ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ 

ഇന്ന് പരിശുദ്ധ കത്തോലിക്കാ സഭ ‘ക്രിസ്തുവിന്റെ രാജത്വതിരുനാള്‍’ ആഘോഷിക്കുകയാണ്. ഈ തിരുനാള്‍ സഭയില്‍ ആഘോഷിക്കാന്‍ തുടങ്ങിയതിന്റെ കാരണവും അതിന്റെ ഉദ്ദേശ്യവുമെല്ലാം അറിയുക എന്നത് സഭാതനയരായ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

1925 ല്‍ 11ാം പീയൂസ് മാര്‍പ്പാപ്പായാണ് തന്റെ ചാക്രിക ലേഖനമായ ‘ക്വാസ് പ്രീമാസിലൂടെ സാര്‍വ്വത്രിക സഭയിലുടനീളം ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. വളര്‍ന്നു വരുന്ന ഭൗതികതയുടെ പിടിയിലമര്‍ന്ന് സഭയുടെ സ്വാധീനം ജനഹൃദയങ്ങളില്‍ കുറഞ്ഞു വരികയും മതപൗരോഹിത്യ വിരുദ്ധ ചിന്തകള്‍ വളര്‍ന്നു വരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് പാപ്പാ ഇപ്രകാരം ഒരു തിരുനാള്‍ സഭയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.

ഇന്നും ക്രിസ്തീയ ജീവിതത്തിന്റെ വിശുദ്ധിയെയും മഹത്വത്തെയും വിലകുറച്ചു കാണുന്ന ഈ കാലഘട്ടത്തിലും ‘ക്രിസ്തു രാജന്റെ തിരുനാളിന്’ ആഴമായ അര്‍ത്ഥവും പ്രസക്തിയും ഉണ്ടെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.

ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ ദിനത്തില്‍ ‘രാജാവായ ക്രിസ്തുവിനെ മനസ്സിലാക്കുക’ എന്നത് കൂടുതല്‍ പ്രധാനമാണ്.

സുവിശേഷത്തിന്റെ ആരംഭം മുതല്‍ അവസാനംവരെ സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന വലിയ സത്യം. സ്വര്‍ഗ്ഗരാജ്യത്തെയും രാജാവായ ക്രിസ്തുവിനെയും കുറിച്ചാണ്.

യേശുവിന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ മാതാവിനെ അറിയിപ്പ് നല്‍കുമ്പോള്‍ പറയുന്നത് ഇപ്രകാരമാണ്. ”അവന്‍ വലിയവനായിരിക്കും അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന്‍ കൊടുക്കും. യാക്കോബിന്റെ ഭവനത്തില്‍ അവന്‍ എന്നേയും ഭരണം നടത്തും അവന്റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല” (ലൂക്കാ 1:32).

സ്‌നാപകയോഹന്നാന്റെ പ്രഭാഷം ആരംഭിക്കുന്നത് ഇപ്രകാരമാണ്, ”മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്താ 3:2). ഇവിടെ യോഹന്നാന്‍ പ്രതിപാദിക്കുന്നത് യേശുവിന്റെ ഭൂമിയിലുള്ള ആഗമനവും അതുവഴിയുണ്ടായ സ്വര്‍ഗ്ഗരാജ്യസമീപനത്തെക്കുറിച്ചുമാണ്. വീണ്ടും സുവിശേഷത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ നാം കാണുന്നത് യേശുവെന്ന രാജാവിനെയും അവിടുത്തെ സ്വര്‍ഗ്ഗീയ രാജ്യത്തെയും കുറിച്ചാണ്. മത്തായിയുടെ സുവിശേഷം 20: 2 ല്‍ സെബദീപുത്രന്മാരുടെ അമ്മ വന്ന് ചോദിക്കുന്നത് വളരെ ശ്രദ്ധാര്‍ഹമാണ്, ”നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലതുവശത്തും അപരന്‍ ഇടതുവലത്തും ഇരിക്കുന്നതിനു കല്‍പ്പിക്കണമേ.” ഈ വചനവും യേശുവിന്റെ രാജത്വത്തെയാണ് ഓര്‍മ്മപ്പെടുത്തുക. മത്തായി 20:31 ല്‍ അന്ധന്മാര്‍ യേശുവിനെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക, ”കര്‍ത്താവേ ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ” എന്ന്. ദാവീദിന്റെ പുത്രന്‍ വിശേഷണം വഴി ദാവീദ് രാജാവിന്റെ പുത്രന്‍ രാജാവാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.

