ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 01

1946 ഒക്ടോബർ ഒന്നിനാണ് ന്യൂറൻബർഗ് വിചാരണ അവസാനിച്ചത്. അന്തർദേശീയ മിലിട്ടറി ട്രിബ്യൂണലിന്റെ നേതൃത്വത്തിൽ മുൻ നാസിനേതാക്കളെ യുദ്ധക്കുറ്റവാളികളായി അറസ്റ്റ് ചെയ്തു നടത്തിയ വിചാരണയാണ് ‘ന്യൂറൻബർഗ് വിചാരണ’ എന്നറിയപ്പെടുന്നത്. 1945 ഒക്ടോബർ 18 നാണ് വിചാരണ ആരംഭിച്ചത്. നാല് ആരോപണങ്ങളാണ് അവർക്കെതിരെ ഉണ്ടായിരുന്നത്. സമാധാനത്തിനെതിരെയുള്ള കുറ്റങ്ങൾ, മനുഷ്യവംശത്തിനെതിരായ കുറ്റങ്ങൾ, യുദ്ധക്കുറ്റങ്ങൾ, ഈ മൂന്ന് കുറ്റങ്ങൾ നടപ്പാക്കാനുള്ള ഗൂഢാലോചന എന്നിവയായിരുന്നു ആരോപണങ്ങൾ. 1945 ലെ ലണ്ടൻ ഉടമ്പടിപ്രകാരമാണ് അന്തർദേശീയ മിലിട്ടറി ട്രിബ്യൂണൽ വിചാരണ നടത്തിയത്. 216 കോടതി സെഷനുകൾക്കുശേഷം 1946 ഒക്ടോബർ ഒന്നിന് വിധി പ്രസ്താവിച്ചു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 24 പേരിൽ മൂന്നുപേർ കുറ്റവിമുക്തരാക്കപ്പെട്ടു. 12 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് വിവിധ കാലദൈർഘ്യങ്ങളിൽ തടവ് ശിക്ഷയുമാണ് നൽകപ്പെട്ടത്.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ടത് 1949 ഒക്ടോബർ ഒന്നിനാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന മാവോ സേതൂങ് ആണ് പിആർസി രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. അതോടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ക്വൊമിന്താങ് നാഷണലിസ്റ്റ് പാർട്ടിയും തമ്മിൽ നടന്നിരുന്ന ആഭ്യന്തരയുദ്ധത്തിന് അവസാനമായി. പിആർസി രൂപീകരിച്ചതോടെ 1911 ലെ ചൈനീസ് വിപ്ലവം മുതലുള്ള ആവശ്യമായ പുതിയ സർക്കാർ രൂപീകരണവും പൂർത്തിയായി.

ഡിസ്നി വേൾഡ് എന്നറിയപ്പെടുന്ന – വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് – തീം പാർക്ക് – പ്രവർത്തനം ആരംഭിച്ചത് 1971 ഒക്ടോബർ ഒന്നിനായിരുന്നു. ഫ്ളോറിഡയിലുള്ള പാർക്കിൽ നാല് തീം പാർക്കുകളും രണ്ട് വാട്ടർ പാർക്കുകളും ഇരുപതിലധികം റിസോർട്ട് ഹോട്ടലുകളും വിനോദത്തിനുള്ള നിരവധി ഇടങ്ങളുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1965 ൽ വാൾട്ട് ഡിസ്നി വിലയ്ക്കു വാങ്ങിയ 43 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചത്. പിന്നീട് മൂന്ന് തീം പാർക്കുകൾ കൂടി ഡിസ്നി വേൾഡിന്റെ ഭാഗമായി ചേർക്കപ്പെട്ടു. വാൾട്ട് ഡിസ്നിയുടെ കഥകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് തീം പാർക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.