ഞായര്‍ പ്രസംഗം ദനഹാക്കാലം ഒന്നാം ഞായര്‍ ജനുവരി 03 ലൂക്കാ 4: 14-30 സമഗ്രവിമോചകനായി വെളിപ്പെടുത്തപ്പെടുന്ന ഈശോ

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ദനഹാക്കാലത്തെ ഒന്നാം ഞായറാഴ്ചയാണിന്ന്. ഉദയം, ആവിഷ്‌കാരം, വെളിപാട്, പ്രത്യക്ഷവത്ക്കരണം എന്നൊക്കെയാണ് ‘ദനഹാ’ എന്ന പദത്തിനര്‍ത്ഥം. ആരാധനാവത്സരത്തിലെ ഈ കാലത്ത് മനുഷ്യനായി അവതരിച്ച ഈശോമിശിഹാ ലോകത്തിന് സ്വയം വെളിപ്പെടുത്തുന്നതാണ് ഇന്ന് നാം ധ്യാനവിഷയമാക്കുന്നത്.

ഈശോയുടെ ദൈവപുത്രത്വവും മെസയാനികദൗത്യവും ആദ്യമായി ലോകത്തിന് വെളിപ്പെടുത്തപ്പെട്ടത് ജോര്‍ദ്ദാന്‍ നദിയിലെ അവിടുത്തെ മാമ്മോദീസായുടെ വേളയിലായിരുന്നു. ദനഹാത്തിരുന്നാളില്‍ നമ്മള്‍ ധ്യാനിച്ചതും പരിശുദ്ധ ത്രീത്വത്തിന്റെ വെളിപാടിന്റെ ആ സംഭവമായിരുന്നല്ലോ. ദനഹാക്കാലത്തെ ആദ്യ ഞായറാഴ്ച് നമ്മുടെ പരിചിന്തനത്തിനായി തിരുസഭാമാതാവ് നല്‍കുന്ന സുവിശേഷരംഗം നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ സമഗ്രവിമോചകനായി വെളിപ്പെടുത്തുന്നതാണ് (ലൂക്കാ 4:16-22).

വിമോചകന്‍ എന്ന നിലയില്‍ പഴയനിയമത്തിലെ ഈശോയുടെ മുന്നോടി മോശയാണ് – മെസ്രേനിലെ അടിമത്വത്തില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ വിമോചിപ്പിച്ച മോശ. അതുകൊണ്ട് ഇന്നത്തെ ആദ്യവായന മോശയുടെ വിളിയെക്കുറിച്ചാണ് (പുറ. 3: 1-12). അടിമത്വം മൂലം ജനം അനുഭവിച്ച ക്ലേശങ്ങള്‍ കണ്ടതുകൊണ്ടും യാതന മൂലമുള്ള അവരുടെ നിലവിളി കേട്ടതുകൊണ്ടുമാണ് അവിടുന്ന് മോശയെ വിമോചകനായി നിയമിച്ചത്. പറുദീസായില്‍ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്റെ ക്ലേശങ്ങള്‍ കാണുകയും രക്ഷകനായുളള നിലവിളി കേള്‍ക്കുകയും ചെയ്തതുകൊണ്ടാണ് തന്റെ പുത്രനെ തന്നെ വിമോചകനായി ദൈവം അയച്ചത്.

ബാബിലോണിലെ അടിമത്വത്തില്‍ നിന്ന് യഹൂദരെ വിമോചിപ്പിക്കാനായി ദൈവം കണ്ടെത്തിയത് പേര്‍ഷ്യന്‍ രാജാവായ സൈറസിനെയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നത്: “അയാള്‍ എന്റെ ഇടയന്‍” എന്നാണ് (ഏശ. 44:28). ഇദ്ദേഹവും യഥാര്‍ത്ഥ ഇടയനും വിമോചകനുമായ ഈശോയുടെ മുന്നോടിയായിരുന്നു.

