പ്രസംഗം: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍

ബ്ര. ജിജോ വെള്ളക്കിഴങ്ങില്‍ MSJ

പരിശുദ്ധ അമ്മയാല്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

നരകത്തിന്റെ കെണിയില്‍ നിന്നും മനുഷ്യകുലത്തെ തന്റെ നീലകുപ്പായം കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്ന പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ ഏവര്‍ക്കും നേരുന്നു.

ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ നോമ്പ് നോക്കി, പ്രാര്‍ത്ഥിച്ചൊരുങ്ങുന്ന ഈ വേളയില്‍ അമലോത്ഭവത്തിരുനാളിന് വലിയ പ്രാധാന്യമുണ്ട്. കാരണം, വി. പത്താം പീയൂസ് പാപ്പാ പറയുന്നു: ‘അമ്മയായ മറിയത്തെ കാണാതെ ഉണ്ണിയേശുവിനെ കാണുക സാധ്യമല്ല.’ 1854 ഡിസംബര്‍ 8- നാണ് ഒമ്പതാം പീയൂസ് പാപ്പാ ‘അവര്‍ണ്ണനീയനായ ദൈവം’ എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, 7-ാം നൂറ്റാണ്ടു മുതല്‍ക്കേ സഭയുടെ പാരമ്പര്യത്തി ല്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാള്‍ ആഘോഷിച്ചുപോന്നു. പിന്നീട്, 1858- ല്‍ പരിശുദ്ധ അമ്മ തന്നെ വി. ബെര്‍ണ്ണദീത്താക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ഞാന്‍ അമലോത്ഭവയാണ്.” തന്റെ വെളിപാടും ദൈവനിയോഗവുമനുസരിച്ച് സഭ ഇത് വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോള്‍ അമ്മ അത് തന്റെ ദര്‍ശനത്തിലൂടെ സ്ഥിരീകരിച്ചു.

വി. ലൂക്കായുടെ സുവിശേഷം 1-ാം അധ്യായം 28-ാം വാക്യത്തില്‍ ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അഭിവാദനം ചെയ്യുന്നത്: ‘ദൈവകൃപ നിറഞ്ഞവളേ സ്വസ്തി’ എന്നാണ്. മറിയത്തിന്റെ ജീവിതവിശുദ്ധിയുടെ മനോഹാരിതയും സൗന്ദര്യവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു വചനമായിരുന്നു അത്. ദൈവകൃപയില്‍ നിറയുക എന്നു പറയുന്നത് പാപത്തിന്റെ മാലിന്യം അല്‍പം പോലുമേശാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പദ്ധതികളോട് ചേര്‍ന്ന് സഹകരിക്കുന്നവരുടെ ജീവിതത്തില്‍ ദൈവം നല്‍കുന്ന അനുഗ്രഹങ്ങളാണ് ഈ കൃപകള്‍.

പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുന്നാള്‍ നാം ആഘോഷിക്കുമ്പോള്‍ അമ്മയില്‍ വിളങ്ങിയിരുന്ന ഈ കൃപകള്‍ എങ്ങനെ നമുക്ക് സ്വന്തമാക്കാം എന്ന് ചിന്തിക്കുക ഉചിതമായിരിക്കും. ഒന്നാമതായി, പരിശുദ്ധ അമ്മയെപ്പോലെ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതാണ്. പരിശുദ്ധ അമ്മയുടെ വിശുദ്ധി ദൈവത്തിന്റെ ദാനമാണെങ്കില്‍, ഈ ദാനം ക്രിസ്തുവില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. വി. പൗലോസ് ശ്ലീഹ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം 1-ാം അധ്യായം 4-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ തന്റെ മുമ്പില്‍ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്ന് നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു.” ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക് അവിടുന്ന് കൊടുക്കുന്ന ഒരു പ്രത്യേക കൃപയാണ് വിശുദ്ധി എന്നത്. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറഞ്ഞുകൊണ്ട് തന്റെ ജീവിതം മുഴുവനും ദൈവത്തിന്റെ ദാസിയായി ജീവിച്ച് തന്റെ ജീവിതവിശുദ്ധി ഉയര്‍ത്തിപ്പിടിച്ചവളാണ് പരിശുദ്ധ കന്യകാമറിയം.

