ഞായറാഴ്ച പ്രസംഗം – ഒക്‌ടോബര്‍ 15; വിശ്വാസത്തിലൂടെ വിമോചനം (ലൂക്കാ 8:41-56)

ഏലിയാ സ്ലീവ മൂശക്കാലം ആറാം ഞായര്‍ ലൂക്കാ 8:41-56

വൈദ്യശാസ്ത്രവിദഗ്ധനായ അലക്‌സിസ് കാര്‍ലയുടെ മാനസാന്തരം ഇപ്രകാരമായിരുന്നു. തികഞ്ഞ നിരീശ്വരവാദിയായിരുന്നു അദ്ദേഹം. ലൂര്‍ദ്ദില്‍ സംഭവിക്കുന്ന രോഗസൗഖ്യങ്ങള്‍ തട്ടിപ്പാണെന്നു കരുതി അത് തെളിയിക്കാന്‍ പരീക്ഷണാര്‍ത്ഥം കടന്നുചെന്നതാണു കാര്‍ലെ. പല ഡോക്ടര്‍മാരും പരിശോധിച്ച് മരണമുറപ്പാണെന്നും സൗഖ്യം സാധ്യമല്ലെന്നും വിധിയെഴുതിയ മരിയ ഫറന്റ് എന്ന ക്ഷയരോഗിണി ലൂര്‍ദ്ദിലെത്തി. മരിയയുടെ സ്ഥിതി നന്നായി അറിയാമായിരുന്നു കാര്‍ലെക്ക്. അതിനാല്‍ അയാള്‍ അവളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. എന്നാല്‍ ദിവ്യകാരുണ്യ പ്രദക്ഷിണ സമയത്ത് അവള്‍ അത്ഭുതകരമായി സുഖമാക്കപ്പെട്ടു. കാര്‍ലെ തന്റെ അവിശ്വാസത്തെക്കുറിച്ച് ലജ്ജിച്ചു. പിന്നീട് അദ്ദേഹം ഇപ്രകാരം കുറിച്ചു. ”ഒരു മനുഷ്യന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും വലിയ ശക്തി വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണ്.”

ഇന്ന് മിഷന്‍ ഞായറായി തിരുസ്സഭ കൊണ്ടാടുമ്പോള്‍ ഇതുപോലെ വിശ്വാസത്തിലൂടെ സൗഖ്യം നേടിയെടുക്കുന്ന രണ്ട് വ്യക്തികളെയാണ് നാം കണ്ടുമുട്ടുക. സുവിശേഷ പ്രഘോഷണത്തിന്റെയും ദൗത്യനിര്‍വ്വഹണത്തിന്റെയും മാനങ്ങള്‍ എടുത്തുകാട്ടി മിഷന്‍ ഞായറിന്റെ ചൈതന്യം നമ്മില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്ന വചനഭാഗമാണ് ഇന്നത്തെ സുവിശേഷഭാഗം.

രോഗപീഢകളും മരണവും മര്‍ത്യതയുടെ തകര്‍ച്ചയാണെങ്കില്‍ രോഗവിമുക്തിയും പുനര്‍ജീവിതവും യേശുവിലേക്കുള്ള വളര്‍ച്ചയുടെ ദൈവിക മാനമാണ്. അത് വിശ്വാസജീവിതത്തിന്റെ പുനരാവിഷ്‌കാരമാണ്. ഈ സാക്ഷാത്ക്കാരം യേശുശിഷ്യന് അനുഭവവേദ്യമാകണമെങ്കില്‍ പ്രധാനമായും നാലുകാര്യങ്ങള്‍ അവനില്‍ യാഥാര്‍ത്ഥ്യമാകണം.

ഒന്നാമതായി യേശു സാമീപ്യത്തിലേക്ക് കടന്നുവരാനുള്ള സന്നദ്ധത. ഞാന്‍ ഭാവം വെടിഞ്ഞ് യേശുവിന്റെ അടുക്കലേക്ക് ജായ്‌റോസും രക്തസ്രാവക്കാരിയായ സ്ത്രീയും കടന്നുവരുന്നു. യേശുവിലുള്ള വിശ്വാസമാകുന്ന ചെറുവിത്ത് വളര്‍ന്ന് പാകമാവുകയാണിവിടെ. രണ്ടാമതായി യേശുവിന്റെ പാദാന്തികത്തില്‍ വീഴുക. ഞാനൊന്നുമല്ലെന്നും എനിക്കൊന്നുമില്ലായെന്നും ഏറ്റുപറഞ്ഞ് യേശുവിന് സ്വയം സമര്‍പ്പിക്കുക. മൂന്നാമതായി താണുവീണ് അപേക്ഷിക്കുക. വിശ്വാസജീവിതത്തില്‍ വളരുന്ന വ്യക്തി തന്റെ അയോഗ്യതകളെക്കുറിച്ച് ബോധവാനാകുകയും യേശു കടാക്ഷത്തിനായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നാലാമതായി സൗഖ്യം നേടുക. യേശുവിലുള്ള വിശ്വാസത്തിന്റെ ആഴം ഒരുവനെ പുതിയ ജീവിതത്തിലേക്കും മനോഭാവത്തിലേക്കും നയിക്കും.

