തെരുവ്ബാലന്‍ വിശുദ്ധ പദവിയിലെത്തുന്നു

ജയ്മോന്‍ കുമരകം

തെരുവിലെ അനാഥബാല്യങ്ങള്‍ തെരുവിലൊടുങ്ങുകയാണ് പതിവ്.
എന്നാല്‍, ഫിലിപ്പീനോയിലെ യാചകബാലനായിരുന്ന ഡാര്‍വിന്‍ റാമോസിന്റെ ജീവിതം ദൈവകാരുണ്യത്തിന്റെ കഥയാണ്.

ഫിലിപ്പീന്‍സിലെ മാനിലയിലെ പസെയ് സിറ്റിയിലെ ഒരു ചേരിയിലായിരുന്നു അവന്റെ ജനനം. 1994 ഡിസംബര്‍ 17-ന് പിറന്നുവീണ അവനെ മാതാപിതാക്കള്‍ ഡാര്‍വിന്‍ റാമോസ് എന്ന് വിളിച്ചു. വളരെ ദരിദ്രമായ കുടുംബമായിരുന്നു അവന്റേത്. അമ്മ അലക്കുകാരി. പിതാവാകട്ടെ, തികഞ്ഞ മദ്യപാനിയും. റാമോസിന് അവന്റെ സഹോദരി മാത്രമായിരുന്നു കൂട്ട്.

മക്കളെ സ്‌കൂളില്‍ അയയ്ക്കുന്നതിനോട് മദ്യപാനിയായ പിതാവിന് തെല്ലും താല്പര്യമില്ലായിരുന്നു. അദ്ദേഹം അവരെ ചേരിയിലെ തെരുവില്‍ ആക്രിസാധനങ്ങള്‍ വില്‍ക്കുവാനേല്പിച്ചു. 5 വയസായപ്പോഴെ അവന് നന്നായി നടക്കുവാന്‍ കഴിയുന്നില്ലെന്നും മകന് മുടന്തുണ്ടെന്നും അമ്മയ്ക്കു മനസ്സിലായി. ഓരോ വയസ്സു കൂടുമ്പോഴും അവന്റെ കാലിന്റെ ശേഷിക്കുറവ് കൂടിക്കൂടി വന്നു. അവന് തനിയെ എണീറ്റുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് ഏഴു വയസായപ്പോഴേക്കും അവന്‍ വഴുതിവീണു.

ഏതായാലും അവന്റെ കുടിയനും മുടിയനുമായ പിതാവിന് അവന്റെ രോഗം വളരെ നല്ലൊരു വരുമാന മാര്‍ഗ്ഗമായി തോന്നി. അദ്ദേഹം ആ കുഞ്ഞിനെ എന്നും അടുത്തുളള റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി ഇരുത്തും, ഭിക്ഷ യാചിക്കാന്‍. അവനെ അറിയാവുന്നവരെല്ലാം അവന് നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുകൊടുക്കും. അങ്ങനെ ഓരോ ദിവസവും വീട്ടിലേയ്ക്കുള്ള ചിലവിനും പിതാവിന് മദ്യപിക്കാനുമുള്ള പണവും ഇങ്ങനെ കിട്ടിക്കൊണ്ടിരുന്നു. പിതാവ് പണം അടിച്ചുമാറ്റിയിരുന്നുവെങ്കിലും അമ്മയ്ക്കും പെങ്ങള്‍ക്കും ഭക്ഷണത്തിനുള്ള വക കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നതിനാല്‍ ഡാര്‍വിന്‍ വളരെ സന്തുഷ്ടനായിരുന്നു.

2006 വരെ അവന്റെ ജീവിതം ഭിക്ഷബാലന്റേതായിരുന്നു. കാലുകള്‍ക്ക് ബലമില്ലാതിരുന്നതിനാല്‍ ഭിക്ഷക്കാരനായ ഈ ബാലന്‍ കൈകള്‍ നിലത്തു കുത്തിയാണ് സഞ്ചരിച്ചിരുന്നത്. ഒരു ദിവസം തെരുവിലെ കുട്ടികളെ പഠിപ്പിക്കുവാനായി അതുവഴി വന്ന കുറേ നല്ല മനുഷ്യര്‍ അവനെ കണ്ടെത്തി. അവര്‍ തെരുവുകളിലെ അനാഥകുഞ്ഞുങ്ങളെയും വികലാംഗരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ വന്നതായിരുന്നു. അവനെ കണ്ടെത്തിയശേഷം അവര്‍ ആഴ്ചയില്‍ രണ്ടും മൂന്നും പ്രാവശ്യം അവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം അവന്‍ അവരോടൊപ്പം വികലാംഗരായ കുട്ടികള്‍ക്കുള്ള ഔര്‍ ലേഡി ഓഫ് ഗുഡലുപെ ഭവനിലേയ്ക്ക് പോകാമെന്നു സമ്മതിച്ചു.