ഞായറാഴ്ച നമ്മള്‍ ഇടവക ദൈവാലയത്തില്‍ പോകുന്നതുപോലെയാണ് യഹൂദര്‍ സിനഗോഗുകളില്‍ സാബത്ത് ദിവസത്തെ ശുശ്രൂഷയ്ക്ക് പോയിരുന്നത്. തനിക്ക് ‘പതിവായിരുന്നതു പോലെ’ ഈശോ, താന്‍ വളര്‍ന്നുവന്ന നസ്രത്തിലെ സിനഗോഗില്‍ പ്രവേശിച്ചു എന്നുപറയുന്നതില്‍ നിന്ന് അവിടുന്ന് യഹൂദമത ജീവിതക്രമത്തിലും വിശ്വാസാനുഷ്ഠാനങ്ങളിലും എത്രമാത്രം ശ്രദ്ധാലുവായിരുന്നുവെന്ന് വ്യക്തമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വായന സിനഗോഗ് ശുശ്രൂഷയുടെ സുപ്രധാന ഘടകമാണ്. പരിശീലനം സിദ്ധിച്ചിരുന്നവരെയാണ് പരസ്യവായനയ്ക്കായി ക്ഷണിച്ചിരുന്നത്. വായിക്കാനായി ഈശോയ്ക്ക് നല്‍കപ്പെട്ടത് ഏശയ്യാ പ്രവാചകന്റെ പുസ്തകമാണ്. മിശിഹാരഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം (ഏശ. 61: 1-2) ഈശോ ഏശയ്യായില്‍ നിന്ന് വായിച്ചത്, പ്രവാചകന്മാര്‍ തന്നെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ്. അതുകൊണ്ടാണ് വായനയ്ക്കുശേഷം അവിടുന്ന് ഔദ്യോഗികമായി ഇരുന്നുകൊണ്ട്, “ഇന്ന് ഈ തിരുലിഖിതം നിങ്ങള്‍ കേള്‍ക്കെത്തന്നെ നിറവേറിയിരിക്കുന്നു” എന്നു പറഞ്ഞത്.

ഉത്ഥാനാനന്തരം ഇക്കാര്യം അവിടുന്ന് തന്റെ ശിഷ്യന്മാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്: “മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നവ നിറവേറേണ്ടിയിരിക്കുന്നു” (ലൂക്കാ 24:44). “മോശ മുതല്‍ എല്ലാ പ്രവാചകന്മാരും തന്നെപ്പറ്റി വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നവ അവന്‍ അവര്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തു” (ലൂക്കാ 24:27) എന്നും സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്. നസ്രത്തില്‍, സിനഗോഗില്‍ വച്ചെന്നതുപോലെ അവിടുത്തെ പരസ്യജീവിതകാലത്ത് പലപ്പോഴും സംഭവിച്ചിട്ടുണ്ട് എന്ന സൂചനയും അവിടുന്ന് നല്‍കുന്നുണ്ട്. “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്: കാരണം, ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു” എന്ന ആമുഖത്തോടെയാണ് ഈശോ വായന ആരംഭിച്ചത്.

ദനഹാത്തിരുനാളിന് വായിച്ച മാമ്മോദീസായുടെ രംഗത്തില്‍, ഈശോയുടെമേല്‍ പരിശുദ്ധാരൂപി പ്രാവിന്റെ രൂപത്തില്‍ ഇറങ്ങി വസിക്കുന്ന സംഭവത്തിന്, ചുറ്റും നിന്നവര്‍ സാക്ഷിയായതാണ്. പരിശുദ്ധ റൂഹായുടെ ഈ ആവാസത്തിന്റെ ലക്ഷ്യമെന്തെന്നാണ് അവിടുന്ന് പ്രവാചകനായ ഏശയ്യായെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. ദരിദ്രരെ സുവിശേഷമറിയിക്കുക എന്ന ദൗത്യത്തിനായി ഈശോയെ അഭിഷേചിക്കുന്നതിന്റെ ഭാഗമായായിരുന്നു റൂഹാ അവിടുത്തെമേല്‍ പറന്നിറങ്ങിയത്. ശ്ലീഹന്മാര്‍ തങ്ങളുടെ സുവിശേഷ പ്രഘോഷണദൗത്യം ആരംഭിക്കുന്നതിനു മുമ്പും പരിശുദ്ധ റൂഹായുടെ ആവാസത്തിനായി കാത്തിരിക്കണമെന്ന് ഉത്ഥിതനായ കര്‍ത്താവ് തന്റെ സ്വര്‍ഗ്ഗാരോഹണ വേളയില്‍ അവരോട് കല്‍പിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഇന്നും തിരുസഭയില്‍ സുവിശേഷപ്രഘോഷണത്തിനായി നിയമിക്കപ്പെടുന്ന മെത്രാന്മാരും പുരോഹിതരും തിരുപ്പട്ട ക്രമത്തില്‍ അഭിഷേചിക്കപ്പെടുന്നത് പരിശുദ്ധ റൂഹായാലാണല്ലോ.

