ഞായര്‍ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായര്‍ ഒക്ടോബര്‍ 18 അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ഈശോ, മിശിഹായാണ് എന്ന് വെളിപ്പെടുത്തുവാന്‍ പോന്ന നാല് ശക്തമായ അത്ഭുതപ്രവര്‍ത്തികളാണ് ലൂക്കായുടെ സുവിശേഷത്തിന്റെ എട്ടാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ അവസാനത്തെ രണ്ട് അത്ഭുതങ്ങളാണ് ഇന്നത്തെ സുവിശേഷവായന. സമാന്തരസുവിശേഷങ്ങള്‍ മൂന്നിലും ഈ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. ശിഷ്യന്മാര്‍ക്കുള്ള ഈശോയുടെ വെളിപാടായി ഈ അത്ഭുതങ്ങളെ കാണാം. ആണോ, പെണ്ണോ, മുതിര്‍ന്നവരോ, പൈതങ്ങളോ, അധികാരിയോ, അശുദ്ധനോ ആരുമായിക്കൊള്ളട്ടെ, എല്ലാവര്‍ക്കും ഈശോ നല്‍കുന്ന രക്ഷയുടെ അനുഭവം സ്വന്തമാക്കുവാന്‍ സാധിക്കുമെന്ന് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചുതരുന്നു.

രണ്ടു സ്ത്രീകളിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ ഈശോ പ്രവര്‍ത്തിച്ച രണ്ട് അത്ഭുതങ്ങളെയാണ് നാം വായിച്ചുകേട്ടത്. സിനഗോഗ് അധികാരിയായ ജായ്റോസിന്റെ പന്ത്രണ്ടു വയസ്സുള്ള മകളെ മരണത്തില്‍ നിന്ന് ജീവനിലേയ്ക്ക് നയിക്കുന്നതും, പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീയെ സുഖപ്പെടുത്തുന്നതും. ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ ഈ രണ്ട് അത്ഭുതങ്ങളിലും ചില പൊതുവായ കാര്യങ്ങള്‍ നമുക്ക് കണ്ടെത്തുവാനായി സാധിക്കും.

ഒന്നാമതായി, ജായ്‌റോസും രക്തസ്രാവക്കാരി സ്ത്രീയും സ്വയം എളിമപ്പെടുവാന്‍ തയ്യാറായി. ജായ്‌റോസ് സിനഗോഗ് അധികാരിയാണ്. യഹൂദരുടെ സിനഗോഗിലെ നേതാക്കന്മാരുടെ തലവനാണ് സിനഗോഗ് അധികാരി. യഹൂദ വിഭാഗത്തില്‍ വലിയ വിലയും നിലയുമുള്ളവന്‍. ആ ജായ്‌റോസാണ് തന്റെ മകള്‍ക്കുവേണ്ടി ഈശോയുടെ കാല്‍ക്കല്‍ വീഴുന്നത്. ജായ്‌റോസിന്റെ ഹൃദയത്തിന്റെ എളിമപ്പെടലാണ് സുവിശേഷകന്‍ ഇവിടെ എടുത്തുകാണിക്കുന്നത്. രക്തസ്രാവക്കാരിയുടെ കാര്യത്തിലും ഇതേ എളിമപ്പെടല്‍ കാണുവാന്‍ സാധിക്കും. ‘വസ്ത്രത്തിന്റെ വിളുമ്പില്‍ തൊട്ടു’ എന്നൊരു വിശദാംശം ലൂക്കാ കൂട്ടിച്ചേര്‍ക്കുന്നു. ‘ക്രസ്പദോണ്‍’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ‘വിളുമ്പ്’ എന്ന പദം ഉത്ഭവിക്കുന്നത്. യഹൂദ പുരുഷന്മാര്‍ ധരിച്ചിരുന്ന മേലങ്കിയുടെ മുകളില്‍ ചേര്‍ത്തു തുന്നിയിരിക്കുന്ന തൊങ്ങല്‍ എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഒരു വ്യക്തി നിയമം പൂര്‍ണ്ണമായും അനുസരിച്ചു ജീവിക്കുന്നതിന്റെ ബാഹ്യ അടയാളമായിരുന്നു ഈ തൊങ്ങല്‍. ഈശോയുടെ വസ്ത്രത്തിന്റെ ഈ വിളുമ്പില്‍ തൊടുവാന്‍ ആ സ്ത്രീ എ ത്രമാത്രം കുനിഞ്ഞിരിക്കും. സമൂഹം അശുദ്ധയെന്നു പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന ആ സ്ത്രീ ഈശോയുടെ അടുത്തേയ്‌ക്കെത്താന്‍ എത്രമാത്രം ആട്ടും തുപ്പും സഹിച്ചിരിക്കും. ‘താണ നിലത്തേ നീരോടൂ. അവിടെ ദൈവം തുണയുള്ളൂ’ എന്ന് കവി പാടുന്നുണ്ട്. എനിക്ക് ഒന്നും ചെയ്യുവാനില്ല, ഇനി എന്തെങ്കിലും ചെയ്യുവാനുണ്ടെങ്കില്‍ അവിടുത്തേയ്ക്ക് മാത്രമേ സാധിക്കൂ എന്നുപറഞ്ഞ് കര്‍ത്താവിന്റെ മുമ്പില്‍ സ്വയം എളിമപ്പെടുന്നവള്‍.

