ഞായര്‍ പ്രസംഗം 2 സ്ലീഹാക്കാലം മൂന്നാം ഞായര്‍ ലൂക്കാ 10: 25-37 ജൂണ്‍ 23 നല്ല സമരിയാക്കാരന്‍

നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം എന്ന ഒരു നിയമജ്ഞന്റെ ചോദ്യമാണ് നല്ല സമരിയക്കാരന്റെ ഉപമയിലേയ്ക്ക് ഈശോയെ നയിക്കുന്നത്. ഒരുപക്ഷെ, ആധുനിക തലമുറയുടെ മക്കളായ നമ്മള്‍ ഇന്ന് ചോദിക്കുവാന്‍ അല്ലെങ്കില്‍ അന്വേഷിക്കുവാന്‍ മറന്നുപോകുന്ന ഒരു ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. അതിനാല്‍ സ്വാഭാവികമായി തന്നെ ഈ ചോദ്യകര്‍ത്താവിനോട് നമുക്കൊരു ബഹുമാനം തോന്നിയേക്കാം. എന്നാല്‍, നാം ഇവിടെ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ഈ ചോദ്യമുയരുന്നത് ഒരു നിയമപണ്ഡിതന്റെ ഭാഗത്തു നിന്നാണ്. നിയമഗ്രന്ഥവും പ്രവചനങ്ങളും അറിയാമെന്ന് സ്വയം കരുതുകയും മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ താന്‍ യോഗ്യനാണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ഒരു നിയമപണ്ഡിതനാണ് ചോദ്യം ഉന്നയിക്കുന്നത്. ഇവിടെ ഇദ്ദേഹം ഈ ചോദ്യം ഉന്നയിക്കുന്നതിനു പിന്നില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. അത് യേശുവിനെ അറിയാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച്, യേശുവിനെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ്. എന്തെന്നാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അയാള്‍ക്ക് വ്യക്തമായറിയാം. എന്നാല്‍ അയാള്‍ക്കറിയേണ്ടത് ദൈവശാസ്ത്ര സര്‍ട്ടിഫിക്കറ്റും കലാലയ വിദ്യാഭ്യാസവുമില്ലാത്ത ഈ പ്രവാചകന്‍ എന്ത് ഉത്തരം നല്‍കുന്നു എന്നതാണ്. അതിനാല്‍ ആണ് ഈശോയോട്, എന്റെ അയല്‍ക്കാരന്‍ ആരാണ് എന്ന മറുചോദ്യത്തിന് അവന്‍ മുതിരുന്നത്. അവിടെ അവന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഈശോ നല്ല സമരിയാക്കാരന്റെ ഉപമ പറയുന്നത്.

ഒരിക്കല്‍ ഒരു ലൂഥറന്‍ പാസ്റ്റര്‍ വചനശുശ്രൂഷയ്ക്കിടെ ഇപ്രകാരം പറഞ്ഞു: ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ഇറാഖിലെ ഫല്ലുങ്ങായില്‍ നിന്നും ബാഗ്ദാദിലേയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് കുറെ കള്ളന്മാര്‍ അയാളെ ആക്രമിച്ചു. അയാളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളും സമ്പാദ്യങ്ങളും പിടിച്ചുമേടിച്ച് കള്ളന്മാര്‍ കടന്നുകളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അതിലെ മാര്‍പാപ്പാ കടന്നുവന്നു. അപ്പോള്‍ ആ പട്ടാളക്കാരന്റെ ഉള്ളില്‍ ഒരു പ്രതീക്ഷ വന്നു. വീണുകിടക്കുന്നത് പട്ടാളക്കാരനാണെങ്കിലും മറ്റൊരു പ്രധാന പരിപാടിയില്‍ പങ്കെടുക്കാനുള്ളതു കൊണ്ട് മാര്‍പാപ്പായുടെ കാര്‍ നിര്‍ത്താതെ അയാളെ കടന്നുപോയി. അല്‍പം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ആ വഴിയേ വന്നു. അദ്ദേഹത്തിന് ഒരു പ്രസ്സ് മീറ്റിംഗ് ഉണ്ടായിരുന്നതിനാല്‍ അദ്ദേഹവും പട്ടാളക്കാരനെ മറികടന്നുപോയി. അപ്പോഴാണ് ബിന്‍ലാദന്‍ ആ വഴി വന്നത്. ആ പട്ടാളക്കാരനെ കണ്ട് അയാളുടെ മനസ്സലിഞ്ഞു. അയാള്‍, പട്ടാളക്കാരന്റെ അടുത്തു ചെന്ന് മുറിവുകള്‍ വച്ചുകെട്ടിയതിനു ശേഷം തന്റെ കുതിരപ്പുറത്ത് കയറ്റി അയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സാ ചെലവും അയാള്‍ തന്നെ വഹിച്ചു.