ഈശോ പ്രഘോഷിക്കുന്ന സുവിശേഷം ദരിദ്രര്‍ക്കുള്ളതാണ്. ‘ദരിദ്രര്‍’ വിശുദ്ധഗ്രന്ഥത്തിലുടനീളം പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങളാണ്. പഴയനിയമത്തില്‍, ‘കര്‍ത്താവിന്റെ ദരിദ്രര്‍’ എന്നറിയപ്പെട്ടിരുന്നത് അനാഥര്‍, വിധവകള്‍, പരദേശികള്‍ എന്നിവരാണ്. സ്വാഭാവിക മാനുഷിക സംരക്ഷണമില്ലാത്ത ഇക്കൂട്ടരുടെ ഏക ആശ്രയം കര്‍ത്താവാണ്. തങ്ങളുടെ ദാരിദ്ര്യാവസ്ഥയില്‍ പരിപൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിക്കുന്നവരാണ് ദരിദ്രര്‍. പുതിയ നിയമത്തിലാകട്ടെ, ഈശോയുടെ ശിഷ്യരാണ് ‘ദരിദ്രര്‍’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ ശിഷ്യരെ നോക്കിയാണല്ലോ, “ദരിദ്രരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍” (ലൂക്കാ 6:20) എന്ന് അവിടുന്ന് അരുള്‍ച്ചെയ്തത്. തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ഈശോയെ ദൈവപുത്രനും മിശിഹായുമായി അംഗീകരിച്ചു വിശ്വസിച്ച, അവിടുന്നില്‍ മാത്രം ആശ്രയം വച്ച് ഇറങ്ങിത്തിരിച്ചവരാണല്ലോ അവിടുത്തെ ശിഷ്യന്മാര്‍. ഇപ്രകാരം ഈശോയോട് വിശ്വാസത്തോടെ തുറന്ന മനോഭാവം പുലര്‍ത്തുന്നവരാണ് അവിടുന്ന് പ്രഘോഷിക്കുന്ന സുവിശേഷത്തിന് അര്‍ഹര്‍. നമുക്കും ഇന്ന് ആവശ്യമായിരിക്കുന്നത് ഈ ദാരിദ്ര മനോഭാവമാണ്.

ഈശോമിശിഹാ തന്റെ സുവിശേഷം പ്രഘോഷിക്കുന്നത് മുഖ്യമായും മൂന്ന് ഗണത്തില്‍പ്പെട്ട ദരിദ്രരോടാണ്: ബന്ധിതര്‍ അഥവാ തടവുകാര്‍, അന്ധര്‍, മര്‍ദ്ദിതര്‍. ഈശോയുടെ സുവിശേഷം ഈ മൂന്ന് കൂട്ടര്‍ക്കും വിമോചനമായാണ് അനുഭവവേദ്യമാകുന്നത്. അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തിന്റെ സമഗ്രവിമോചകനാണ്. മനുഷ്യനെ അവന്റെ സകലവിധ ബന്ധനങ്ങളിലും അന്ധതയിലും മര്‍ദ്ദിതാവസ്ഥയിലും നിന്ന് വിമോചിപ്പിക്കുവാനാണ് അവിടുന്ന് മനുഷ്യനായത്. ‘കര്‍ത്താവിന് സ്വീകാര്യമായി വത്സരം’ പ്രഖ്യാപിക്കാനാണ് പിതാവ് തന്നെ അയച്ചിരിക്കുന്നത്’ എന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്. പഴയ നിയമത്തില്‍, ജൂബിലി വര്‍ഷത്തെക്കുറിച്ചാണ് ‘കര്‍ത്താവിന് സ്വീകാര്യമായ വത്സരം’ എന്ന് പറയുന്നത്. ജൂബിലി വര്‍ഷത്തിന്റെ സവിശേഷത സകലര്‍ക്കും പ്രത്യേകിച്ച്, അടിമകള്‍ക്കും ദരിദ്രര്‍ക്കും ലഭിക്കുന്ന വിമോചനമാണ് (ലേവ്യ 25). ജൂബിലി വര്‍ഷത്തിന്റേതിന് സമാനമായ ഒരു അവസ്ഥ സംജാതമാക്കാനാണ് ഈശോ മനുഷ്യനായി അവതരിച്ചത്.

