
പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍ മത്താ 16:13-19
മംഗളവാര്‍ത്തയിലാരംഭിച്ച് ഈശോയുടെ ജനനത്തെയും മാമ്മോദീസായെയും മരുഭൂമിയിലെ ദിനങ്ങളെയും പരസ്യജീവിതത്തെയും പീഢാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും സ്വര്‍ഗ്ഗാരോഹണത്തെയും പന്തക്കുസ്തായെയും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ സുവിശേഷം അറിയിക്കുവാന്‍ ശ്ലീഹന്മാരെ അയയ്ക്കുന്നതിനെയും സഭയുടെ വളര്‍ച്ചയെയും സ്ലീവായുടെ പുകഴ്ചയെയും എല്ലാം ധ്യാനിച്ച് സഭയുടെ സമര്‍പ്പണത്തില്‍ നാം ഇന്ന് പ്രവേശിക്കുകയാണ്. സഭയുടെ സമര്‍പ്പണ തിരുനാളോടെ ആരംഭിക്കുന്ന ആരാധനാവത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശക്കാലം. മിശിഹാ തന്റെ പെസഹാ രഹസ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെ നേടിയ തന്റെ പ്രിയ മണവാട്ടിയായ സഭയെ പരമപിതാവിന് സമര്‍പ്പിക്കുന്നതിനെ അനുസ്മരിക്കുന്ന കാലം.
ആദ്യത്തെ വായനയായ പുറ 40:17-29, നാം വായിക്കുക കൂടാര പ്രതിഷ്ഠയെപ്പറ്റിയാണ്. ഇസ്രായേല്‍ ജനത്തിന്റെ കൂടെയുള്ള നിരന്തര ദൈവ സാന്നിധ്യത്തിന്റെ അടയാളമാണ് സമാഗമ കൂടാരം. ദൈവം കൂടെ വസിക്കുന്ന ഒരു ജനതയാണ് ഇസ്രായേല്‍. ദൈവം കല്പിച്ച രീതിയില്‍ കൂടാരം നിര്‍മ്മിക്കുകയും ഒരുക്കുകയും ചെയ്തപ്പോള്‍ ദൈവം ഇറങ്ങിവന്ന് അവരോടൊപ്പം വസിക്കുകയും ചെയ്തു. പുതിയ ഇസ്രായേല്‍ ജനതയായ നമ്മോടൊരുത്തരും നിറസാന്നിധ്യമായ് ദിവ്യകാരുണ്യത്തില്‍ ദൈവം വസിക്കുന്നു.
രണ്ടാമത്തെ വായനയായ ഏശയ്യ 6:1-8 നാം വായിക്കുക ഏശയ്യ പ്രവാചകന് ഉണ്ടായ ഒരു ദര്‍ശനത്തെപ്പറ്റിയാണ്. ദര്‍ശനത്തില്‍ കര്‍ത്താവിനെയും മാലാഖനിരകളെയും കണ്ടപ്പോള്‍ തന്റെ അയോഗ്യത തിരിച്ചറിഞ്ഞ് അത് ഏറ്റുപറയുന്നു. ഉടന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ കൊടില്‍ കൊണ്ട് ബലിപീഠത്തില്‍ നിന്ന് തീക്കനലുമായി പ്രവാചകനെ സമീപിക്കുകയും അത് അവന്റെ നാവില്‍ സ്പര്‍ശിച്ചുകൊണ്ട് അവനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഓരോ ദിവ്യബലിയിലും ഈ ദര്‍ശനമാണ് നാം ഓരോരുത്തരും കാണേണ്ടത്. വിശുദ്ധ കുര്‍ബാനയാകുന്ന തീക്കട്ട സ്വീകരിക്കുവാന്‍ അയോഗ്യതകള്‍ തിരിച്ചറിഞ്ഞ് അനുതപിച്ച് കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് വിശുദ്ധരായി ജീവിക്കുവാനുള്ള ആഹ്വാനമാണ് ഓരോ ക്രിസ്ത്യാനിക്കും ലഭിച്ചിട്ടുള്ളത്. ഏശയ്യാ പ്രവാചകനെ ശുദ്ധീകരിച്ച്, ദൈവം ദൗത്യം നല്‍കി അയയ്ക്കുകയാണ്. ഇതുപോലെ ഓരോ വിശുദ്ധ ബലിയിലും ദൈവം നമ്മെ ശുദ്ധീകരിക്കുകയും ദൗത്യം നല്‍കി നമ്മെ അയയ്ക്കുകയും ചെയ്യുന്നു.
