ഞായർ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം ഞായർ ആഗസ്റ്റ് 29 ഉള്‍ക്കണ്ണിലെ പ്രകാശം

ബ്ര. ജോണ്‍സണ്‍ പുളിങ്ങപ്പള്ളില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ,

കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ രൂപാന്തരീകരണവും അവിടുത്തെ രണ്ടാമത്തെ ആഗമനവും അനുസ്മരിച്ച് ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ രക്ഷയുടെയും പ്രത്യാശയുടെയും ചിഹ്നമായി ഉയര്‍ത്തിപ്പിടിച്ച് വിജയശ്രീലാളിതനായി നീതിമാന്മാരോടൊപ്പം ദൈവത്തിന്റെ വലതുഭാഗം അലങ്കരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ ഒന്നാം ഞായറാഴ്ച തിരുസഭാമാതാവ് വി. ലൂക്കായുടെ സുവിശേഷം 18-ാം അദ്ധ്യായം 35 മുതല്‍ 43 വരെയുള്ള വാക്യങ്ങളാണ് നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്.

കടന്നുപോകുന്ന തമ്പുരാനെ, ദാവീദിന്റെ പുത്രനെ വിളിച്ചുനിര്‍ത്തി അനുഗ്രഹം നേടിയ ഒരു അന്ധയാചകനെയും അവന്റെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളുമാണ് ഇന്നത്തെ സുവിശേഷത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ഒറ്റപ്പെട്ടവന്റെ ജീവിതത്തില്‍ കരുണയുടെ കരങ്ങളാകുകയും അവന്റെ മുമ്പില്‍ കാരുണ്യത്തിന്റെ പ്രതിരൂപമാവുക എന്നതും സ്‌നേഹത്തെ കരുണയായി കാണുന്ന ഒരു വ്യക്തിക്കു മാത്രം കഴിയുന്ന കാര്യമാണ്. സ്‌നേഹവും കരുണയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഒരു വ്യക്തിക്കു മാത്രമേ യേശുവിനെ തന്റെ കണ്ണുകളില്‍ പ്രതിഫലിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. കടന്നുപോകുന്ന കര്‍ത്താവിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അന്ധന്റെ ഹൃദയം ജ്വലിക്കുകയായിരുന്നു. കരുതലിനും സൗഖ്യത്തിനും വേണ്ടിയുള്ള അവന്റെ നിലവിളി കര്‍ത്താവിന്റെ സന്നിധിയിലെത്തിയപ്പോള്‍ അത് സൗഖ്യത്തിന്റെയും നിത്യരക്ഷയുടെയും സമയമായി മാറി.

ഒരു മനുഷ്യന്റെ എല്ലാ അറിവിന്റെയും അനുഭവങ്ങളുടെയും ആദ്യവാതില്‍ അവന്റെ കണ്ണുകളാണ്. പക്ഷേ, അന്ധത പലപ്പോഴും അവനെ ആപത്തിലേക്ക് കൊണ്ടെത്തിക്കുന്നു. അത് ശാരീരിക അന്ധതയല്ല; മനസിന്റെ അന്ധതയാണ്. കാണാന്‍ കണ്ണുണ്ടായിട്ടും കൂടെയുള്ളവനെ മനസിലാക്കാന്‍ അവന് കഴിയാതെ പോകുന്നു. ‘അടുത്തു നില്‍പോരവനെ നോക്കാന്‍ അഷികളില്ലാത്തോനരൂപനീശന്‍, അദൃശ്യനായാല്‍ അതിലെന്താശ്ചര്യം’ എന്ന് മഹാകവി ഉള്ളൂര്‍ തന്റെ പ്രേമസംഗീതം എന്ന കവിതയില്‍ പറയുന്നുണ്ട്.

കേട്ടുപഴകിയ ഒരു കഥയാണിത്. ദിവസവും പരിക്കുമായി വീട്ടിലേക്കു വരുന്ന അന്ധയാചകന്, മറ്റുള്ളവര്‍ക്ക് അവനെ കാണുന്നതിനു വേണ്ടി കൂട്ടുകാരന്‍ ഒരു തൂക്കുവിളക്ക് സമ്മാനമായി കൊടുത്തു. പക്ഷേ, അന്നും അയാള്‍ തട്ടിവീണു. പെട്ടെന്ന് തപ്പിത്തടഞ്ഞെഴുന്നേറ്റ ആ യാചകന്‍ ക്ഷുഭിതനായി ചോദിച്ചു: ‘തനിക്കും കണ്ണു കാണില്ലേ? എന്റെ കയ്യില്‍ വിളക്കിരിക്കുന്നത് കണ്ടില്ലേ?’ എന്നാല്‍ മറ്റേ വ്യക്തി വളരെ ശാന്തമായി പറഞ്ഞു: ‘സുഹൃത്തേ, താങ്കളുടെ കയ്യില്‍ വിളക്കുണ്ടായിരിക്കാം. പക്ഷേ, അതില്‍ പ്രകാശമില്ലാതെ ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ വരുന്നുണ്ടെന്ന് അറിയുക.’