മത്തായി 22:44 ല്‍ യേശു തന്നെതന്നെ ദാവീദിന്റെ പുത്രന്‍ എന്നു വിശേഷിപ്പിക്കുന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. മത്തായി 21:5 ല്‍ യേശുവിനെ വീണ്ടും രാജാവായി അവതരിപ്പിക്കുന്നത് കാണാന്‍ സാധിക്കും- ”യേശു കഴുതക്കുട്ടിയുടെ പുറത്തു കയറി ജറുസലേമിലേക്ക് പ്രവേശിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു” സിയോന്‍ പുത്രീ- ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു.”

വീണ്ടും സുവിശേഷത്തിന്റെ അവസാന ഭാഗത്തേക്ക് എത്തി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി പ്രസംഗിച്ചു. ക്രിസ്തു എന്ന രാജാവ് എല്ലാവരുടെയും മുമ്പില്‍ തോല്‍ക്കുന്നതായാണ് സുവിശേഷം അവതരിപ്പിക്കുന്നത്. യേശു തന്റെ പരസ്യജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചത് തന്റെ ‘രാജത്വം’ അവര്‍ക്ക് വെളിപ്പെടുത്തുവാനായിരുന്നു. എന്നാല്‍ ഐഹികമായ ഒരു രാജ്യവും രാജാവിനെയും പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് തെറ്റി. എല്ലാവിധത്തിലും തോറ്റ ആ രാജാവ് തന്റെ അവസാന നിമിഷങ്ങളില്‍ പീലാത്തോസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കി- യോഹന്നാന്റെ സുവിശേഷം 18: 33 ലാണ് നാമിത് കാണുക. പീലാത്തോസ് ചോദിച്ചു, ”നീ യഹൂദരുടെ രാജാവാണോ?” യേശു മറുപടി പറഞ്ഞു: ”നീ തന്നെ അത് പറയുന്നു. എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ എന്റെ സേവകര്‍ എനിക്കായി പോരാടുമായിരുന്നു.” തന്റെ അവസാന നിമിഷങ്ങളില്‍ പോലും യേശു പ്രഖ്യാപിക്കുകയാണ് തന്റെ ‘രാജ്യത്വവും ദൈവരാജ്യാഗമനവും.’

ഇങ്ങനെ സുവിശേഷം മുഴുവനും യേശുവിനെ രാജാവായി അവതരിപ്പിക്കുന്ന രംഗങ്ങളാണ് നാം കാണുക. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഒരു ജനതതിയെയാണ് ബൈബിളിലൂടനീളം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക.

ഇന്നും വിശുദ്ധ കുര്‍ബാനയായി തീര്‍ന്നുകൊണ്ട് നമ്മുടെയൊക്കെ ജീവിതങ്ങളിലും ഹൃദയങ്ങളിലും രാജാവായി മാറാനുള്ള കൊതിയോടെ നിത്യരാജാവായ, ഈശോ കടന്നുവരുന്നുണ്ട്. എന്നാല്‍ ഈ രാജാവിനെ യഥാര്‍ത്ഥ സ്‌നേഹത്തോടും വിശ്വാസത്തോടും കൂടെ സ്വീകരിക്കാന്‍ സാധിക്കുന്നുണ്ടോ? ഒരു കൂട്ടം ജനതതിയെ പോലെ അവനെ രാജാവായി ഏറ്റു പറയുവാന്‍ നാം പരാജയപ്പെടുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യേശുവിനെ രാജാവായി സ്വീകരിക്കുമ്പോള്‍, നമ്മുടെ മേലുള്ള പൂര്‍ണ്ണ അധികാരവും സ്വാതന്ത്ര്യവും നാം അവിടുത്തേക്ക് നല്‍കേണ്ടിയിരിക്കുന്നു. അവിടുത്തെ പ്രിയ മക്കളായി നാം മാറുമ്പോള്‍ നമ്മുടെ ഇഷ്ടങ്ങളല്ല മറിച്ച് അവിടുത്തെ ഇഷ്ടങ്ങളാകണം നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും. അപ്പോഴാണ് നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ.

രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.