അത് അവന്റെ ജീവിതത്തെ മാറ്റിമറിച്ചു. അവിടെ വെച്ചാണ് അവന്‍ ആദ്യമായി ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത്. അവിടെ വച്ച് അവനു വേണ്ട ചികിത്സകളൊക്കെ ലഭിച്ചെങ്കിലും അവന്റെ സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചെളിക്കുണ്ടില്‍ നിന്നും തന്നെ സംരക്ഷിക്കുന്ന കരങ്ങളില്‍ എത്തിച്ചേര്‍ന്നതില്‍ അവന്‍ സന്തോഷിച്ചു. അവിടെ വച്ച് ഈശോയുമായി അവന്‍ സ്‌നേഹത്തിലായി. ക്രിസ്തുമതവിശ്വാസിയായി മാറി. അവന്‍ ക്രിസ്തുമത്തെക്കുറിച്ചു പഠിച്ചു. 2006 ഡിസംബര്‍ 23-ന് മാമ്മോദീസ സ്വീകരിച്ചു.

ഒരു വര്‍ഷത്തിനുശേഷം അവന്‍ ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. അവന്റെ ആത്മാവ് പുഷ്ടിപ്പെട്ടുകൊണ്ടിരുന്നെങ്കിലും ശരീരം കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരുന്നു. അതിനേക്കാള്‍ അതിശയം അവനും, രക്ഷകനും കര്‍ത്താവുമായ ഈശോയുമായുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിക്കൊണ്ടിരുന്നുവെന്നതാണ്. തന്റെ സഹനങ്ങളും വേദനകളുമെല്ലാം അവന്‍ ഈശോയ്ക്ക് കാഴ്ചയായി സമര്‍പ്പിച്ചുതുടങ്ങി. ഒരിക്കല്‍പ്പോലും അവന്‍ തന്റെ രോഗത്തെക്കുറിച്ച് ആവലാതി പറഞ്ഞില്ല. അതിനെ അവന്‍ ഈശോയ്ക്കുള്ള തന്റെ മിഷന്‍ എന്നാണ് വിളിച്ചിരുന്നതുപോലും.

അവനെക്കുറിച്ച് അറിഞ്ഞവരെല്ലാം അവനെ അധികമായി സ്‌നേഹിച്ചു. എത്ര വേദനയാണെങ്കിലും അവന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി എപ്പോഴും കാത്തുവച്ചിരുന്നു. അവന്റെ പുഞ്ചിരി എല്ലാവരെയും സന്തോഷിപ്പിച്ചു. എന്നാല്‍ അവന് ശ്വാസസംബന്ധമായ രോഗം കൂടിവന്നു. പലപ്പോഴും ഹോസ്പിറ്റലിലായി താമസം. അവിടെ വച്ചും അവന്‍ ഒരു വൈദികനോട് പറഞ്ഞത് “ഫാദറിനറിയാമോ, ഈശോ എന്നെ അവസാനം വരെ ചേര്‍ത്തുപിടിക്കുകയാണ് ” എന്നായിരുന്നു.

2012 സെപ്റ്റംബര്‍ ആറിന് അവന് ശ്വാസം കിട്ടാതെയായി. അതോടെ അവനു കൃത്രിമശ്വാസം നല്‍കിത്തുടങ്ങി. അതിനുശേഷം അവന്‍ പേപ്പറിലെഴുതിയാണ് കാര്യങ്ങള്‍ അറിയിച്ചത്. സെപ്റ്റംബര്‍ 20-ന് താന്‍ പിശാചുമായി ആത്മീയയുദ്ധത്തിലാണെന്ന് അവന്‍ എഴുതിക്കാണിച്ചു. പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. അന്ന് അവന്‍ നോട്ട്ബുക്കില്‍ രണ്ട് വാക്കുകളാണ് എഴുതിയത്: “വലിയ നന്ദി; ഞാന്‍ വളരെ സന്തോഷവാനാണ്.”

അവന് അന്ത്യകൂദാശകള്‍ നല്‍കി. ശനിയാഴ്ച അവന്‍ നിശബ്ദനായി ഉറങ്ങി. സെപ്റ്റംബര്‍ 23 ഞായറാഴ്ച അവന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നിത്യസമ്മാനത്തിനായി കൈനീട്ടുമ്പോള്‍ അവന് 17 വയസ്സായിരുന്നു. 2018 സെപ്റ്റംബര്‍ 7-ന് അവനെ ദൈവദാസന്‍ എന്ന് വിളിച്ചു. വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുപ്പെടുവാനായി അനേകർ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.

ജെയ്‌മോൻ കുമരകം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.