ജൂലൈ 04: പോര്‍ത്തുഗല്ലിലെ വിശുദ്ധ എലിസബത്ത്

സ്‌പെയിനിലെ അരഗോണ്‍ പ്രദേശത്തിന്റെ രാജാവായിരുന്ന പെഡ്രോയുടെ മകളാണ് എലിസബത്ത്. 1271-ലാണ് അവള്‍ ജനിച്ചത്. അവളുടെ ഇളയമ്മയായ ഹംഗറിയിലെ വി. എലിസബത്തിന്റെ സ്മരണക്കായാണ് എലിസബത്ത് എന്ന പേര് അവള്‍ക്ക് നല്കിയത്. എലിസബത്തിന് പന്ത്രണ്ട് വയസുള്ളപ്പോള്‍ പോര്‍ത്തുഗല്ലിലെ രാജാവായിരുന്ന ഡേനീസ് അവളെ വിവാഹം കഴിച്ചു.

ബാല്യം മുതലേ വിശുദ്ധിയില്‍ വളര്‍ന്നുവന്നിരുന്ന എലിസബത്ത്, വിവാഹശേഷം തന്റെ ജീവിതരീതിയെ ഒന്നുകൂടി പരിശുദ്ധമാക്കുകയാണ് ചെയ്തത്. അനുദിനം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും ജപങ്ങള്‍ ചൊല്ലുന്നതിലും അവള്‍ കാട്ടിയ താത്പര്യം അനുകരണീയമായിരുന്നു. ആദ്ധ്യാത്മികമായ കാര്യങ്ങള്‍ക്ക് അവള്‍ കൃത്യമായ സമയം നിശ്ചയിച്ചിരുന്നു; എന്നാല്‍, രാജ്ഞി എന്ന നിലയില്‍ ചെയ്യേണ്ടിയിരുന്ന കൃത്യങ്ങള്‍ക്കൊന്നും അവള്‍ വിഘ്‌നം വരുത്തിയതുമില്ല. പരിശുദ്ധ കുര്‍ബാന യോഗ്യതയോടു കൂടി ഉള്‍ക്കൊള്ളുന്നതിനായി അവള്‍ ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിക്കുകയും പ്രായശ്ചിത്തപ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. രോഗികളോടും അഗതികളോടും വലിയ കാരുണ്യത്തോടെയാണ് എലിസബത്ത് പെരുമാറിയിരുന്നത്.

എലിസബത്തിന്റെ ജീവിതം അത്ര സമാധാനപരമായിരുന്നില്ല. ഭര്‍ത്താവും സ്വപുത്രനും തമ്മില്‍ ഉണ്ടായിക്കൊണ്ടിരുന്ന വാക്കുതര്‍ക്കങ്ങള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മാത്രമല്ല, ഭര്‍ത്താവിന് തനിക്കു നേരെ ഉണ്ടായിരുന്ന അടിസ്ഥാനരഹിതമായ അവിശ്വാസം അവളെ നിരന്തരം കഷ്ടപ്പെടുത്തിയിരുന്നു. എന്നാലവള്‍ ഒരിക്കല്‍പ്പോലും ഭര്‍ത്താവിനെ വേദനിപ്പിച്ച് സംസാരിച്ചിട്ടില്ല. എലിസബത്തിന്റെ വിശുദ്ധി വെളിപ്പെടുത്തുന്നതിനായി ദൈവം തന്നെ അവരുടെ ജീവിതത്തില്‍ ഇടപെട്ട സംഭവങ്ങളുമുണ്ട്.

ഒരിക്കല്‍ രാജ്ഞിയെയും ഒരു പരിചാരകനെയും ചേര്‍ത്തുണ്ടായ ദുഷ്‌കീര്‍ത്തിപരമായ പ്രസ്താവന മൂലം ഭൃത്യനെ വധിക്കാന്‍ രാജാവ് നിശ്ചയിച്ചു. രാജകീയദൗത്യവുമായി തന്റെ അടുക്കല്‍ ആദ്യമെത്തുന്ന ആളെ തീച്ചൂളയിലിട്ടു വധിക്കാന്‍ രാജാവ് ചൂളക്കാരനോടു കല്പിച്ചു. ആരോപണവിധേയനായ ഭൃത്യനെ രാജാവ്, ചൂളക്കാരന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പോയ വഴിയില്‍ ദൈവാലയത്തില്‍ കയറി പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷമാണ് യാത്ര തുടര്‍ന്നത്. ആരോപണവിധേയനായ ഭൃത്യന്‍ വധിക്കപ്പെട്ടോ എന്നറിയാന്‍ മറ്റൊരു ഭൃത്യനെ രാജാവ് ചൂളക്കാരന്റെ അടുത്തേക്ക് അയച്ചു. ഈ ഭൃത്യനായിരുന്നു രാജ്ഞിയെക്കുറിച്ചുള്ള ദുഷ്പ്രചരണം നടത്തിയത്. തന്റെ മുമ്പില്‍ ആദ്യമെത്തിയ ഭൃത്യനെ ചൂളക്കാരന്‍ തീച്ചൂളയിലിട്ടു വധിച്ചു. അധികം താമസിയാതെ ആദ്യഭൃത്യനും എത്തി. സംഭവിച്ചതെല്ലാം മനസിലാക്കിയ രാജാവ് രാജ്ഞിയുടെ വിശുദ്ധിയില്‍ പൂര്‍ണ്ണവിശ്വാസമുള്ളവനായി.