1. തടവുകാര്‍ക്ക് മോചനം: സാത്താന്‍ ബന്ധിച്ച് തടവുകാരായി സൂക്ഷിച്ചിരുന്ന മനുഷ്യവര്‍ഗ്ഗം മുഴുവനെയുമാണ് ഇവിടെ വിവക്ഷിക്കുന്നത് എന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നു. പിശാച്, രോഗം, പാപം, മരണം എന്നീ നാലുതരം ബന്ധനങ്ങളില്‍ നിന്നാണ് ഈശോ മനുഷ്യരെ വിമോചിപ്പിക്കുന്നത്. ഈശോ ആദ്യം പ്രവര്‍ത്തിച്ച അത്ഭുതം തന്നെയും പിശാചുബാധിതനെ സുഖപ്പെടുത്തിയതായിരുന്നു (ലൂക്കാ 4:31-37). അശുദ്ധാത്മാവ് ബാധിച്ച അനേകരെ അവിടുന്ന് സുഖപ്പെടുത്തിയത് സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടല്ലോ. കണ്ടുമുട്ടിയ രോഗികള്‍ക്കെല്ലാം സൗഖ്യം നല്‍കിയവനാണ് അവിടുന്ന്. പത്രോസിന്റെ അമ്മായിയമ്മയ്ക്ക് നല്‍കിയ സൗഖ്യമാണ് ആദ്യത്തെ രോഗശാന്തി. സമൂഹത്തില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ അവിടുന്ന് സുഖമാക്കുക മാത്രമല്ല, അവരെ സമൂഹത്തിലേയ്ക്ക് പുനഃപ്രവേശിപ്പിക്കുക കൂടി ചെയ്തു. യഹൂദ-വിജാതീയ വ്യത്യാസമില്ലാതെ, സ്ത്രീ-പുരുഷ അന്തരമില്ലാതെ, സകലവിധ രോഗികള്‍ക്കും അവിടുന്ന് സൗഖ്യം നല്‍കി. പാപത്തിന്റെ ബന്ധനത്തില്‍ നിന്നുള്ള വിമോചനമാണ് ഈശോ പ്രദാനം ചെയ്തതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. അടിസ്ഥാനപരവും ആത്യന്തികവുമായി ഈശോ നല്‍കുന്ന വിമോചനം പാപത്തില്‍ നിന്നുള്ളതാണ്.

ഫരിസേയന്റെ ഭവനത്തില്‍ വിരുന്നിനിരുന്ന അവിടുത്തെ പാദങ്ങള്‍ സുഗന്ധതൈലം കൊണ്ട് പൂശിയ പാപിനിയായ സ്ത്രീയെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തു: “ഇവള്‍ അധികം സ്‌നേഹിച്ചതിനാല്‍ ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ലൂക്കാ 7:47). കുരിശില്‍ കിടന്നുകൊണ്ട് അനുതപിച്ച കള്ളന് പറുദീസാ വാഗ്ദാനം ചെയ്തപ്പോഴും അവിടുന്ന് അവന്റെ പാപങ്ങള്‍ മോചിക്കുകയായിരുന്നു. പാപത്തില്‍ നിന്നു മാത്രമല്ല, പാപത്തിന്റെ ഫലമായി മനുഷ്യവര്‍ഗ്ഗത്തിന് വന്നുഭവിച്ച മരണത്തില്‍ നിന്നും അവിടുന്ന് മനുഷ്യനെ വിമോചിപ്പിക്കുന്നു. മരണത്തെ മരണം കൊണ്ടു കീഴടക്കിക്കൊണ്ടാണ് അവിടുന്ന് യഥാര്‍ത്ഥ വിമോചകനാണെന്ന് തെളിയിച്ചത്. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ഇതിന് സമാനമായ ഉത്ഥാനം ലഭിക്കും എന്ന് വ്യക്തമാക്കാനാണ് അവിടുന്ന് മരിച്ച പലരെയും ഉയിര്‍പ്പിച്ചത്. നായിമിലെ വിധവയുടെ മകനെയും ജായ്‌റോസിന്റെ മകളെയും ലാസറിനെയുമൊക്കെ ഉയിപ്പിച്ച ഈശോ, വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് (യോഹ. 6:50) എന്ന് ഉറപ്പ് നല്‍കു‍കയായിരുന്നു.

