ഞായറാഴ്ച പ്രസംഗം – ഒക്‌ടോബര്‍ 01; സ്‌നേഹം വിശ്വാസത്തിന്റെ ആദ്യപടി (മത്താ 15:21-28)

ഏലിയാ സ്ലീവ മൂശക്കാലം നാലാം ഞായര്‍ മത്താ 15:21-28

ക്രിസ്തുവിന്റെ സുവിശേഷം സ്‌നേഹത്തിന്റെ സുവിശേഷമാണ്. സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് സുവിശേഷം മുന്നോട്ടുപോകുന്നത്. ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമാണ് മനുഷ്യനായി അവതരിച്ച മിശിഹാ.

സുവിശേഷം നമുക്ക് വെളിപ്പെടുത്തുന്ന വ്യക്തികളില്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങള്‍ ഒന്നിച്ചുചേരുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് കാനാന്‍കാരി സ്ത്രീ. രോഗാവസ്ഥയിലായ മകള്‍ക്കുവേണ്ടിയുള്ള അവളുടെ നിരന്തരമായ അപേക്ഷ ഈശോ സ്വീകരിക്കുന്നതാണ് ഇന്നത്തെ വചനഭാഗത്തിന്റെ പ്രമേയം. മാനുഷികമായ സ്‌നേഹം ദൈവീകമായ വിശ്വാസത്തെ കണ്ടുമുട്ടുമ്പോള്‍ സൗഖ്യം സാദ്ധ്യമാക്കുന്നു. സ്‌നേഹത്തില്‍ വേരൂന്നിയ വിശ്വാസം ജീവിതങ്ങളെ മാറ്റിമറിയ്ക്കുന്നത് ഇപ്രകാരമാണ്. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആഴപ്പെടലിന്റെ ആവശ്യകത വ്യക്തമാക്കുന്നു ഇന്നത്തെ വചനഭാഗം.

തിരുസഭ ഇന്ന് വി. കൊച്ചുത്രേസ്യയുടെ നാമഹേതുകതിരുനാള്‍ ആഘോഷിക്കുകയാണ്. സ്‌നേഹത്തിന്റെ കുറുക്കുവഴികളിലൂടെ വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും വലിയ പടവുകള്‍ കീഴടക്കിയ വിശുദ്ധയാണവള്‍. കാനാന്‍കാരി സ്ത്രീയുടെ നിരന്തരമായ അര്‍ത്ഥനകള്‍ പോലെ, സ്‌നേഹത്തിന്റെ കൊച്ചുകൊച്ചു പ്രവര്‍ത്തികളെ നിരന്തരമായി അഭ്യസിച്ച്, അവള്‍ ദൈവത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച്, മറ്റുള്ളവര്‍ക്കായി ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ മേടിച്ചു നല്‍കുന്നവളായി പ്രശോഭിക്കുന്നു. ‘സ്വര്‍ഗ്ഗരാജ്യം ബലവാന്മാര്‍ പിടിച്ചടക്കുന്നു’ എന്ന വചനം ഇവര്‍ രണ്ടുപേരുടെയും ജീവിതത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മക്കള്‍ക്ക് മാത്രം അവകാശപ്പെട്ട അപ്പം കാനാന്‍കാരിക്കു നല്‍കുകവഴി, രക്ഷ ഏവര്‍ക്കുമുള്ളതാണ് എന്ന പ്രഖ്യാപനമാണ് ക്രിസ്തു നല്‍കുക. വാഗ്ദാനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പുത്രന്മാരായ ഇസ്രായേല്‍ജനത്തിനു പകരം സര്‍വ്വജനതകളിലേക്കും രക്ഷയുടെ കരം നീളുന്നത് നമ്മളിവിടെ കാണുന്നു. ”നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക” എന്നും ”ഈ തൊഴുത്തില്‍പെടാത്ത അനേകം ആടുകള്‍ എനിക്കുണ്ടെന്നും” പറയുമ്പോള്‍, ക്രിസ്തു ഇസ്രയേല്‍ ജനത്തിലെ നഷ്ടപ്പെട്ട ആടുകളോടൊപ്പം നമ്മളെയും തേടുന്നു എന്ന് മനസ്സിലാക്കണം. ക്രിസ്തുവിന്റെ പ്രേഷിത ആഹ്വാനമാണിത്. സര്‍വ്വജനപദങ്ങളിലേക്കും സുവിശേഷം എത്തിക്കുവാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തിനുനേരെ കണ്ണടയ്ക്കുവാന്‍ ആര്‍ക്കും സാധിക്കില്ല.

വിജാതീയര്‍ക്കു കൂടിയുള്ള രക്ഷ ക്രിസ്തു പ്രഖ്യാപിക്കുമ്പോള്‍ അത് സാദ്ധ്യമാക്കാനുള്ള ഉത്തരവാദിത്വം ഏവര്‍ക്കുമുണ്ട്. വിദൂരത്തിലായിരിക്കുന്ന കേവലം കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും മാത്രമുള്ളതല്ല ഈ ആഹ്വാനം. എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്നും സുവിശേഷം പ്രഘോഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തിരുസഭ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ കൂടി പഠിപ്പിക്കുമ്പോള്‍, ആ ആഹ്വാനം എല്ലാവരും ജീവിതത്തില്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സന്യസ്തരും പുരോഹിതരുമായവരോടൊപ്പം ദൈവരാജ്യം സ്ഥാപിതമാക്കാന്‍ എല്ലാ ക്രൈസ് തവ സഹോദരങ്ങളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. വിജാതിയരോടുകൂടി അപ്പം പങ്കിട്ട ക്രിസ്തു സുവിശേഷ പ്രഘോഷണത്തിന്റെ ആവശ്യകത എടുത്തുപറയുമ്പോള്‍ അതിനുള്ള ഉദാത്തമായ മാര്‍ഗ്ഗം നമ്മുടെ ജീവിതങ്ങള്‍ തന്നെയാണ്. നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ സുവിശേഷമാകുക എന്നതാണ് സുവിശേഷം പ്രസംഗിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഒരു പക്ഷെ വചനം പ്രഘോഷിക്കാനുള്ള സാദ്ധ്യത അസാദ്ധ്യമായിരിക്കും. പക്ഷെ സുവിശേഷം ജീവിക്കുവാന്‍ – സുവിശേഷത്തിന്റെ ആനന്ദം മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയും.

ക്രിസ്തുവിനെപ്പോലെ സ്‌നേഹത്തിന്റെ മുമ്പില്‍ തോറ്റുകൊടുക്കുവാന്‍, നമ്മോട് ആവശ്യപ്പെടുന്ന കര്‍ത്തവ്യങ്ങള്‍ മടി കൂടാതെ നിര്‍വ്വഹിക്കുവാന്‍, കാനാന്‍കാരി സ്ത്രീയെപ്പോലെ വിശ്വാസത്തില്‍ ചഞ്ചലചിത്തരാവാതെ ഉറച്ചുനില്‍ക്കുവാന്‍, വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ സ്‌നേഹത്തിന്റെ നിരന്തരമായ പ്രവര്‍ത്തികളിലൂടെ വിശ്വാസത്തെ കണ്ടുമുട്ടുവാന്‍, ആ വിശ്വാസത്തിന്റെ ആനന്ദം ജീവിതത്തിലൂടെ ഏവര്‍ക്കും പകര്‍ന്നുകൊടുക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ ശക്തരാക്കട്ടെ.

ബാസ്റ്റിന്‍ പുല്ലന്‍താനിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.