ഇന്നത്തെ തിരുവചനഭാഗത്ത് നാം കാണുന്ന ജായ്‌റോസ് എന്ന സിനഗോഗധികാരി യേശുവിനെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിച്ച വ്യക്തിയാണ്. തന്റെ അധികാര പദവി മാറ്റിവെച്ച് ഹൃദയലാളിത്യത്തോടുകൂടി യേശുവിന്റെ അനുഗ്രഹത്തിനായി യാചിക്കുവാന്‍ അയാള്‍ തയ്യാറാകുന്നു. വൃക്ഷക്കൊമ്പില്‍ സ്വസ്ഥമായിരുന്ന് പാട്ടുപാടുന്ന പക്ഷി താന്‍ ഇരിക്കുന്ന ശാഖ കാറ്റത്ത് ആടിയുലഞ്ഞാലും ഒരു പക്ഷെ ഒടിഞ്ഞുപോകുമെന്നിരുന്നാലും തന്നെ താങ്ങുവാനും രക്ഷിക്കുവാനും ചിറകുകള്‍ ഉണ്ടല്ലോയെന്നോര്‍ത്ത് ശങ്കകൂടാതെ പാട്ട് തുടരുന്നതുപോലെ യേശുവിന്റെ ശക്തമായ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാന്‍ നമുക്ക് സാധിക്കണം. തന്റെ മകള്‍ മരിച്ചുപോയെന്ന് അറിയിപ്പ് ലഭിച്ചിട്ടും യേശുവില്‍ സര്‍വ്വപ്രതീക്ഷകളും അര്‍പ്പിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുവാന്‍ അയാള്‍ തയ്യാറാകുന്നു. ഫലമോ അയാളുടെ പുത്രി അത്ഭുതകരമായി ഉയിര്‍പ്പിക്കപ്പെടുന്നു. തന്റെ പൊന്നോമന മകള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ ജായ്‌റോസും നിത്യജീവനിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഇന്ന് മനുഷ്യന്‍ യേശുവില്‍ വിശ്വസിക്കുന്നതിന് പല വ്യവസ്ഥകള്‍ വയ്ക്കുന്നവരായി മാറുകയാണ്. നമുക്ക് നമ്മോടുതന്നെ ചോദിക്കാം; നമ്മുടെ വിശ്വാസജീവിതത്തില്‍ പലപ്പോഴും അനിശ്ചിതത്വവും സംശയങ്ങളും മുളയെടുക്കുമ്പോള്‍ യേശുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് യേശുവിനെ പ്രഘോഷിക്കുവാന്‍ സാധിക്കുന്നുണ്ടോ? യേശുസാന്നിധ്യം ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ വാര്‍ത്തെടുക്കാന്‍ കരുത്താകുന്നുണ്ടോ?

സമൂഹത്തില്‍ അപമാനവും സഹനവും മാത്രം സമ്പത്തായി ഉണ്ടായിരുന്നവളാണ് രക്തസ്രാവക്കാരി സ്ത്രീ. ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ തൊട്ടാല്‍ താന്‍ സൗഖ്യം പ്രാപിക്കുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. അവളുടെ ആഴമേറിയ വിശ്വാസം അവള്‍ക്ക് രക്ഷക്ക് കാരണമാകുകയും ചെയ്തു. യഹൂദരുടെ ശുദ്ധീകരണനിയമം തിരുത്തിയെഴുതുന്നവളായി പുതിയ നിയമത്തില്‍ കടന്നുവരുകയാണീ സ്ത്രീ. അശുദ്ധയായവള്‍ സ്പര്‍ശിച്ചാല്‍ സ്പര്‍ശിക്കുന്നവരിലേക്കും അശുദ്ധി പകരുമെന്ന നിയമഗ്രന്ഥത്തിന്റെ ലിഖിതങ്ങള്‍ തിരുത്തപ്പെട്ടു. വിശുദ്ധി അശുദ്ധിയിലേക്ക് പ്രവഹിച്ച അതിനെ ശുദ്ധീകരിച്ചു. ദൈവപുത്രനെ യഥാവിധി തൊട്ടവരാരും പിന്നെ അശുദ്ധരായി മടങ്ങേണ്ടിവന്നിട്ടില്ലായെന്ന് വചനവും സാക്ഷ്യപ്പെടുത്തുന്നു. നമ്മില്‍ അശുദ്ധി കുടികൊള്ളുന്നതിനും ഒരു കാരണം നാം ദൈവപുത്രനെ ഇനിയും വേണ്ടവിധം സമീപിക്കുകയോ തൊടുകയോ ചെയ്തിട്ടില്ല എന്നതിനാലാവാം.

ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും ഈശോ നമ്മിലേക്ക് എഴുന്നള്ളിവരുന്നു. എന്നിട്ടും നാം എന്തേ ശുദ്ധരാകാത്തത്? അവിടുത്തെ ദൈവീകശക്തിക്ക് കുറവുള്ളതുകൊണ്ടല്ല മറിച്ച് നാം തൊടേണ്ടതുപോലെ തൊടാത്തതുകൊണ്ടും വിശ്വസിക്കേണ്ടതുപോലെ വിശ്വസിക്കാത്തതുകൊണ്ടും ആഗ്രഹിക്കേണ്ടപോലെ ആഗ്രഹിക്കാത്തതുകൊണ്ടുമാണ് നാം ശുദ്ധരാകാത്തത്. എന്നാല്‍ നാം നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും. ജനക്കൂട്ടം ചുറ്റും തിക്കും തിരക്കും കൂട്ടുമ്പോഴും ചിലര്‍ ഇന്നും യേശുവിനെ തൊടുന്നുണ്ട്. ചിലരിലേക്ക് അവിടുത്തെ ദൈവികശക്തി പ്രവഹിക്കുകയും ചെയ്യുന്നുണ്ട്.

നമുക്കും ക്രിസ്തുവിനുമിടയില്‍ വലിയ അകലമൊന്നും ഉണ്ടായിരിക്കുകയില്ല. പക്ഷെ ജനക്കൂട്ടത്തിന്റെ തടസ്സമുണ്ട്. അല്‍പ്പം ആയാസപ്പെടുന്നവര്‍ക്കേ രോഗശമനം ഉണ്ടാവുകയുള്ളൂ. അതിനായി നമ്മുടെ ജീവിതശൈലിയെ നീതികരിക്കുന്ന യുക്തിയുടെ മൂടുപടം എടുത്തുമാറ്റാന്‍ നാം തയ്യാറാകണം. ഹൃദയം കൊണ്ട് അവിടുത്തെ തേടാന്‍ ഞാന്‍ തയ്യാറാകണം. ക്രിസ്തുവിന്റെ കൂടെയാണ് താനെന്നുള്ള ബലം അവള്‍ക്ക് ജനത്തിന്റെ പ്രതിഷേധത്തെ ചെറുക്കാന്‍ ശക്തി നല്‍കിയതുപോലെ നാമും ദൈവത്തോടുകൂടെയാണെന്ന ചിന്ത നമുക്ക് ശക്തിപകരുകയും നമ്മെ ധൈര്യപ്പെടുത്തുകയും ചെയ്യണം.

ആരാണ് തന്നെ സ്പര്‍ശിച്ചത് എന്ന് ഈശോ ചോദിക്കുന്നത് അവളെ സാക്ഷ്യമാക്കിതീര്‍ക്കുന്നതിനാണ്. അവള്‍ ഇനിയും ജനക്കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തിപ്പെടേണ്ടവളല്ല. മറിച്ച് ദൈവത്തിന്റെ വിശുദ്ധിയുടെ സാക്ഷിയായി മാറേണ്ടവളാണ്. അവളുടെ സൗഖ്യത്തെക്കുറിച്ച് ജനക്കൂട്ടം മാത്രമല്ല അവളും ബോധവതിയാകണം. ആരുമറിയാതെ തൊട്ടതുപോലും ദൈവപുത്രന്‍ അറിഞ്ഞു എന്ന വസ്തുത അവളറിയുന്നതിലൂടെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലെത്തണം. ആരും അറിയരുതെന്നു കരുതി സ്വയം പിന്നിലൊളിച്ച സ്ത്രീയിതാ രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സഭയില്‍ സാക്ഷ്യമായി പ്രഘോഷിക്കപ്പെടുന്നു. ഓരോ വിശുദ്ധകുര്‍ബാനയര്‍പ്പണവും നമുക്ക് പുതിയ ജീവന്‍ പ്രദാനം ചെയ്യുന്നതാണ്. വിശ്വസിച്ചുകൊണ്ട് വിശുദ്ധ ബലിപീഠത്തെ സമീപിക്കുവാന്‍ നമുക്ക് സാധിക്കണം. സഭ നമുക്കായി വിളമ്പി നല്‍കുന്ന ദിവ്യകാരുണ്യം സ്വര്‍ഗ്ഗീയ യാത്രയില്‍ നമുക്ക് തിരുപാഥേയവും നിത്യജീവന്റെ ഉറവിടവുമാണ്. നമ്മെ അനുഗ്രഹിക്കാന്‍ കടന്നുവരുന്ന നല്ല തമ്പുരാന്റെ മുമ്പില്‍ വലിയ വിശ്വാത്തോടെ നിലകൊള്ളുവാന്‍ നമുക്ക് സാധിക്കട്ടെ. സകലര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന വിമോചനത്തിന്റെ സുവിശേഷത്തെ ജീവിതത്തില്‍ സ്വീകരിക്കാനും യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ സജീവസാക്ഷിയായിതീരാനുള്ള കൃപക്കായി നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ജോര്‍ജ്ജ് കൈതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.