2. അന്ധര്‍ക്ക് കാഴ്ച: ഈശോ അന്ധര്‍ക്ക് കാഴ്ച്ച നല്‍കിയതിനെക്കുറിച്ച് എവുസേബിയൂസ് പറയുന്നത് ഇപ്രകാരമാണ്: “ശാരീരികമായ കാഴ്ച നഷ്ടപ്പെട്ടിരുന്നവര്‍ക്ക് കാണുവാനുള്ള ശക്തി അവിടുന്ന് പ്രദാനം ചെയ്തു. മനസ്സില്‍ അന്ധത ബാധിച്ചിരുന്ന മനുഷ്യര്‍ക്ക് സത്യവിശ്വാസത്തിന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ട് സത്യത്തിലേയ്ക്ക് നയിച്ചു. ജറീക്കോയിലെ അന്ധനും ജന്മനാ അന്ധനായിരുന്നവനും കാഴ്ച നല്‍കിയപ്പോള്‍ താനാണ് ലോകത്തിന്റെ പ്രകാശം എന്ന് അവിടുന്ന് സ്ഥാപിക്കുകയായിരുന്നു. കാഴ്ച മാത്രമല്ല, മിശിഹാ രഹസ്യത്തിലേയ്ക്ക് ഉള്‍ക്കാഴ്ച കൂടി അവിടുന്ന് നല്‍കി. നസ്രായനായ ഈശോയെ ദൈവപുത്രനും ദൈവം അയച്ച രക്ഷകനായ മിശിഹായുമായി ‘കാണുന്നതും’ അവനില്‍ വിശ്വസിക്കുന്നതുമാണ് യഥാര്‍ത്ഥ കാഴ്ച്ച.

3. മര്‍ദ്ദിതര്‍ക്ക് മോചനം: സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള അടിച്ചമര്‍ത്തല്‍ അനുഭവിച്ചിരുന്നവര്‍ക്കെല്ലാം ഈശോ സ്വാതന്ത്ര്യം നല്‍കി. ദരിദ്രരാണല്ലോ ഏത് സമൂഹത്തിലെയും മര്‍ദ്ദിതവിഭാഗം. ദരിദ്രരില്‍ ദരിദ്രനായി ജനിച്ചുകൊണ്ട് അവിടുന്ന് ദരിദ്രരോട് താദാത്മ്യപ്പെട്ടു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെയാണ് തന്റെ ശിഷ്യഗണത്തിലേക്ക് അവിടുന്ന് സ്വീകരിച്ചതും. പുരുഷമേധാവിത്വത്തിന്റെ ഫലമായി അടിമത്വം അനുഭവിച്ചിരുന്ന സ്ത്രീകളെയും തന്റെ ശിഷ്യഗണത്തില്‍ ചേര്‍ക്കുകയും ദൈവതിരുമുമ്പില്‍ അവര്‍ക്കുള്ള തുല്യമഹത്വം വ്യക്തമാക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവരുടെയും വിമോചകനായി മാറുകയായിരുന്നു.

ദൈവപുത്രനായ ഈശോ മനുഷ്യനായത് നമ്മെ സകലവിധ അടിമത്വങ്ങളിലും നിന്ന് വിമോചിപ്പിക്കാനായിരുന്നു. അവിടുന്നാണ് ഏക രക്ഷകനും വിമോചകനും. പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തില്‍ നിന്ന് വിമോചിപ്പിച്ച്, നമ്മുടെ അകക്കണ്ണുകള്‍ക്ക് കാഴ്ച്ചയേകി, കര്‍ത്താവിന് സ്വീകാര്യമായ വത്സരത്തിലേയ്ക്ക് നയിക്കുന്നത് അവിടുന്നാണ്. അതിന് നമ്മെ അര്‍ഹരാക്കുന്ന ദരിദ്ര്യമനോഭാവം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.