മൂന്നാമത്തെ വായനയില്‍ 1 കോറി 13:1-13 നാം കാണുക പൗലോസ് ശ്ലീഹാ കോറിന്തോസ് സഭയിലെ ജനങ്ങളെ സ്‌നേഹത്തെപ്പറ്റി പഠിപ്പിക്കുന്ന ഭാഗമാണ്. സ്‌നേഹം എല്ലാത്തിന്റെയും ഉറവിടവും പൂര്‍ണ്ണതയുമാണ്. സ്‌നേഹം ഇല്ലെങ്കില്‍ എല്ലാം അര്‍ത്ഥശൂന്യമായി തീരും. കാരണം, ദൈവം സ്‌നേഹമാണ്. സ്‌നേഹരാഹിത്യത്താല്‍ ചെയ്തുകൂട്ടുന്നതെല്ലാം വെറും യാന്ത്രികമാണ്.
അപ്പം വര്‍ദ്ധിപ്പിച്ചും രോഗികളെ സുഖപ്പെടുത്തിയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചും തങ്ങളുടെ മുമ്പിലൂടെ കടന്നുപോകുന്ന തന്നെപ്പറ്റിയുള്ള ജനത്തിന്റെ അഭിപ്രായവും തന്നോട് കൂടെ എപ്പോഴും ആയിരിക്കുന്ന പ്രിയ ശിഷ്യര്‍ക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായവും ആരായുകയാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ (മത്താ 16:13-19). കേസറിയാ ഫിലിപ്പിയില്‍ വച്ച് തന്റെ അരുമശിഷ്യരോട് ഈശോ ചോദിക്കുന്നത് പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ്. തന്നെ കാണുകയും കേള്‍ക്കുകയും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളാകുകയും ചെയ്തിരുന്ന ജനം ‘താന്‍ ആരെന്നാണ് പറയുന്നത്’ എന്ന് ശിഷ്യരോടു ചോദിക്കുന്നു. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദജനം അവനെ രക്ഷകന് വഴിയൊരുക്കുവാന്‍ വന്ന സ്‌നാപകനായിട്ടും പ്രവാചകരില്‍ ഒരുവനായിട്ടും ഒക്കെയാണ് മനസ്സിലാക്കുന്നത്. രണ്ടാമത്തെ ചോദ്യം തന്റെ പ്രിയ ശിഷ്യരോടാണ്. ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?’ മൂന്നുവര്‍ഷം തന്റെ കൂടെ ആയിരിക്കുന്ന ശിഷ്യരുടെ മറുപടി ജനത്തിന്റെ മറുപടിയെക്കാള്‍ കേള്‍ക്കാന്‍ ഈശോ ആഗ്രഹിച്ചിരുന്നു. ഉടനെ ശിഷ്യരില്‍ പ്രമുഖനായ പത്രോസ് പറയുക; ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്നാണ്. ഇത് പത്രോസ് ഒരിക്കലും തന്റെ ബുദ്ധിശക്തികൊണ്ട് പ്രഖ്യാപിച്ച ഒന്നായിരുന്നില്ല. കാരണം, ഈശോ അവനു നല്‍കുന്ന മറുപടിയില്‍ നിന്ന് ഉത്തരത്തിന്റെ ഉറവിടവും നമുക്ക് ലഭിക്കുന്നു. തന്റെ സ്വര്‍ഗ്ഗീയ പിതാവാണ് ഇത് വെളിപ്പെടുത്തിയതെന്ന് ഈശോ പറയുന്നു.