രണ്ടാമതായി, നിരാശയുടെ ഇടയിലും പ്രത്യാശ കൈവിടാത്ത രണ്ടു ജീവിതങ്ങളാണ് ജായ്‌റോസിനറെയും രക്തസ്രാവക്കാരി സ്ത്രീയുടെയും. പന്ത്രണ്ടു വര്‍ഷമായി തങ്ങളുടെ കുടുംബജീവിതത്തിന്റെ സന്തോഷത്തിനു കാരണമായ ഏകമകള്‍ മരണാസന്നയായിരിക്കുന്നു. 12 വയസ്സുള്ള ബാലിക യൗവനത്തിന്റെ വസന്തത്തിലാണ്. 12-ാം വയസ്സില്‍ പെണ്‍കുട്ടികള്‍ പക്വതയിലെത്തി പുതുജീവന്‍ നല്‍കാന്‍ കഴിവുള്ളവരായിത്തീരുന്നതുകൊണ്ട് യഹൂദര്‍ മതപരമായ പ്രത്യേക ആഘോഷങ്ങളും ആചാരങ്ങളും നടത്തുമായിരുന്നു. ആ കുടുംബമാണ് ഇവിടെ ദുഃഖത്തില്‍ കഴിയുന്നത്. ഈ നിരാശയുടെ ഇടയിലും തന്റെ പ്രതീക്ഷ ജായ്‌റോസ് കൈവിടുന്നില്ല.

പന്ത്രണ്ടു വര്‍ഷക്കാലം രക്തസ്രാവം അനുഭവിച്ച സ്ത്രീയുടെ ജീവിതത്തിലെ നല്ലൊരു കാലഘട്ടം കഴിഞ്ഞു. സമൂഹത്തില്‍ നിന്നുള്ള അവഗണനയും തൊട്ടുകൂടായ്മയും. ഒരുപക്ഷേ, ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ ഡിപ്രഷനിലോ ആത്മഹത്യയിലോ ഒക്കെ അവസാനിക്കാമായിരുന്ന രണ്ടു ജീവിതങ്ങള്‍. ചെറിയ ഇടര്‍ച്ചകളില്‍പോലും പതറിപ്പോകുന്ന നമുക്ക് ഈ രണ്ട് ജീവിതങ്ങള്‍ വലിയ പാഠമാണ്. നിരാശയുടെ പടുകുഴിയിലൂടെ നാം കടന്നുപോകുമ്പോഴും, ഒരു വാതിലും നമ്മുടെ മുമ്പില്‍ തുറക്കാത്തപ്പോഴും നാം ഓര്‍ക്കണം, ഈ വചനം. “രക്ഷിക്കാനാകാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാകാത്തവിധം അവിടുത്തെ കാതുകള്‍ ക്ക് മാന്ദ്യം സംഭവിച്ചിട്ടുമില്ല” (ഏശയ്യാ 59:1).

മൂന്നാമതായി, രണ്ടുപേരും കര്‍ത്താവില്‍ അടിയുറച്ചു വിശ്വസിച്ചു. ഈശോ തന്റെ ഭവനത്തില്‍ വന്നാല്‍ ആസന്നമരണയായ മകളെ സുഖപ്പെടുത്താന്‍ സാധിക്കുമെന്നു വിശ്വസിച്ച സിനഗോഗ് അധികാരിയായ ജായ്‌റോസും, ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, താന്‍ സൗഖ്യം പ്രാപിക്കുമെന്നു വിശ്വസിച്ച രക്തസ്രാവക്കാരിയായ സ്ത്രീയും നമ്മുടെ ജീവിതത്തിന് വെല്ലുവിളികളാണ്. നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യം അവകാശപ്പെടുന്ന നമ്മുടെ വിശ്വാസം ഇത്രയും എത്തുമോ?

ഒത്തിരി അസ്വസ്ഥതകളുടെയും, രോഗപീഡകളുടെയും സാമ്പത്തിക ഞെരുക്കങ്ങളുടെയുമൊക്കെ ഈ കോവിഡ് കാലത്ത് ജായ്‌റോസിന്റെയും രക്തസ്രാവക്കാരിയുടെയും ജീവിതങ്ങള്‍ ഇരുള്‍ നിറയുന്ന നമ്മുടെ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കട്ടെ. നല്ല ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല. അവിടുന്നില്‍ നമുക്ക് പൂര്‍ണ്ണമായി വിശ്വസിക്കാം. നല്ല നാളുകള്‍ക്കായി പ്രത്യാശയോടെ കാത്തിരിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.

ബ്ര. വര്‍ഗ്ഗീസ് വലിയനിരപ്പേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.