ഞായറാഴ്ച പ്രസംഗം – മാര്‍ച്ച് 19; മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മത്തായി 21:33-44)

നോമ്പുകാലം 4-ാം ഞായര്‍ മത്തായി 21:33-44

നോമ്പുകാലത്തിന്റെ നാലാമത്തെ ഞായറാഴ്ചയില്‍, ഏല്‍പിക്കപ്പെട്ട മുന്തിരിത്തോട്ടത്തെക്കുറിച്ച് യജമാനനോട് അവിശ്വസ്തത പുലര്‍ത്തുകയും യജമാനന്‍ അയച്ച ഭൃത്യരെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന കൃഷിക്കാരുടെ ഉപമയെക്കുറിച്ച് നാം ധ്യാനിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇസ്രായേലിന്റെ രക്ഷാകരചരിത്രത്തെ മുഴുവന്‍, പഴയ നിയമത്തെയും പുതിയ നിയമത്തെയും, ഒരൊറ്റ ഉപമയിലൂടെ പുനരവതരിപ്പിക്കുകയാണ് ഈശോ ഇവിടെ. ദൈവം ലോകത്തെ സൃഷ്ടിക്കുന്നതും മനുഷ്യവംശത്തിന് രൂപം നല്‍കുന്നതും, പാപംമൂലം തന്നില്‍ നിന്നകന്നവരെ രക്ഷിക്കുവാനായ് പ്രവാചകരെയും ന്യായാധിപരെയും രാജാക്കന്മാരെയും ഒടുവില്‍ സ്വപുത്രനെതന്നെ അയക്കുന്നതും, അവന്‍ തന്റെ മരണം വഴി അവര്‍ക്ക് രക്ഷ സാധ്യമാക്കുന്നതുമൊക്കെ ഇവിടെ പ്രതിപാദ്യവിഷയമാകുന്നു. ഇസ്രായേല്‍ക്കാരെ സംബന്ധിച്ചിടത്തോളം മുന്തിരിത്തോട്ടവും കൃഷിക്കാരുമൊക്കെ അവര്‍ക്ക് ചിരപരിചിതമാണ്. ഈ ഒരു ചുറ്റുപാടിന്റെ ചുവടുപിടിച്ചുകൊണ്ട് ഈശോ തന്റെ തന്നെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയും തന്റെ രക്ഷാകരമായ പീഢാനുഭവങ്ങളെ മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്യുന്നു.

ഈ നോമ്പുകാലത്ത് നമ്മുടെ തന്നെ ജീവിതങ്ങളെ ഈ ഉപമയുടെ പശ്ചാത്തലത്തില്‍ വിചിന്തനം ചെയ്യാം. ദൈവം സൃഷ്ടിച്ച ഈ ലോകമാകുന്ന മുന്തിരിത്തോട്ടത്തില്‍ കൃഷിക്കാരായി നമ്മുടെ ജീവിതങ്ങളെ ദൈവം സമ്മാനിക്കുമ്പോള്‍ നമ്മുടെ യജമാനനായ ദൈവത്തോടെ എപ്രകാരമാണ് നാം പ്രത്യുത്തരിക്കുന്നതെന്ന് ഒരു വേള ചിന്തിക്കുന്നത് നല്ലതാണ്.

ഞാന്‍ ഈ ലോകത്തിലെ ഒന്നിന്റെയും സ്രഷ്ടാവോ, യജമാനനോ അല്ല. മറിച്ച് ഞാന്‍ വെറും കാവല്‍ക്കാരനും ശുശ്രൂഷകനും മാത്രമാണ്. ദൈവമാണ് യഥാര്‍ത്ഥ യജമാനന്‍.

യഥാകാലം ഫലം കൊടുക്കുക എന്നതാണ് നിന്റെ പ്രഥമവും പ്രധാനവുമായ കടമ. ഫലം നല്‍കാനാണ് ദൈവം നിന്നെ അയച്ചത്, അല്ലാതെ ഫലം എടുക്കാനല്ല. നീ നല്‍കുന്ന ഫലം നിനക്കും നിനക്ക് സ്വന്തമായിട്ടുള്ളവരുടെയും വളര്‍ച്ചയ്ക്ക് വേണ്ടിയാണ്.

നിന്നില്‍ നിന്ന് ഫലം ശേഖരിക്കുന്നത് ദൈവം നേരിട്ടല്ല, വിവിധ ഭൃത്യന്മാരെ അയച്ചുകൊണ്ടാണ്. നിന്റെ അനുദിന ജീവിതത്തില്‍ നിന്നോടൊപ്പം ജീവിക്കുന്നവരും നിന്നോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ് ദൈവം അയച്ച ഭൃത്യന്മാര്‍.