അനേകം ധര്‍മ്മസ്ഥാപനങ്ങളും ആശ്രമങ്ങളും നിര്‍മ്മിച്ച എലിസബത്ത്‌, തന്റെ ഭര്‍ത്താവിന്റെ മരണശേഷം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ പ്രവേശിച്ചു. അന്നു മുതല്‍ തന്റെ ധര്‍മ്മപ്രവൃത്തികളും തപക്രിയകളും അവള്‍ ഇരട്ടിപ്പിച്ചു. 1336-ല്‍ തന്റെ 65-ാമത്തെ വയസില്‍ എലിസബത്ത് നിര്യാതയായി.

വി. അനത്തോളിയൂസ്

അലക്‌സാണ്ട്രിയായിലെ ലാവോഡിസിയായില്‍ അരസ്റ്റോട്ടലീയന്‍ വിദ്യാലയം നടത്തിക്കൊണ്ടിരുന്ന ഒരു ഗണിതശാസ്ത്രജ്ഞനാണ് അനത്തോളിയൂസ്. പിന്നീട് അദ്ദേഹത്തിന് കേസറിയായിലെ മെത്രാന്‍പദവിയും ലഭിച്ചു. വിശുദ്ധനായി മാത്രമല്ല, പ്രശസ്തനായ ഒരു തത്വജ്ഞാനിയും ഗണിതശാസ്ത്രജ്ഞനുമായി അനത്തോളിയൂസ് ബഹുമാനിക്കപ്പെട്ടു പോരുന്നു.

വി. ഉള്‍റിക്ക്

890-ല്‍ ജര്‍മ്മനിയിലെ ഓക്‌സ്ബര്‍ഗില്‍ ജനിച്ച ഉള്‍റിക്ക് വി. ഗാലിന്റെ ആശ്രമത്തില്‍ വിദ്യാഭ്യാസം ചെയ്തു. അസാമാന്യ ദൈവഭക്തിയും ജ്ഞാനവും കൊണ്ട് സകലരുടെയും സ്‌നേഹബഹുമാനങ്ങള്‍ക്കു പാത്രമായിത്തീര്‍ന്ന ഉള്‍റിക്ക്, ഓക്‌സ്ബര്‍ഗിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. രോഗാതുരനായപ്പോള്‍ ഉള്‍റിക്ക് തറയില്‍ കുരുശാകൃതിയില്‍ ചാരം വിതറിയതിനു ശേഷം അതിന്റെ മീതെയാണ്  കിടന്നിരുന്നത്. ധാരാളം വൈദികര്‍ ചുറ്റുംനിന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ, 973 ജൂലൈ 4-ാം തീയതി മരണമടഞ്ഞു.

വിചിന്തനം: ”ഞങ്ങള്‍ നന്ദിയും ഭക്തിയും എളിമയുമുള്ളവരാകാന്‍ അങ്ങിലേക്കു ഞങ്ങളെ തിരിക്കേണമെ. അങ്ങ് ഞങ്ങളുടെ രക്ഷയും ശക്തിയും ധൈര്യവുമാണല്ലോ.”

ഇതരവിശുദ്ധര്‍: ഔറേലിയന്‍ (+895) ടൊര്‍ടീനായിലെ മെത്രാപ്പോലീത്താ / ബര്‍ത്താ (+725)/ തിയഡോര്‍ (+310) സീറിനിലെ മെത്രാന്‍ / ലോറിയാനൂസ് (1544) സെവീലിലെ രക്തസാക്ഷിയായ മെത്രാന്‍ / ഓഡോ (+959) കാന്റര്‍ബറിയിലെ മെത്രാപ്പോലീത്താ / ലക്‌സംബര്‍ഗ്ഗിലെ പീറ്റര്‍ (1360-1387).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.