ഞായറാഴ്ച പ്രസംഗം – ഒക്‌ടോബര്‍ 08; സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുക (മത്താ 20:1-16)

ഏലിയാ സ്ലീവ മൂശക്കാലം അഞ്ചാം ഞായര്‍ മത്താ 20:1-16

ഒരിക്കല്‍ മദര്‍ തെരേസ ഇങ്ങനെയൊരു അനുഭവം വിവരിച്ചു. കുറച്ച് കാലം മുമ്പ് ഒരു സഹോദരന്‍ വളരെ വ്യസനത്തോടെ എന്നോട് പറഞ്ഞു. എന്റെ ദൈവവിളി കുഷ്ഠരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. എന്റെ ജീവിതം മുഴുവനും, എന്റെ സര്‍വ്വവും അതിനായി സമര്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.ഞാന്‍ ആ സഹോദരനോട് പറഞ്ഞു. സഹോദരാ നിനക്ക് തെറ്റി. നിന്റെ ദൈവവിളി യേശുവിന് വേണ്ടി ജീവിക്കുകയെന്നതാണ്. അവിടുന്ന് നിന്നെ അവിടുത്തേക്കായ് തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തോടുള്ള നിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ് ചെയ്യുന്ന ജോലി. അതുകൊണ്ട് നീ എന്ത് ജോലിചെയ്തു എന്നത് പ്രധാനമല്ല നീ എങ്ങനെ അത് ചെയ്യുന്നു, അതുമൂലം നീ എങ്ങനെ യേശുവിന്റേതായിരിക്കുന്നു എന്നതാണ് പ്രധാനം.

അനാദിമുതലേ നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരാന്‍ തന്റെ മുന്തിരിത്തോട്ടത്തിലേക്ക് വേലയ്ക്ക് വിളിച്ചിരിക്കുന്ന കര്‍ത്താവിനെയാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പരിചയപ്പെടുത്തിത്തരിക. അവന്റെയടുത്ത് ജോലി ചെയ്യാന്‍ വന്നവരെല്ലാവരും അവന്റെ മുമ്പില്‍ തുല്യപരിഗണനയുള്ളവരാണ്. അര്‍ഹതപ്പെട്ടതിലുമധികം വേതനം വാഗ്ദാനം ചെയ്താണ് അവന്‍ ഓരോരുത്തരേയും വേലക്ക് വിളിച്ചിരിക്കുന്നത്. വിവിധ സമയങ്ങളിലാണ് ജോലിക്കാരെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കായി വിളിക്കപ്പെടുക എന്നത് മറ്റൊരു പ്രത്യേകതയാണ്. കാരണം ആരും ഒന്നിനൊന്ന് മെച്ചപ്പെട്ട ജോലിക്കാരായതുകൊണ്ടല്ല പിന്നെയോ എല്ലാവരേയും അവന് ആവശ്യമുണ്ടായിരുന്നു എന്നതിനാലാണ്.

നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവത്തെ അറിയുന്ന നിമിഷം മുതലാണ് കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലേക്ക് വിളിക്കപ്പെട്ടതിന്റെ സമയം കണക്കാക്കാന്‍ സാധിക്കുക. വിശുദ്ധരായ മരിയഗൊരേത്തിയും, ഡൊമിനിക് സാവിയോയും, ജസീന്തയും ഒക്കെ വളരെ ചെറുപ്പത്തില്‍ തന്നെ ദൈവത്തെ അറിഞ്ഞവരായിരുന്നു. മാത്രവുമല്ല അവര്‍ ദൈവത്തിന് വേണ്ടിയും ദൈവത്തോടൊപ്പവും ജീവിച്ചവരായിരുന്നു. എന്നാല്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ ദൈവത്തെ തങ്ങളുടെ ജീവിതകാലത്തിന്റെ മദ്ധ്യത്തില്‍ തിരിച്ചറിഞ്ഞവരാണ്.

എപ്പോള്‍ ദൈവത്തെ അറിഞ്ഞു എന്നതിലല്ല, അറിഞ്ഞ ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്തി, എങ്ങനെ അവിടുത്തെ ഹിതമനുസരിച്ച് ജീവിച്ചു എന്നതാണ് പരമപ്രധാനം. ഇവരെയെല്ലാവരും തന്നെ ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കി എന്നതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ഇവരുടെയൊപ്പവും ഇവരുടെ കാലഘട്ടത്തിലും ജീവിച്ച് കടന്ന് പോയവര്‍ വളരെയേറെയുണ്ടായിരുന്നു. എങ്കിലും ദൈവത്തിന്റെ വാഗ്ദാനമായ സ്വര്‍ഗ്ഗരാജ്യം കരസ്ഥമാക്കിയവര്‍ ഇവരെപ്പോലെ ചുരുക്കം ചിലര്‍ മാത്രമായിരുന്നു. ഈ വിശുദ്ധരെപ്പോലെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുക എന്നതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം. 1 കോറി; – 9:24-ല്‍ പറയുന്നതുപോലെ ”മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടെ. ആകയാല്‍ സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.” ഈ മത്സരാര്‍ത്ഥികളുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഒന്നാം സ്ഥാനത്തെത്തുക എന്നത് അവരുടെ സ്വപ്നവും ലക്ഷ്യവുമാണ്.

ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനായിട്ട് അവര്‍ എല്ലാ കാലങ്ങളിലും തങ്ങളെത്തന്നെ ക്രമീകരിക്കുന്നു. ഒരു ദിവസം വേദപാഠക്ലാസില്‍ കുട്ടികളോട് ചോദിച്ചു. നിങ്ങള്‍ സ്വപ്നങ്ങള്‍ കാണാറുണ്ടോ? ജീവിതത്തില്‍ എവിടെ എത്തിച്ചേരണമെന്നതിനെക്കുറിച്ച് ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളൊക്കെ പറയാന്‍ തുടങ്ങി. ടീച്ചറാകണം. ഐ.എ.എസ്. ആകണം. ഡോക്ടറാകണം എന്നിങ്ങനെ തങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായി കിട്ടേണ്ടതായ സ്വപ്നങ്ങളെക്കുറിച്ച് അവര്‍ വിവരിച്ചു. അതില്‍ ആര്‍ക്കും തന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരണം സ്വര്‍ഗ്ഗം സ്വന്തമാക്കണം എന്നതിനെക്കുറിച്ച് സ്വപ്നങ്ങളില്ലായിരുന്നു. ഇതാണ് ഇന്നത്തെ തലമുറയുടെ അവസ്ഥ. ലോകത്തില്‍ എന്തായിത്തീരണം എന്നതിലൊതുങ്ങിയ സ്വപ്നങ്ങളെ കണ്ടുകൊണ്ട് ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുന്നു. ദൈവത്തേയും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന സ്വര്‍ഗ്ഗത്തേയും മാറ്റിനിറുത്തി മുന്നോട്ട് പോകുകയും ചുറ്റുപാടുകള്‍ക്കനുസരിച്ച് ജീവിതത്തെ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവിടെ മറ്റുള്ളവരുടെ നേട്ടങ്ങളിലേയ്ക്ക് നമ്മള്‍ ശ്രദ്ധതിരിക്കുന്നു.

ഈ ലോകജീവിതത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്ന സമയവും സാഹചര്യങ്ങളും കുടുംബവും ബന്ധങ്ങളുമെല്ലാം നമുക്ക് വേണ്ടി മാത്രമായുള്ള നമ്മുടെ ദൈവത്തിന്റെ കരുതലാണെന്നുള്ള തിരിച്ചറിവില്ലാത്തതാണ്, എന്നിലേക്ക് തന്നെ ഞാന്‍ നോക്കാനും എന്റെ വീഴ്ചകളും പാളിച്ചകളും കാണാതെ, മറ്റുള്ളവരില്‍ അവരുടെ അഭിവൃദ്ധിയില്‍, നേട്ടങ്ങളില്‍ അസൂയപൂണ്ട് ജീവിക്കുന്ന വ്യക്തികളായി നമ്മെ മാറ്റുന്നത്. ദൈവകൃപയായി നമുക്ക് ലഭിച്ചിരിക്കുന്ന അവസരങ്ങളെ, ദൈവഹിതത്തോട് ചേര്‍ന്ന് നിന്ന് നമ്മുടെ നന്മയ്ക്കായി മാറ്റാനുള്ള വലിയ പരിശ്രമമാണ് നമുക്കുണ്ടാകേണ്ടത്. ഉല്‍പത്തി 4:7-ല്‍ പറയുന്നതുപോലെ ”ഉചിതമായത് പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയല്ലേ? നല്ലത് ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം.” അത് നമ്മുടെ സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തെ നമ്മില്‍ നിന്ന് അകറ്റികളയുന്നു.

