, ഇത്തരം സന്തോഷാനുഭവങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് എന്ത് തീക്ഷ്ണതകളിലേയ്ക്കാണ്? ഞാന്‍ കൊണ്ടുനടക്കുന്ന തീക്ഷ്ണമായ ഇഷ്ടാനിഷ്ടങ്ങളുടെ ലോകത്ത് എന്‍റെ തമ്പുരാന് എന്ത് സ്ഥാനം?

അവനെക്കുറിച്ചുള്ള തീക്ഷ്ണത എന്നിലുണ്ടെങ്കില്‍, ഞാനറിയാതെ എന്‍റെ പാദങ്ങള്‍ ദേവാലയത്തെ ലക്ഷ്യമാക്കി നീങ്ങും. എന്‍റെ നാവ് യേശുനാമം ഉരുവിടുന്നതില്‍, യേശുവിഷയങ്ങള്‍ സംസാരിക്കുന്നതില്‍ ലജ്ജിക്കുകയില്ല. യേശുചൈതന്യം നന്മയായി, സഹായമായി ആവശ്യക്കാരിലേയ്ക്ക് പങ്കുവയ്ക്കുന്നതിന് എന്‍റെ കരങ്ങള്‍ മടി വിചാരിക്കുകയില്ല. അതുതന്നെ എന്നിലെ ശരിയായ തീക്ഷ്ണതയെ തിരിച്ചറിയുവാനുള്ള എളുപ്പക്രിയ.

അരുതാത്ത തീക്ഷ്ണതകള്‍ ബന്ധങ്ങളില്‍ അകലങ്ങള്‍ സൃഷ്ടിക്കും. അടുപ്പങ്ങള്‍ മാറി അകലങ്ങള്‍ ചില ബന്ധങ്ങളെ ഗ്രസിക്കുന്നത് ശ്രദ്ധിച്ചിരിക്കും. ബന്ധങ്ങളിലെ സംശുദ്ധത മങ്ങി സാമ്പത്തിക നേട്ടമോ മറ്റു സഹായനന്മകളോ ലഭിക്കാനുള്ള വഴിയായി മാത്രം ബന്ധങ്ങളെ അളന്നു തുടങ്ങുന്നിടത്ത് അകലങ്ങള്‍ ഉടലെടുക്കും.

ചാട്ട വീശി അകറ്റേണ്ട എന്നിലെ സ്വാര്‍ത്ഥ-സ്വഭാവ പ്രത്യേകതകള്‍ നിശ്ചയമായും മറ്റുള്ളവരെ എന്നില്‍ നിന്നുമകറ്റും. അടിച്ചു പുറത്താക്കേണ്ടതായ എന്നിലെ അധീശത്വഭാവം എന്‍റെ സമൂഹത്തെയും സുഹൃത്തുക്കളെയും എന്നില്‍ നിന്നുമകറ്റും. ചിതറിച്ചു കളയേണ്ടതായ എന്നിലെ ഞാനെന്ന ഭാവം/എന്‍റെ ജോലിയെക്കുറിച്ചുള്ള അഹന്ത/എന്‍റെ കുടുംബമഹിമയെക്കുറിച്ചുള്ള അമിതാഭിമാനം/എന്‍റെ കഴിവ് സാമര്‍ത്ഥ്യം എന്നിവയെക്കുറിച്ചുള്ള അതിവിചാരം എന്നിവയെല്ലാം നല്ല ബന്ധങ്ങള്‍ പുറത്താക്കപ്പെടാന്‍ കാരണമാകും.

ഞാന്‍ വളര്‍ത്തിയെടുക്കുന്ന തീക്ഷ്ണതയില്‍ തമ്പുരാനും പങ്കുണ്ടായിരിക്കട്ടെ.. അവനെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങുമെങ്കില്‍, ഞാന്‍ ചരിക്കുന്ന ഇടം ശുദ്ധമാക്കപ്പെടുന്നതിന് എന്‍റെ ജീവിതം കാരണമാകും. മറിച്ചായാല്‍..!

ഫാ. ജിയോ കണ്ണംകുളം CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.