ഞായര്‍ പ്രസംഗം 2 – മംഗളവാര്‍ത്ത മൂന്നാം ഞായര്‍ ഡിസംബര്‍ 15 ദൈവീകപദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടത്

ആഴമായ പ്രാര്‍ത്ഥനാചൈതന്യത്തിലൂടെയും തീക്ഷ്ണമായ തപശ്ചചര്യയിലൂടെയും ക്രിസ്തുനാഥന്റെ ദിവ്യജനനത്തിനായി നാം അടുത്തൊരുങ്ങുകയാണ്. ഈ ആരാധനാവത്സര കാലഘട്ടത്തിലെ ഞായറാഴ്ചകളില്‍ യേശുവിന്റെയും സ്‌നാപകയോഹന്നാന്റെയും ജനനത്തെപ്പറ്റിയുള്ള മുന്നറിയിപ്പും ജനനവുമാണ് നാം ധ്യാനവിഷയമാക്കുന്നത്. മറ്റ് സമാന്തര സുവിശേഷകന്മാരില്‍ നിന്നും വി. യോഹന്നാന്റെ ക്രിസ്തുസാക്ഷ്യത്തില്‍ നിന്നും വിഭിന്നമായി, ക്രിസ്തുവിന്റെയും അവിടുത്തെ വഴികാട്ടിയായ സ്‌നാപകയോഹന്നാന്റെയും ജനനത്തെപ്പറ്റി ആഴമായി പഠിച്ച്, അപഗ്രഥിച്ച്, അവതരിപ്പിക്കുന്ന ശൈലിയാണ് നാം ലൂക്കാ സുവിശേഷത്തില്‍ കണ്ടുമുട്ടുക.

വിജാതീയര്‍ക്കായി സുവിശേഷം രചിച്ച വി. ലൂക്കാ, ആരാണ് ക്രിസ്തുവെന്നും ആരാണ് സ്‌നാപകയോഹന്നാന്‍ എന്നും കൃത്യമായി ഒരു വൈദ്യന്റെ സൂക്ഷ്മതയോടെ നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. വിജാതീയരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും സ്‌നാപകയോഹന്നാനും അവര്‍ക്ക് പ്രവാചകന്മാരും, ആത്മീയഗുരുക്കളുമായിരുന്നു. എന്നാല്‍, സ്‌നാപകയോഹന്നാന്റെ ജനനത്തെപ്പറ്റിയുള്ള ദൂതന്റെ അറിയിപ്പും തുടര്‍ന്നുള്ള സംഭവവികാസങ്ങളും സ്‌നാപകന്‍ ആരാണെന്നും സ്‌നാപകന്റെ ദൗത്യം എന്തായിരുന്നെന്നും സ്പഷ്ടമായി വിവരിക്കുന്നു.

സ്‌നാപകയോഹന്നാന്റെ ജനനം ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ അഭേദ്യമായ ഭാഗവും തുടര്‍ച്ചയുമായിരുന്നു. ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ ദൈവമായ കര്‍ത്താവിങ്കലേയ്ക്ക് തിരികെ കൊണ്ടുവരാനും ഇസ്രായേല്‍ ജനത്തിന്റെ ഹൃദയങ്ങളെ അനുസരണക്കേടില്‍ നിന്ന് നീതിമാന്മാരുടെ വിവേകത്തിലേയ്ക്ക് തിരിച്ചുവിട്ട കര്‍ത്താവിന് സജ്ജീകൃതമായ ഒരു ജനത്തെ ഏലിയായുടെ തീക്ഷ്ണതയോടും ചൈതന്യത്തോടും കൂടെ കര്‍ത്താവിനു മുമ്പേ നടന്ന് വഴിയൊരുക്കാനുമായിരുന്നു സ്‌നാപകന്റെ ദിവ്യജനനം. എന്നാല്‍, ഈ സന്തോഷദായകമായ മംഗളവാര്‍ത്തയുമായി വന്ന ദൈവദൂതന്റെ വാക്കുകളെ അവിശ്വസിക്കുന്ന പുരോഹിതനായ സഖറിയായെ നാം കണ്ടുമുട്ടുന്നു. കാലം വെളിപ്പെടുത്തേണ്ട ദൈവീകപദ്ധതികളെ നിസ്സാരമായ മാനുഷീക ബലഹീനതകളാല്‍ അവിശ്വസിക്കുന്ന സഖറിയ പിന്നീട് മൗനത്തിന്റെ അഴികളില്‍ അടയ്ക്കപ്പെടുന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം തന്റെ രക്ഷാകരപദ്ധതികള്‍ ദൂതന്മാരായ വിവിധ വ്യക്തികളിലൂടെ നമ്മെ അറിയിക്കുമ്പോള്‍, പലപ്പോഴും സഖറിയായെപ്പോലെ അവിശ്വസിച്ച് നാമും മാറിനില്‍ക്കാറുണ്ട്.

കര്‍ത്താവിന് നമ്മുടെയൊക്കെ ജീവിതങ്ങളെപ്പറ്റി ശോഭനമായ സുന്ദരസ്വപ്നങ്ങളുണ്ട്. അത് നമ്മുടെ നാശത്തിനല്ല; പ്രത്യുത, ക്ഷേമത്തിനുള്ള പദ്ധതികളാണ്. എന്നാല്‍, ദൈവവചനങ്ങളുടെ ആഴം അറിയാതെപോകുന്ന ക്രൈസ്തവരായ നാം, ജീവിതയാത്രയില്‍ ദൈവീകസന്ദേശങ്ങളോടും സ്വപ്നങ്ങളോടും മറുതലിക്കുമ്പോള്‍, സഖറിയായെപ്പോലെ നാമും ജീവിതത്തില്‍ മൗനത്തിന്റെ മൂടുപടമണിയേണ്ടിവരും. ദൈവീകപദ്ധതികളെ തിരിച്ചറിഞ്ഞ്, ക്രിയാത്മകമായി അതിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ദൈവം നമ്മെയും സഖറിയായെപ്പോലെ ജീവിതമൗനങ്ങളുടെ വിലങ്ങുകളില്‍ നിന്ന് സ്വതന്ത്രരാക്കും.