യജമാനന്‍ അയയ്ക്കുന്ന ഭൃത്യരെ അടിക്കുന്നവനും, അവകാശം കൈക്കലാക്കാന്‍ യജമാനന്റെ പുത്രനെ നശിപ്പിക്കുന്നവനും തന്റെ തന്നെ ശിക്ഷാവിധിയാണ് നടത്തുക. ധര്‍മ്മം മറന്ന് പ്രവര്‍ത്തിച്ചാല്‍ നല്ലതൊന്നും ലഭിക്കില്ല, ലഭിക്കുന്നത് ശിക്ഷയായിരിക്കും. നല്ല കൃഷിക്കാരനായി, യജമാനന്റെ മനം കവരണമെങ്കില്‍ അവന്റെ ഭൃത്യരുടെ കൈവശം നല്ല ഫലങ്ങള്‍ കൊടുത്തു വിടും.

ദൈവം ദാനമായി നല്‍കിയ ഈ ലോകജീവിതത്തില്‍ അവനോട് ചേര്‍ന്നു നിന്ന് നന്മപ്രവൃത്തികളാല്‍ അവനെ മഹത്വപ്പെടുത്തേണ്ട നാം, അതിനു വിപരീതമായി ദുഷ്ടതയാല്‍ നിറഞ്ഞ് അനീതിയും അക്രമവും കൊലയുമൊക്കെയായി അരങ്ങ് കൊഴുപ്പിക്കുമ്പോള്‍, തന്റെ മുന്തിരിത്തോട്ടത്തില്‍ നിന്ന് യഥാകാലം ഫലം അന്വേഷിച്ചുവരുന്ന യജമാനന്റെ ദൂതരോട് പരുക്ഷമായി പെരുമാറുന്ന കര്‍ഷകര്‍ക്ക് തുല്യമാവുകയാണ് നമ്മുടെയും ജീവിതങ്ങള്‍. അവരുടെ കണ്ണ് മുന്തിരിത്തോട്ടത്തിന്റെ മേന്മയിലായിരുന്നു. യജമാനന്റെ ഹിതത്തിന് അവര്‍ മുന്‍ഗണന നല്‍കിയില്ല. നമുക്ക് ദൈവഹിതങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാകാന്‍ കഴിയണം.

‘എന്റെ പുത്രനെ അവര്‍ മാനിക്കും’ എന്ന് ആത്മഗതം ചെയ്ത് കൃഷിക്കാരിലുള്ള തന്റെ പ്രതീക്ഷയും വിശ്വാസവും അവസാനിപ്പിക്കാതെ അവരുടെ പക്കലേക്ക് തന്റെ ഏകജാതനെ അയക്കുന്ന യജമാനനെയും ഒരുവേള ധ്യാനിക്കാം. ദൈവത്തിന്റെ ദീര്‍ഘക്ഷമയും കരുണയും ഇവിടെ പ്രതിബിംബിക്കുന്നുണ്ട്. കൃഷിക്കാര്‍ അതിക്രൂരമായ് തന്റെ ഭൃത്യരോട് പ്രവര്‍ത്തിച്ചിട്ടും അവരെ ഉടന്‍ ശിക്ഷിക്കാതെ വീണ്ടും ഒരവസരം കൂടി നല്‍കുകയാണ്. തന്റെ ഏകജാതനെ അയക്കുന്നതിലൂടെ എത്രയോ ദീര്‍ഘക്ഷമയോടെയാണ് ദൈവം ഇസ്രായേലിനെ കൈപിടിച്ചു നടത്തുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഉപമ. അനീതിയില്‍ വ്യാപരിക്കുമ്പോഴും അലിവോടെ അരികില്‍ അണയുന്നവനാണ് ദൈവം.

‘പുത്രനെ അയക്കുക’ എന്നത് നിര്‍ണ്ണായകവും അന്തിമവുമായ ഇടപെടലായി വേണം നാം മനസ്സിലാക്കാന്‍. ഇതിനുമപ്പുറം ഇനി ഒന്നും ചെയ്യാനില്ലാത്ത വിധം ദൈവം പ്രവര്‍ത്തിക്കുന്നു. മാനസാന്തരത്തിനുള്ള അവസാന ക്ഷണവുമായി ഈശോ കടന്നുവരുന്നു. യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍ നമുക്കോര്‍ക്കാം. ”തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്‌നേഹിച്ചു.” (യോഹ 3:16) ഏകജാതന്റെ രക്തത്തെ, ജീവനെ ലോകത്തിനു വേണ്ടി നല്‍കാന്‍ മാത്രം അവിടുന്ന് നമ്മള്‍ വസിക്കുന്ന ഈ ലോകത്തെ സ്‌നേഹിക്കുന്നു. ഈ സത്യങ്ങളെയെല്ലാം പുനരവതരിപ്പിച്ചുകൊണ്ട് ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും നമ്മിലേക്ക് എഴുന്നള്ളിവരുമ്പോള്‍ ആ വലിയ സ്‌നേഹത്തിലേക്ക് നമുക്ക് നമ്മെത്തന്നെ ചേര്‍ത്തു വയ്ക്കാം. അനുതാപം നിറഞ്ഞ ഹൃദയത്തോടെ അങ്ങനെ ഈ നോമ്പുകാലത്ത് യഥാകാലം ഫലം തരുന്ന നല്ല കര്‍ഷകരായ് നമുക്ക് മാറാം.

അമല്‍ വലിയപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.