കാഴചയുടെ വലിയ അര്‍ത്ഥതലങ്ങളിലേക്കാണ് ഈ കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അന്ധത എന്നത് പ്രകാശം തിരിച്ചറിയാന്‍ സാധിക്കാത്ത മനുഷ്യന്റെ അവസ്ഥയാണ്. മുന്നില്‍ നില്‍ക്കുന്നവന്‍ തന്റെ കണ്ണുകള്‍ കൂടുതല്‍ പ്രകാശിതമാക്കുവാന്‍ കഴിവുള്ളവനാണെന്ന് അറിയാതെ ജീവിക്കുന്നതാണ് യഥാര്‍ത്ഥമായ അന്ധത. ഇന്നത്തെ സുവിശേഷത്തിലെ യാചകന്‍ അന്ധനാണെങ്കിലും ദാവീദിന്റെ പുത്രനായ യേശുവിനെ തിരിച്ചറിയുവാനും രക്ഷ പ്രാപിക്കുവാനും കഴിഞ്ഞവനാണ്. കടന്നുപോകുന്ന കര്‍ത്താവിനെ കാണാനുള്ള കഴിവില്ലായ്മയാണ് പുതിയ തലമുറയുടെ അന്ധത. അകക്കണ്ണുകളുടെ വെളിച്ചത്തില്‍ കടന്നുപോകുന്ന കര്‍ത്താവിനെ കണ്ട് നിലവിളിച്ച് അപേക്ഷിക്കുകയാണ് അന്ധയാചകന്‍. കൂടെയുണ്ടായിരുന്ന ജനക്കൂട്ടം തൊട്ടും മുട്ടിയുമൊക്കെ നടന്നിട്ടും കര്‍ത്താവാണ് കൂടെ നടക്കുന്നതെന്ന ബോദ്ധ്യമില്ലാതെ അകമേ അന്ധരായവരാണ്. ജീവിതത്തിലെ ചില കാഴ്ചകള്‍ മറഞ്ഞ് അന്ധരായിത്തീരുമ്പോള്‍ കടന്നുപോയവന്‍ കര്‍ത്താവാണെന്ന് നാം വൈകിയേ മനസിലാക്കുകയുള്ളൂ.

ചെറുപ്പത്തിലേ തന്നെ അന്ധയും ബധിരയുമായ ഹെലന്‍ കെല്ലര്‍ തന്റെ ജീവിതത്തെക്കുറിച്ചു പറയുന്നതിനിടയില്‍ ഇപ്രകാരം പറഞ്ഞു: “ഞാന്‍ ഒരു യൂണിവേഴ്സ്റ്റിയുടെ വൈസ് ചാന്‍സിലര്‍ ആയിരുന്നെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഒരു വിഷയം തന്നെ കൊണ്ടുവരുമായിരുന്നു. കാരണം, കണ്ണില്ലാത്തപ്പോള്‍ മാത്രമേ കണ്ണിന്റെ വില അറിയൂ.” അന്ധയാചകന്‍ തന്റെ ഉള്‍ക്കണ്ണുകളുടെ വെളിച്ചത്തിലാണ് കടന്നുപോകുന്ന കര്‍ത്താവിനെ തിരിച്ചറിയുന്നത്.

പ്രശസ്ത നോവലിസ്റ്റായ പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ ഇപ്രകാരം പറയുന്നു: “അവസരങ്ങളുമായി ദൈവം നമ്മെ തേടിവരുന്നത് വളരെ അപൂര്‍വ്വമായിട്ടേയുള്ളൂ. ഒരു തവണയെങ്കിലും അവിടുന്ന് വരാതിരിക്കില്ല. അത് കണ്ടെത്തി സ്വീകരിക്കുന്നവന്‍ രക്ഷ പ്രാപിക്കും; നഷ്ടപ്പെടുത്തുന്നവന്‍ കഷ്ടപ്പെടും.” അന്ധയാചകന്റെ മുമ്പിലൂടെ ദൈവം കടന്നുപോയപ്പോള്‍ ഇത് തനിക്കു വന്ന അവസരമാണെന്നു മനസിലാക്കി ഉചിതമായി പ്രവര്‍ത്തിച്ച് ജീവിതത്തില്‍ രക്ഷ നേടിയവനാണ് അവന്‍.