ഇന്നത്തെ സുവിശേഷഭാഗം ശ്രദ്ധയോടെ വായിച്ചാല്‍ ഒരു കാര്യം നമുക്ക് വ്യക്തമാകും. സുവിശേഷഭാഗത്തിന്റെ ആദ്യഭാഗങ്ങളില്‍ ശ്രദ്ധാകേന്ദ്രങ്ങള്‍ സ്‌നാപകയോഹന്നാനും എലിസബത്തുമാണ്. സഖറിയായെ ഈ ഭാഗത്ത് നാം കാണുന്നില്ല. സ്‌നാപകന്റെ ജനനത്തില്‍ അവര്‍ സന്തോഷിച്ചു എന്നു പറയുന്നതിനു പകരം അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു എന്നാണ് ലൂക്കാ സുവിശേഷകന്‍ പറഞ്ഞു വയ്ക്കുക. ഇവിടെ സഖറിയാ പൂര്‍ണ്ണമായി ഒരു ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ്. ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ശിശുവിന്റെ ജനനത്തില്‍ ആഹ്ലാദിച്ച് വിശേഷങ്ങള്‍ പങ്കിടുമ്പോള്‍, ഒന്നും പറയാനാവാതെ, നിറവേറപ്പെട്ട ദൈവീകപദ്ധതിയെ അവിശ്വസിച്ചതില്‍ പരിതപിച്ച്, സഖറിയ ഈ സന്തോഷാവസരത്തില്‍ വീടിന്റെ ഉള്‍ത്തളങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടുന്നു. എന്നാല്‍, ശിശുവിന്റെ പേര് സഖറിയ എന്നല്ല മറിച്ച്, യോഹന്നാന്‍ എന്നാണ് എന്ന ഉറച്ച വിശ്വാസപ്രഖ്യാപനം, സഖറിയായെ സ്വാതന്ത്ര്യത്തിന്റെ വഴിത്താരയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. പിന്നീടവിടെ നടന്നത് സഖറിയായ്ക്കു ലഭിച്ച ഒരു പുതുപെന്തക്കുസ്തായായിരുന്നു. ദൈവീക വഴികളെ തിരിച്ചറിയുന്ന സഖറിയായുടെ ജീവിതത്തിലേയ്ക്ക്, തടസ്സങ്ങള്‍ മാറി, പരിശുദ്ധാത്മാവ് വന്നുനിറഞ്ഞ്, കവിഞ്ഞൊഴുകുന്നു.

കൃപാധിക്യത്താല്‍ ഒരു ദൈവീക ഉപകരണമായി മാറുന്ന മനുഷ്യജീവനില്‍ പ്രവചനത്തിന്റെ ആത്മാവ് നിറവേറ്റപ്പെടാനുള്ള രക്ഷാകര രഹസ്യങ്ങളുടെ അജ്ഞാതമായ ജ്ഞാനം നിവേശിപ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ജീവിതങ്ങളെ നാം ക്രമീകരിക്കുന്നില്ലെങ്കില്‍ നാമും ജീവിതത്തില്‍ സഖറിയായെപ്പോലെ ഒറ്റപ്പെടാം. എന്നാല്‍, ആ സാഹചര്യങ്ങളില്‍ കാരുണ്യവാനായ ദൈവത്തോട് മറുതലിക്കാന്‍ നില്‍ക്കാതെ, കഴിയുംവേഗത്തില്‍ ദൈവീകപദ്ധതികളോട് അനുരൂപപ്പെട്ട് അവിടുന്ന് നല്‍കുന്ന ദിവ്യസ്‌നേഹാനുഭവത്തില്‍ നമ്മുടെ ക്രിസ്തീയജീവിതത്തെ മഹത്വപ്പെടുത്താം. ദൈവീകസ്വപ്നങ്ങളോട് നമ്മുടെ ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുമ്പോള്‍ കര്‍ത്താവിന്റെ അനുഗ്രഹം നിറഞ്ഞിരിക്കുന്ന കരം നമ്മോടു കൂടെയുമുണ്ടാകും എന്ന് നമുക്ക് തിരിച്ചറിയാം.

ഈ ഒരു ശക്തിപ്പെടുത്തുന്ന സന്ദേശമാണ് ഇന്നത്തെ നാല് വായനകളിലും നാം വായിച്ചുകേട്ടത്. അബ്രഹാമും സാറായും സാംസന്റെ മാതാപിതാക്കളും സഖറിയായെയും എലിസബത്തിനെയും പോലെ പ്രായാധിക്യത്തിലും ദൈവത്തിന്റെ സവിശേഷമായ കൃപാധിക്യത്താല്‍ ജീവിതത്തില്‍ സന്താനസൗഭാഗ്യം അനുഭവിച്ചവരാണ്. ഇവിടെയെല്ലാം പൂര്‍ത്തിയാക്കപ്പെടുന്നത് സര്‍വ്വശക്തനായ ദൈവത്തിന്റെ അഗ്രാഹ്യമായ പദ്ധതികളാണ്. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന ഉറച്ച വിശ്വാസത്തോടെ ഈ വചനഭാഗങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവച്ച് നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതികളുടെ പൂര്‍ണ്ണമായ ആവിഷ്‌ക്കാരത്തിനായി സര്‍വ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. ബിനു കുളങ്ങര MCBS