ഉടനെ പള്ളിയ്ക്കകത്തു നിന്നും ‘പാസ്റ്ററെ, നിര്‍ത്തൂ. മണ്ടത്തരം വിളിച്ചുപറയാതെ…’ എന്ന് ഒരു യുവാവ് വിളിച്ചു പറഞ്ഞു.

പ്രിയമുള്ളവരെ, ഈ കഥ നമുക്ക് ഒരിക്കലും ദഹിക്കാനാവില്ല. എന്തെന്നാല്‍ ഈ കഥയില്‍ ഒരു ലോജിക്കും കണ്ടെത്താന്‍ നമുക്ക് സാധിക്കില്ല. ഇതുപോലെ ഈശോ പറഞ്ഞ നല്ല സമരിയാക്കാരന്റെ കഥ ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം അവന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. കാരണം, യഹൂദരും സമരിയാക്കാരും ബദ്ധശത്രുക്കളായിരുന്നു. സങ്കരവര്‍ഗ്ഗക്കാരായ സമരിയാക്കാരെ യഹൂദര്‍, അവജ്ഞതയോടെയാണ് വീക്ഷിച്ചിരുന്നത്. യേശുവിന്റെ കാലഘട്ടത്തില്‍പ്പോലും യഹൂദരും സമരിയാക്കാരും തമ്മില്‍ ശത്രുത നിലനിന്നിരുന്നു. ജറുസലേമില്‍ നിന്ന് ഗലീലിയിലേയ്ക്ക് പോകാന്‍ സമരിയായിലൂടെ എളുപ്പവഴി ഉണ്ടായിരുന്നെങ്കിലും യഹൂദന്മാര്‍ സമരിയായിലൂടെയുള്ള വഴി ഒഴിവാക്കി ജോര്‍ദ്ദാന്‍ നദീതീരത്തു കൂടിയുള്ള വഴിയാണ് ഉപയോഗിച്ചിരുന്നത്. ഇത്രമാത്രം ശത്രുത പുലര്‍ത്തിയിരുന്ന ഒരു യഹൂദനോടാണ്, ‘നിന്റെ അയല്‍ക്കാരന്‍ സമരിയാക്കാരനായ വിജാതീയന്‍ ആണ്’ എന്ന് ഈശോ പറയുന്നത്.

തിരിച്ചറിയുക, നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ ഈശോ നമ്മെ ഓരോരുത്തരെയും വെല്ലുവിളിക്കുകയാണ്. നമ്മുടെ സ്‌നേഹിതനിലേയ്ക്ക് മാത്രം നമ്മുടെ സ്‌നേഹവും സഹായവും ഒതുങ്ങിനില്‍ക്കാതെ നമ്മെ പീഡിപ്പിക്കുന്നവരിലേയ്ക്കു കൂടി നമ്മുടെ സ്‌നേഹവും സഹായവും ശുശ്രൂഷയും എത്തണമെന്ന് ഈശോ ഈ ഉപമയിലൂടെ നമ്മോട് ആവശ്യപ്പെടുകയാണ്.
മുപ്പത് വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെയും, ചങ്ങലകളാല്‍ ബന്ധിക്കുവാന്‍ വന്ന ചെവിയറ്റ രാജസേവകനെയും, മുഖത്ത് കാറിത്തുപ്പിയ പട്ടാളക്കാരനെയും, വിലാവില്‍ കുന്തം കൊണ്ടു കുത്തിയ പടയാളിയെയും സ്‌നേഹിതനായി കാണുവാന്‍ തന്റെ ജീവിതമാതൃകയിലൂടെ എന്നോടും നിന്നോടും ഈശോ ആവശ്യപ്പെടുകയാണ്. നീയും പോയി അതുപോലെ ചെയ്യുക.

പ്രിയമുള്ളവരെ, ഈ നിമിഷം നമുക്ക് നമ്മുടെ ജീവിതത്തെ ഒന്ന് പരിശോധിക്കാം. നമ്മുടെ ജീവിതത്തില്‍ നാം സമരിയാക്കാരനായിക്കണ്ട് മാറ്റിനിര്‍ത്തുന്നവരോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ്? അവരുടെ വീഴ്ചയില്‍ എനിക്ക് നല്ല സമരായന്‍ ആകുവാന്‍ സാധിക്കുന്നുണ്ടോ? ഒരുപക്ഷെ, അവനെ സഹായിക്കാതിരിക്കാനുള്ള കാരണങ്ങള്‍ പലതായിരിക്കാം. പ്രകാശത്തിന്റെ നാട്ടില്‍ നിന്ന് അന്ധകാരത്തിന്റെ നാട്ടിലേയ്ക്ക് അവന്‍ പോകരുതായിരുന്നു; അവന്‍ എന്റെ കൂടെ നില്‍ക്കണമായിരുന്നു; എന്നെ ഒറ്റുവാന്‍ പാടില്ലായിരുന്നു; എന്നെ സഹായിക്കേണ്ട സമയത്ത് അവന്‍ സഹായിക്കണമായിരുന്നു…

