ഞായര്‍ പ്രസംഗം 2 മംഗളവാര്‍ത്താക്കാലം 4-ാം ഞായര്‍ ഡിസംബര്‍ 22 മത്തായി 1:18-23 ജോസഫ് നീതിമാനായിരുന്നു

മംഗളവാര്‍ത്തയിലെ നാലാം ഞായറാഴ്ച ദൈവപുത്രന്റെ ജനനത്തേയും അതിന് വഴിയൊരുക്കിയവരേയും നാം ധ്യാനവിഷയമാക്കുന്നു. ദിവ്യശിശുവിനെ ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി സ്വീകരിക്കാനായി നോമ്പു നോക്കിയും പുണ്യപ്രവൃത്തികള്‍ ചെയ്തും കാത്തിരിക്കുന്ന ഓരോരുത്തരുടെയും ധ്യാനവിചിന്തിനത്തിനായി സഭാ മാതാവ് നല്‍കിയിരിക്കുന്ന വചനഭാഗം വി. മത്തായി 1:18-25 വരെയുള്ള വാക്യങ്ങളാണ്. യേശുവിന്റെ ജനനം ആകസ്മികമായ ഒരു സംഭവമല്ല; ദൈവത്തിന്റെ മാത്രം പ്രവര്‍ത്തനവുമല്ല. അത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും മനുഷ്യ സഹകരണത്തിന്റെ ഉദാത്ത മാതൃകയുമാണ്. ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തിത്വം ഒരു ജീവചരിത്രം പോലും ഭൂമിയില്‍ സ്വന്തമായി അവകാശപ്പെടാനില്ലാത്ത കര്‍മ്മനിരതനായ വി. യൗസേപ്പിതാവിന്റേതാണ്. നിശബ്ദനായി തന്റെ ദൗത്യം നിര്‍വ്വഹിച്ച് യൗസേപ്പ് തിരശീലക്കു പിന്നില്‍ മറയുന്നു.

സുവിശേഷത്തില്‍ ‘നീതിമാന്‍’ എന്ന വിശേഷണം നല്‍കപ്പെട്ടിരിക്കുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. നീതിമാന്‍ എന്ന പദത്തിന് വി. ഗ്രന്ഥത്തില്‍ വളരെ ആഴമേറിയ അര്‍ത്ഥമുണ്ട്. വി. ഗ്രന്ഥത്തില്‍ നീതിമാന്‍ എന്ന പദത്തിന് നല്‍കുന്ന നിര്‍വ്വചനമാണ് 15-ാം സങ്കീര്‍ത്തനം. ഇവിടെ 11 ഗുണവിശേഷങ്ങള്‍ നീതിമാന് ചാര്‍ത്തിക്കൊടുക്കുന്നു. കറ കൂടാതെ ജീവിക്കുന്നവന്‍ എന്നു തുടങ്ങി, പതിനൊന്നു നന്മകള്‍ ഒത്തിണങ്ങുന്നവനാണ് നീതിമാന്‍. യൗസേപ്പിതാവിനെ നീതിമാന്‍ എന്ന് സുവിശേഷകന്‍ വിശേഷിപ്പിച്ചെങ്കില്‍ അത് വെറുമൊരു ഭംഗിവാക്കല്ല. എന്നാല്‍ ഈ നീതിയുടെ വീക്ഷണം പലപ്പോഴും നമുക്ക് അഗ്രാഹ്യമാണ്. Who is a gentle man? എന്ന ചോദ്യത്തിന് മനഃശാസ്ത്രലോകം നല്‍കുന്ന ഉത്തരം. One who doesnot inflict pain on others എന്നാണ്.

നിയമത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രം ഒതുക്കി നിറുത്തിക്കൊണ്ട് യൗസേപ്പ് എന്ന നീതിമാനെ നിര്‍വ്വചിക്കാന്‍ നമുക്ക് സാധിക്കുകയില്ല. നിയമം അനുസരിക്കുന്നവന്‍ നീതിമാനാണെങ്കില്‍ യൗസേപ്പ് നീതിമാനേ ആകുമായിരുന്നില്ല. യഹൂദമത പാരമ്പര്യത്തിലെന്നല്ല എല്ലാ ലോകമതങ്ങളിലും അവിവാഹിതയായ ഒരു സ്ത്രീ ഗര്‍ഭവതിയാകുക എന്നത് കഠിനമായ ഒരു തെറ്റ് തന്നെയാണ്. യഹൂദ നിയമപ്രകാരം (നിയമ. 22:23-24) കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവളാണ് അത്തരത്തിലുള്ളവള്‍.

യൗസേപ്പിതാവിന്റെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകള്‍ ഒരു പക്ഷേ നാമോരുത്തരിലൂടെയും കടന്നുപോയാല്‍, നാം എടുക്കുന്ന തീരുമാനത്തില്‍ തെറ്റു സംഭവിക്കാം. മറിയം നേരിടുന്ന അപമാനം നാടുമുഴുവന്‍ വഴിപിഴച്ചവള്‍ എന്ന മുദ്രകുത്തപ്പെടലാണ്. ഒരു പക്ഷെ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ടുവെന്നും വരാം. മറിയം വഴി കുടുംബത്തിന്റെ സല്‍പേര് നശിക്കും. യൗസേപ്പ് ഒരു ഉത്തമ യഹൂദനെന്ന പേര് നേടിയെടുക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍ മിശിഹാ ചരിത്രം മറ്റൊരു തരത്തിലായേനെ… ഇനി യൗസേപ്പ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാടുവിട്ടാല്‍ മറിയത്തെ ചതിച്ച് നാടുവിട്ടവനെന്ന ദുഷ്‌പേരും സ്വന്തമാകുമായിരുന്നു. അതോടൊപ്പം കുഞ്ഞിന്റെ പിതൃത്വവും യൗസേപ്പിന്റെ പേരിലാവും. ഇത് യൗസേപ്പിന്റെ കുടംബ മഹിമയെ പ്രതികൂലമായി ബാധിക്കും.