ജീവിതത്തില്‍ പലപ്പോഴായി നമ്മുടെ മുമ്പില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട ഒരുപാട് അവസരങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒരോ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുമ്പോഴും അവിടുത്തെ സ്വീകരിക്കുമ്പോഴും തന്റെ അന്ധത നീക്കി തന്നെ സുഖപ്പെടുത്താന്‍ കഴിവുള്ളവനാണ് അവനെന്നു മനസിലാക്കി അവനില്‍ നിന്ന് രക്ഷ പ്രാപിക്കുവാന്‍ സാധിക്കണം. വിശുദ്ധ കുര്‍ബാന പോലെ തന്നെ നമ്മുടെ ജീവിതത്തിലെ അന്ധത നീക്കാന്‍ നമ്മെ സഹായിക്കുന്നതാണ് വിശുദ്ധ ഗ്രന്ഥവും കൂദാശകളും മറ്റു പ്രാര്‍ത്ഥനകളും. ഇവ വഴി നമുക്ക് ന മ്മുടെ മുമ്പിലൂടെ കടന്നുപോകുന്ന കര്‍ത്താവിനെ പിടിച്ചുനിര്‍ത്തി സൗഖ്യം പ്രാപിക്കാം. പഴയനിയമത്തിലെ ഇസ്രായേല്‍ ജനതയെപ്പോലെ ദൈവം കടന്നുപോയ വഴികളെല്ലാം പല തവണ കൊട്ടിയടച്ചവരാണ് നമ്മള്‍. വി. അഗസ്തീനോസ് ഇപ്രകാരം പറയുന്നു: “കടന്നുപോകുന്ന കര്‍ത്താവിനെ നാം ഭയപ്പെടേണം. കാരണം അവന്‍ പോയ വഴിയില്‍ക്കൂടി തിരിച്ചുവരുമോ എന്ന് നമുക്ക് അറിയില്ല.”

പ്രിയമുള്ള സഹോദരങ്ങളേ, പൗരസ്ത്യ സഭാപിതാവായ വി. എഫ്രേം പറയുന്നത്, “ആ അന്ധയാചകന് കാഴ്ച മാത്രമല്ല നിത്യജീവനും കൂടിയാണ് കര്‍ത്താവില്‍ നിന്ന ലഭിച്ചത്.” തന്റെ മുന്നിലൂടെ കടന്നുപോയ കര്‍ത്താവിനെ തന്റെ ഉള്‍ക്കാഴ്ച കൊണ്ട് കണ്ട് രക്ഷ പ്രാപിച്ച അന്ധനെപ്പോലെ നമുക്കും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന കര്‍ത്താവിനെ കണ്ണു കൊണ്ട് കണ്ട്, അവനെ പിടിച്ചുനിര്‍ത്തി അവന്റെ പക്കല്‍ നിന്നും അനുഗ്രഹങ്ങള്‍ ചോദിച്ചുവാങ്ങാം. അല്ലാതെ കൂടെ നടന്നിട്ടും ഉള്ളാലെ അന്ധരായ ജനക്കൂട്ടത്തിലൊരാളാകരുത്. കണ്ണുകളുടെ തുറവിയേക്കാള്‍ ഉള്‍ക്കണ്ണിന്റെ തുറവിയുണ്ടായിരിക്കണം. കടന്നുപോകുന്ന കര്‍ത്താവിനെ തിരിച്ചറിയുവാനുള്ള ഉള്‍ക്കാഴ്ച ഉണ്ടായിരിക്കണം. മനസ് എപ്പോള്‍ കര്‍ത്താവിനു വേണ്ടി തുറക്കുന്നുവോ അവിടെ നിന്റെ കണ്ണുകളുടെ പ്രകാശം ഇരട്ടിയായിരിക്കും. ഉള്‍ക്കണ്ണുകളില്‍ പ്രകാശമുണ്ടായാല്‍ ജീവിതം ശോഭിതമാകും. അതിനായി സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും പ്രാപ്തരാക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍.

ബ്ര. ജോണ്‍സണ്‍ പുളിങ്ങപ്പള്ളില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.