ഇന്ന് ഈ ആധുനിക ലോകത്തില്‍ എത്ര പേര്‍ക്ക് തങ്ങളുടെ ഈ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നുണ്ട് എന്നത് ഈ തിരുനാള്‍ നമുക്ക് മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. കാണേണ്ടത് കാണാനും കാണാന്‍ പാടില്ലാത്തത് കാണാതിരിക്കാനും, കേള്‍ക്കേണ്ടത് കേള്‍ക്കാനും കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കാതിരിക്കാനും, പറയേണ്ടത് പറയാനും പറയാന്‍ പാടില്ലാത്തത് പറയാതിരിക്കാനും നമുക്ക് പരിശ്രമിക്കാം. അങ്ങനെ വാക്കിലും പ്രവര്‍ത്തിയിലും വിശുദ്ധി പാലിച്ച് പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധത എന്ന പുണ്യം അഭ്യസിക്കാനും കാത്തുസൂക്ഷിക്കാനും നമുക്ക് പരിശ്രമിക്കാം.

രണ്ടാമതായി, പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിന് ജന്മം കൊടുക്കുന്നവരായി മാറുക എന്നതാണ്. നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും നന്മയുള്ളതാക്കി മാറ്റിക്കൊണ്ട് ക്രിസ്തുവിന് ജന്മം കൊടുക്കാന്‍ നമുക്ക് സാധിക്കും. വി. ലൂക്കായുടെ സുവിശേഷം 8-ാം അദ്ധ്യായം 21-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും.” ദൈവവചനം ശ്രവിച്ച് അതനുസരിച്ച് ജീവിതത്തെ നാം ക്രമപ്പെടുത്തുമ്പോള്‍ ക്രിസ്തുവിന് ജന്മം കൊടുക്കുന്ന അമ്മമാരായി നമ്മളും മാറുന്നു.

‘ഈ ചെറിയവരില്‍ ഒരുവന് നിങ്ങളിത് ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തുതന്നത്’ എന്ന ക്രിസ്തുവചനം കൊല്‍ക്കത്തയിലെ മദര്‍ തെരേസായില്‍ ജന്മമെടുത്തപ്പോള്‍ ജനം ആ കന്യാസ്ത്രീയെ ‘പാവങ്ങളുടെ അമ്മ’ എന്നു വിളി ച്ചു. സഹതടവുകാരനു വേണ്ടി സ്വജീവന്‍ ബലികഴിച്ച കോള്‍ബേ എന്ന പുരോഹിതന്‍ തീര്‍ച്ചയായും ക്രിസ്തുവിന് ജന്മം കൊടുത്തവനായിരുന്നു. കാരണം, ‘സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കൊടുക്കന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല’ എന്ന ക്രിസ്തുവചനം അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. ദൈവവചനം ശ്രവിച്ചും അനുസരിച്ചും ക്രിസ്തുവിന് ജന്മം കൊടുക്കുന്നവരായി മാറാന്‍ നമുക്കും സാധിക്കട്ടെ.

പ്രിയമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും ജന്മം കൊടുക്കാനും നമുക്ക് സാധിക്കട്ടെ. അതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമുക്ക് പ്രത്യേകം യാചിക്കാം. ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി ഏറ്റവും അടുത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നമുക്കും പ്രാര്‍ത്ഥിക്കാം, പരിശുദ്ധ അമ്മേ, അമലോത്ഭവമാതേ, അമ്മയെപ്പോലെ ജീവിതവിശുദ്ധി കാത്തുപാലിക്കാനും ഈശോയെ മറ്റുള്ളവര്‍ക്കായി പകര്‍ന്നുകൊടുക്കാനും ഞങ്ങളെയും സഹായിക്കണേ.’

സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിജോ വെള്ളക്കിഴങ്ങില്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.