യൗസേപ്പിതാവ് കടന്നു പോകുന്ന ജീവിതവഴികള്‍ ദുര്‍ഘടങ്ങളാണ്. മറിയത്തിലര്‍പ്പിച്ച വിശ്വാസം തകര്‍ക്കപ്പെട്ടുവെന്ന് തോന്നിയ നിമിഷങ്ങള്‍. നിയമകാര്‍ക്കശ്യത്തിന്റെയും ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെയും മദ്ധ്യേ അകപ്പെട്ടതിന്റെ നൊമ്പരം. എന്നാല്‍ ഇവയുടെ കെട്ടുകള്‍ പൊട്ടിച്ച് യൗസേപ്പിതാവ് പുറത്തു വന്നതാകട്ടെ ദൈവത്തോട് ചേര്‍ന്നുനിന്നുകൊണ്ട് തീരുമാനം എടുത്തപ്പോഴാണ്. ദൈവത്തോടു ചേര്‍ന്നു ചിന്തിക്കുമ്പോഴാണ് മാനുഷികനീതിയെ അതിശയിക്കുന്ന ദൈവനീതിയുടെ തലത്തിലേക്ക് ഉയരാനാവുക. കല്ലെറിഞ്ഞു കൊല്ലേണ്ടവളല്ല, കാത്തു സംരക്ഷിക്കപ്പെടേണ്ടവളാണ് മറിയം എന്ന കാഴ്ചപ്പാട് ദൈവഹിതം ഉള്‍ക്കൊള്ളുന്ന യൗസേപ്പിതാവിന്റെ നീതിബോധത്തിന്റെ നേര്‍സാക്ഷ്യമാണ്.

ദൈവദൂതന്‍ യൗസേപ്പിതാവിനെ ‘ദാവീദിന്റെ പുത്രനായ ജോസഫ്’ എന്നാണ് സംബോധന ചെയ്യുന്നത്. രക്ഷകനെക്കുറിച്ചുള്ള പഴയനിയമ പ്രതീക്ഷകളുടെ മുഴുവന്‍ ഭാരവും പേറുന്ന പദമാണത്. എന്നാല്‍ ദൈവത്തിന്റെ കരം പിടിച്ചുകൊണ്ട് തീരുമാനം എടുത്തപ്പോള്‍ അത് ദൈവീകപദ്ധതിയോട് ചേര്‍ന്നു പോകുന്നതായി. യൗസേപ്പിതാവിന്റെ നീതിബോധം പഴയനിയമചിന്തകള്‍ പൊളിച്ചെഴുതുന്ന യേശുവിന്റെ മുന്‍ഗാമിയായിപ്പോലും അദ്ദേഹത്തെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ആധുനിക മനുഷ്യന്റെ പ്രതിനിധിയാണ് വി.യൗസേപ്പ്. കരകാണാകയത്തില്‍പ്പെട്ടതുപോലെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോള്‍, മാനസിക സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ ഒറ്റക്കാണെന്ന തോന്നലുണ്ടാവുമ്പോള്‍, സങ്കീര്‍ത്തനം 91:15 പറയുന്നതുപോലെ ‘വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരം നല്‍കുന്ന ഒരു ദൈവസാന്നിധ്യം’ അനുഭവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവീക പദ്ധതിയോട് ചേര്‍ന്നുനിന്നുകൊണ്ട്, ജീവിതവഴിയാത്രയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, നാമോരോരുത്തരും യൗസേപ്പിതാവിനെപ്പോലെ ഒരു നീതിമാനായി മാറുന്നു.

ദൈവം മനുഷ്യനായി അവതരിച്ചപ്പോള്‍, മനുഷ്യന്‍ ദൈവത്തോളം ഉയര്‍ത്തപ്പെട്ടു. കാരണം, മനുഷ്യന്‍ ദൈവത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ യോഗ്യനാക്കപ്പെട്ടു. യേശുവിന്റെ ജനനം ദൈവത്തോടുള്ള യൗസേപ്പിതാവിന്റെ സഹകരണത്തിന്റെയും കഥയാണ്. ദൈവത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ് മനുഷ്യന്‍ എന്ന തിരിച്ചറിവിലേക്ക് ഇത് നമ്മെ നയിക്കുന്നു.

നീതിമാനായ യൗസേപ്പിതാവ് നീതിമാനായത് ദൈവത്തോടൊപ്പം നടന്നതുകൊണ്ടാണ്. ദൈവപുത്രന്റെ ജനനത്തിന് ഇത് ആവശ്യമായിരുന്നു. ദൈവത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അനുഭവമാണ് ഓരോ വി.കുര്‍ബ്ബാനയും പങ്കുവയ്ക്കുന്നത്. ദിവ്യശിശുവിന്റെ ജനനത്തിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളില്‍, നമ്മിലൂടെ ലോകത്തില്‍ അവതരിക്കാന്‍ ആഗ്രഹിക്കുന്ന ദൈവത്തിന് ആ സാധ്യത സാക്ഷാത്കരിക്കാന്‍ നമ്മുടെ ജീവിതം നിമിത്തമാകട്ടെ!… ആ കൃപാവരത്തിനായി ഈ വി. ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്രദര്‍ വിനു കെ. ജെയിംസ്