ഒരിക്കല്‍ ഒരു കഥ കേട്ടതിപ്രകാരമാണ്. ഒരു മനുഷ്യന്‍ കാട്ടിലുള്ള ഗുഹയില്‍ ഒരു നിധി കണ്ടെത്തുകയാണ്. ആ ഗുഹയ്ക്ക് ഒരു വാതിലുണ്ട്. അത് തുറക്കണമെങ്കില്‍ ഒരു മന്ത്രം ജപിക്കണം. അങ്ങനെ അത് തുറന്ന് കഴിഞ്ഞാല്‍ അല്‍പസമയത്തിന് ശേഷം അത് താനേ അടയും. പിന്നെ വേറെ മന്ത്രമറിയുന്ന മറ്റൊരാള്‍ക്ക് മാത്രമേ അത് തുറക്കാന്‍ കഴിയൂ. നിധി കണ്ടെത്തിയ മനുഷ്യന്റെ കൈയ്യില്‍ തന്റെ കുഞ്ഞുമുണ്ട്. അയാള്‍ മന്ത്രം ജപിച്ചപ്പോള്‍ വാതില്‍ തുറന്നു വേഗം തന്നെ തന്റെ കുഞ്ഞുമായി അയാള്‍ ഗുഹയില്‍ കടന്നു. അതിനുള്ളില്‍ ചെന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണ്ണനാണയങ്ങള്‍ കണ്ട് അയാള്‍ അന്തംവിട്ട് നിന്ന് പോയി. ഉടനെത്തന്നെ അയാള്‍ തന്റെ കുട്ടിയെ താഴെ വച്ചിട്ട് തന്റെ കൈയ്യിലുണ്ടായിരുന്ന ചാക്കുകളില്‍ ഈ സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങി നിറയ്ക്കാന്‍ തുടങ്ങി. എത്രയെടുത്തിട്ടും അയാള്‍ക്ക് മതിവരുന്നില്ല അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, സമയം കഴിയുന്നു. ഗുഹയുടെ വാതില്‍ ഉടനെ അടയും. വേഗം തന്നെ അയാള്‍ ചാക്കുകളില്‍ നിറച്ച സ്വര്‍ണ്ണനാണയങ്ങള്‍ വളരെ പ്രയാസപ്പെട്ട് ഗുഹയുടെ വാതിക്കലെത്തിച്ചു, ഉടനെ തന്നെ അവയെല്ലാം വലിച്ച് ഗുഹയുടെ പുറത്തേക്കിട്ടു. അയാള്‍ക്ക് ആശ്വാസമായി. കാരണം ഈ ജീവിതം മുഴുവന്‍ ആസ്വദിക്കാനുള്ള സമ്പത്ത് തനിക്ക് സ്വന്തമായിരിക്കുന്നു. പെട്ടെന്നാണ് അയാള്‍ക്കൊരു കാര്യം മനസ്സിലായത്. സ്വര്‍ണ്ണനാണയങ്ങള്‍ വാരിക്കൂട്ടി പുറത്തേക്ക് വരുന്ന തിടുക്കത്തില്‍ തന്റെ എല്ലാമെല്ലാമായ കുഞ്ഞിനെ അയാള്‍ ഗുഹയ്ക്കകത്ത് മറന്നുവെച്ചുവെന്ന്.

ഇതാണ് മനുഷ്യരായ നമുക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമയം പരിമിതമാണെന്നറിയാം, ആ സമയം വളരെ വിലയുള്ളതാണെന്നറിയാം എന്നാല്‍ നശ്വരമായതിനെ മാത്രം വാരിക്കൂട്ടാന്‍ വെമ്പല്‍കൊള്ളുമ്പോള്‍, വിലപ്പെട്ടത് പലതും നഷ്ടപ്പെടുത്തേണ്ടതായി വരുന്നു. കാരുണ്യവാനായ ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെ തിരഞ്ഞെടുക്കപ്പെട്ടവരാണ് എങ്കിലും അവിടുത്തെ വാഗ്ദാനം വളരെ കഷ്ടപ്പെട്ട് നേടിയെടുക്കുന്നവര്‍ വളരെ ചുരുക്കമാണ് താനും. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ ദാനമായിരിക്കുന്ന വിലപ്പെട്ട സമയത്തെ ആത്മാര്‍ത്ഥമായി വിനിയോഗിക്കണം. സ്വര്‍ഗ്ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം അതായിരിക്കട്ടെ നമ്മുടെ സ്വപ്നവും. സ്വര്‍ഗ്ഗരാജ്യത്തെ സ്വപ്നം കാണുന്നവന്, സ്വര്‍ഗ്ഗരാജ്യത്തെ പ്രതി അദ്ധ്വാനിക്കാന്‍ അവിടുന്ന് കഴിവ് നല്‍കുന്നു. അവര്‍ക്കായ് സ്വര്‍ഗ്ഗരാജ്യം സമ്മാനമായി നല്‍കപ്പെടും. അല്ലാത്തവര്‍ സമയത്തെ പഴിച്ച്, സാഹചര്യങ്ങളെപ്പഴിച്ച്, മറ്റുള്ളവരില്‍ അസൂയപൂണ്ട് ജീവിതം വ്യര്‍ത്ഥമാക്കി കളയുന്നു. എന്നും സ്വര്‍ഗ്ഗരാജ്യം അവര്‍ക്കകലെയായിരിക്കും.

ബ്ര. ജോഷി കണ്ണമ്പുഴ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.