എന്നാല്‍, ഈശോ നമ്മോട് പറയുന്നു: ‘പ്രിയപ്പെട്ട മകനേ, ഈ വഴിയിലൂടെ നടക്കുന്നവരെല്ലാം നിന്റെ അയല്‍ക്കാരനാണ്.’ അവന്റെ യാത്രയുടെ ഉദ്ദേശശുദ്ധിയല്ല അവനെ നിന്റെ അയല്‍ക്കാരനാക്കുന്നത്. അവന്‍ വഴിതെറ്റിയവനായിരിക്കാം, അപകടത്തില്‍ പെട്ടവനായിരിക്കാം, നിന്നെ ചതിച്ചവനായിരിക്കാം… എന്നാല്‍ അവന് നിന്റെ സാന്നിധ്യം ആവശ്യമാണ്. അവന് നിന്റെ സമയവും പണവും ഫോണും സാന്നിധ്യവും ആവശ്യമുണ്ട്. അതിനാല്‍ നിന്റെ കാഴ്ചപ്പാടും മനോഭാവവും അടിസ്ഥാനപരമായി വിപ്ലവകരമായ ഒരു മാറ്റത്തിന് കാരണമായി തീരുന്നെങ്കില്‍ മാത്രമേ നിനക്ക് നല്ല ഒരു അയല്‍ക്കാരനാകാന്‍ സാധിക്കുകയുള്ളൂ. അതല്ലെങ്കില്‍ നിയമത്തിന്റെയും സാമൂഹ്യവ്യവസ്ഥിതിയുടെയും പേരില്‍ തിരിഞ്ഞുനടന്ന പുരോഹിതനെയും ലേവായനെയും പോലെ ദൈവസ്‌നേഹമില്ലാത്തവരായി നാം മാറും. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ സാധിക്കുന്നവനേ ദൈവത്തെ സ്‌നേഹിക്കുവാന്‍ സാധിക്കൂ.

അതോടൊപ്പം തന്നെ ഇന്നത്തെ സുവിശേഷം നമുക്ക് കാട്ടിത്തരുന്നത് നിത്യജീവനിലേയ്ക്കുള്ള വഴി കൂടിയാണ്. നിത്യജീവനിലേയ്ക്കുള്ള വഴിയേ നാം ഒരുപാട് യാത്ര ചെയ്യേണ്ടതില്ല. എന്തെന്നാല്‍, ആ വഴി നാമായിരിക്കുന്ന ദൈവാലയത്തിന്റെയും നമ്മുടെ ഭവനത്തിന്റെയും നമ്മുടെ ഓഫീസ് മുറികളുടെയും മുമ്പിലൂടെയാണ്. ആ വഴിയില്‍ അവശരായി വീണുകിടക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ സാധിച്ചാല്‍ നമുക്ക് നിത്യജീവന്‍ ലഭിക്കുമെന്നത് ഉറപ്പാണ്. വീണുകിടക്കുന്നവനെ കൈപിടിച്ചുയര്‍ത്തിയാല്‍ അവന്‍ എന്റെ ജീവന്‍ അപഹരിക്കുമെന്ന് പേടി വേണ്ട. എന്തെന്നാല്‍, ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ട അലക്‌സാണ്ടര്‍ എന്ന യുവാവിനെ വിശുദ്ധനാക്കിയ മരിയ ഗൊരേത്തിക്കും, ഭീകരസംഘടനയില്‍ അംഗമായിരുന്ന അലി അഗ്ക എന്ന യുവാവിനെ സ്‌നേഹിതനാക്കിയ വി. ജോണ്‍പോള്‍ രണ്ടാമനും, വാടക കൊലയാളിയായ സമീന്ദര്‍ സിങിനെ സഹോദരനാക്കി മാറ്റിയ വാഴ്ത്തപ്പെട്ട റാണി മരിയയ്ക്കും പാപത്തിന്റെ അന്ധകാരത്തില്‍ വീണുകിടന്നിരുന്ന തന്റെ അയല്‍ക്കാരെ കൈപിടിച്ചുയര്‍ത്തിയപ്പോള്‍ തങ്ങളുടെ ജീവന്‍ നഷ്ടമാവുകയല്ല മറിച്ച്, നിത്യജീവന് അവകാശികളാവുകയാണ് ചെയ്തത്.

അതിനാല്‍ പ്രിയമുള്ളവരെ, ജറുസലേമില്‍ നിന്ന് ജറീക്കോയിലേയ്ക്കുള്ള നമ്മുടെ വഴിയാത്രയില്‍ വീണുകിടക്കുന്നവരെ കൈപിടിച്ചുയര്‍ത്തുന്ന നല്ല സമരിയാക്കാരനായി നമുക്ക് മാറാം.

ഡീ. സൂരജ് കടവില്‍