
ലെയോ പതിനാലാമൻ മാർപാപ്പ ജൂലൈ നാലിന് ലാംപെഡൂസ ദ്വീപിലെ അഭയാർത്ഥികൾക്കൊപ്പം ചിലവഴിക്കും. യൂറോപ്പിലേക്ക് കുടിയേറ്റക്കാർ പ്രധാനമായും എത്തിച്ചേരുന്ന ഇറ്റാലിയൻ ദ്വീപാണ് ലാംപെഡൂസ. വേനൽക്കാല ഏകദിന യാത്രകളുടെ ഭാഗമായി, കുടിയേറ്റക്കാരെ അഭിവാദ്യം ചെയ്യാനും വിശുദ്ധ കുർബാന അർപ്പിക്കാനും യൂറോപ്പിലേക്കുള്ള അപകടകരമായ കടൽയാത്രയ്ക്കിടെ മരണപ്പെട്ട ആഫ്രിക്കക്കാരുടെ കല്ലറകൾ സന്ദർശിക്കാനുമായി സമയം ചിലവഴിക്കും.
ഇറ്റലിയുടെ സിസിലി മേഖലയുടെ ഭാഗമായ ലാംപെഡൂസ, ടുണീഷ്യയിൽ നിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപെട്ടോടുന്ന ആഫ്രിക്കക്കാർക്ക് യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നാണിത്.
ഫ്രാൻസിസ് മാർപാപ്പ റോമിന് പുറത്തേക്ക് നടത്തിയ തന്റെ ആദ്യത്തെ ഔദ്യോഗിക യാത്രയുടെ ഭാഗമായി 2013 ജൂലൈ എട്ടിന് ലാംപെഡൂസ സന്ദർശിച്ചിരുന്നു. മെച്ചപ്പെട്ട ജീവിതം തേടിയുള്ള ഭീതിദമായ യാത്രയെ അതിജീവിച്ച്, ആഫ്രിക്കയിൽ നിന്നുള്ള നൂറുകണക്കിന് കുടിയേറ്റക്കാരും അഭയാർത്ഥികളുമായി എത്തുന്ന ബോട്ടുകൾ അക്കാലത്ത് ഈ ചെറിയ ദ്വീപിൽ പതിവായിരുന്നു.
ആ സന്ദർശന വേളയിൽ, കുടിയേറ്റക്കാർ ഉപയോഗിച്ച ഒരു ബോട്ട് കൊണ്ട് നിർമ്മിച്ച ബലിപീഠത്തിലാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചത്. കൂടാതെ മെഡിറ്ററേനിയൻ കടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി അദ്ദേഹം വെള്ളയും മഞ്ഞയും പൂക്കൾ കൊണ്ട് തീർത്ത ഒരു പുഷ്പചക്രം കടലിലേക്ക് എറിയുകയും ചെയ്തു.
ഒരു പതിറ്റാണ്ട് മുമ്പത്തെ അഭയാർത്ഥി പ്രതിസന്ധി രേഖപ്പെടുത്തിയതിനേക്കാൾ എണ്ണം ഇപ്പോൾ കുറവാണെങ്കിലും, ലാംപെഡൂസ ഇപ്പോഴും ഇറ്റലിയിലെ കുടിയേറ്റക്കാരുടെ പ്രധാന തുറമുഖമായി തുടരുന്നു. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, 2025-ൽ 49,500-ലധികം അഭയാർത്ഥികളും കുടിയേറ്റക്കാരുമാണ് ഈ തീരത്ത് എത്തിയത്. ലാംപെഡൂസ ദ്വീപിന്റെ വാണിജ്യ തുറമുഖത്തിന് സമീപം, ടുണീഷ്യയ്ക്ക് അഭിമുഖമായി തെക്കോട്ട് സ്ഥിതി ചെയ്യുന്ന കവല്ലോ ബിയാൻകോ എന്ന പാറക്കെട്ടിന്റെ അറ്റത്തുള്ള, അഞ്ച് മീറ്ററോളം ഉയരമുള്ള ടെറാക്കോട്ടയും ഇരുമ്പും കൊണ്ട് നിർമ്മിച്ച ‘ഗേറ്റ് ഓഫ് യൂറോപ്പ്’ സ്മാരകത്തിൽ പാപ്പ സന്ദർശനം നടത്തും.
കപ്പൽ തകർച്ചയിൽ ഇരയായവരുടെ കല്ലറകളിൽ പാപ്പ പൂക്കൾ അർപ്പിക്കുകയും, ‘ഫവാലോറോ ഡോക്കിൽ’ വെച്ച് കുടിയേറ്റക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടർന്ന് ഈ ദ്വീപിന്റെ കാവൽ മാലാഖയായ ‘ഔവർ ലേഡി ഓഫ് പോർട്ടോസാൽവോ’ (സുരക്ഷിത തുറമുഖത്തിന്റെ മാതാവ്) തിരുസ്വരൂപത്തിന്റെ സാന്നിധ്യത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ അന്നത്തെ ചടങ്ങുകൾ സമാപിക്കും.