ഇവിടെ കര്‍ത്താവ് പത്രോസിനു നല്‍കുന്ന പാഠം, ദൈവീക വെളിപാടിനു മുമ്പില്‍ തന്റെ ആശയങ്ങളും അറിവുകളും എല്ലാം മാറ്റിവച്ച് ദൈവസ്വരത്തിന് ചെവി കൊടുക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ്. ചുറ്റുമുള്ളവരുടെ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ചെവി കൊടുക്കാതെ, ദൈവിക വെളിപാടിനെ പ്രഘോഷിക്കാന്‍ കാണിച്ച ധൈര്യവും വിശ്വാസവുമാണ് പത്രോസാകുന്ന പാറമേല്‍ തന്റെ സഭയെ പടുത്തുയര്‍ത്തുവാന്‍ ഈശോയെ പ്രേരിപ്പിച്ചത്. ഉറച്ച പാറമേല്‍ പണിത ഭവനം നശിക്കുകയില്ലെന്ന് മത്താ 7:25-ല്‍ നാം വായിക്കുന്നു.
സഭ സ്ഥാപിക്കുന്നതിനോടൊപ്പം തന്റെ പ്രതിനിധിയായി നിന്നുകൊണ്ട് സഭയെ നയിക്കാനുള്ള ഒരു നിയോഗം പത്രോസിന് ഈശോ നല്‍കുന്നു. പ്രഥമ മാര്‍പാപ്പ എന്ന നിലയില്‍ സഭയെ നയിക്കുവാനും സഭാതനയരെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ആനയിക്കുവാനും ഒപ്പം സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറക്കാന്‍ താക്കോലും ഈശോ നല്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള പാപമോചനാധികാരം പത്രോസിലൂടെ തിരുസഭയ്ക്ക് ഈശോ നല്‍കുന്നു.
ഇവിടെ ബലഹീനനായ പത്രോസിനെ ഈശോ സ്വര്‍ഗ്ഗരാജ്യത്തോളം ഉയര്‍ത്തുന്നു. തന്റെ എല്ലാ ശിഷ്യന്മാരെ എന്നപോലെ പത്രോസ് ശ്ലീഹായെയും ഈശോ വ്യക്തമായി അറിഞ്ഞിരുന്നു. ബലഹീനനായ പത്രോസിനെ ദൈവം കൃപകള്‍ കൊണ്ടു നിറയ്ക്കുന്നു. നമ്മുടെ കുറവുകളും ബലഹീനതകളും ദൈവം ഏറ്റെടുക്കുമ്പോള്‍ അത് നമ്മുടെ ശക്തിയായി മാറും; ദൈവത്തിന്റെ കൃപ നമ്മിലേക്ക് ഒഴുകും. ഏശയ്യാ പ്രവാചകനെപ്പോലെ, ജറെമിയാ പ്രവാചകനെപ്പോലെ പത്രോസിനെപ്പോലെ, സക്കേവൂസിനെപ്പോലെ നാം നമ്മെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ ദര്‍ശിക്കും.
വിശുദ്ധ അമ്മ ത്രേസ്യ പറയുന്നു: ”ഞാന്‍ തിരുസഭയുടെ പുത്രിയായി ജനിച്ചു, തിരുസഭയുടെ പുത്രിയായി തന്നെ മരിക്കും.” ഈശോ തന്റെ രക്തത്താല്‍ നേടിയെടുത്ത സഭയില്‍ അംഗമായതില്‍ നമുക്കഭിമാനിക്കാം. ഇന്നത്തെ ലോകത്തില്‍ സഭ അനേകം പീഡനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. തിരുസഭയുടെ ആരംഭം മുതല്‍ ഇന്നോളം അവളും അവളുടെ മക്കളും പീഡനങ്ങളേല്‍ക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നമ്മെ നയിക്കുന്ന അമ്മയാണ് തിരുസഭ എന്ന യാഥാര്‍ത്ഥ്യം നാം മറന്നു പോകരുത്. അമ്മയ്‌ക്കേല്‍ക്കുന്ന മുറിവുകള്‍ സഭാമക്കളായ നമ്മെയും മുറിപ്പെടുത്തുന്നതാണ്. എങ്കിലും തിരുസഭ ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. ലോകാവസാനത്തോളം അവള്‍ നിലനില്‍ക്കും. കാരണം സഭയെ നയിക്കുന്നത് പരിശുദ്ധ ആത്മാവാണ്.
തിരുസഭയെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കുവാനും ധ്യാനത്തിനുമായി വരും ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെ. അതിനായ് നമുക്ക് പ്രാര്‍ത്ഥിക്കാം.
ജോസഫ് കൊല്ലംപ്പറമ്പില്‍




