കുഞ്ഞു പാസ്ക്കലും ചുവന്ന ബലൂണും പിന്നെ വി. തോമാ ശ്ലീഹായും

സുനീഷ നടവയല്‍
സുനീഷ നടവയല്‍

ഫ്രഞ്ച് സിനിമാ സംവിധായകനായ ആൽബർട്ട് ലാമോറീസിന് 1956 -ൽ ഓസ്കാർ അവാർഡും കാൻ ഫിലിം അവാർഡുമൊക്കെ നേടിക്കൊടുത്ത 35 മിനിറ്റ് ദൈർഘ്യമുള്ള ദ റെഡ് ബലൂൺ (The Red Balloon) എന്ന ഒരു ഹ്രസ്വ ചിത്രമുണ്ട്. കുട്ടികൾ കഥാപാത്രങ്ങളായുള്ള ചിത്രത്തിലെ കേന്ദ്രം ഒരു ചുവന്ന ബലൂൺ ആണ്. ഇതിലെ പ്രധാന കഥാപാത്രമായ കുട്ടി ലാമോറിസ്സേയുടെ മകനായ പാസ്‌ക്കൽ ലാമോറിസ് തന്നെയാണ്. ഹീലിയം നിറച്ച ഒരു ചുവന്ന ബലൂൺ സ്കൂളിൽ പോകുന്ന വഴിയേ ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ഈ കുട്ടി എടുക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.

ആ ചുവന്ന ബലൂണിനോട് കുട്ടിക്ക് വളരെയധികം അടുപ്പം തോന്നുകയാണ്. തിരക്കുള്ള പാരീസ് തെരുവോരത്തുകൂടി വളരെ ശ്രദ്ധിച്ചു പിടിച്ചുകൊണ്ടു പോകുന്ന ബലൂണിനെ ബസിലെ തിരക്ക് കാരണം അതിൽ കയറാതെ ബലൂണും കൈയ്യിൽ പിടിച്ചുകൊണ്ടു ഫുട്പാത്തിലൂടെ ഓടുന്ന കൊച്ചു പാസ്കലിനെ നമുക്ക് കാണുവാൻ സാധിക്കും. സ്കൂളിൽ വൈകിയെത്തുന്ന അവനെ ഹെഡ്മാസ്റ്റർ നോക്കി വെയ്ക്കുന്നുണ്ട്. അടിച്ചുവാരുന്ന ഒരു സ്ത്രീയുടെ കൈവശം ‘ഞാൻ തിരികെ വരുന്നതുവരെ ഈ ബലൂൺ പറന്നുപോകാതെ നോക്കിക്കോളണെ’ എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് കയറുന്ന പാസ്കലിന്റെ ഹൃദയം ബലൂണിന്റെ കൂടെയായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കുട്ടികളെല്ലാവരും ബലൂണിൽ ആകൃഷ്ടരായെങ്കിലും ആർക്കും പിടികൊടുപ്പിക്കാതെ പാസ്കൽ അതിനെ സൂക്ഷിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ചാറ്റൽ മഴയിൽ കുടയില്ലാതെ പോകുന്ന അവനു എങ്ങനെയും തന്റെ ബലൂൺ നനയാതിരിക്കുവാൻ വഴിയിൽ കാണുന്ന എല്ലാവരോടും സഹായം ചോദിക്കുന്നതായി കാണാം.

ബലൂണുമായി വീട്ടിൽ പോകുന്ന കുട്ടിക്കുമാത്രമേ അവിടെ പ്രവേശനം ലഭിക്കുന്നുള്ളൂ. ജനാലയിലൂടെ അവന്റെ അമ്മ അതിനെ പുറത്തേക്ക് കളയുന്നുണ്ടെങ്കിലും ചില്ലിനുള്ളിലൂടെ പാസ്കൽ പുറത്തേക്ക് നോക്കുമ്പോൾ പോകാതെ അവന്റെ സമീപത്തു ചില്ലിനപ്പുറം അവനെ നോക്കി നിൽക്കുന്ന ബലൂണും ഒരു മനോഹര കാഴ്ചതന്നെയാണ്. പിറ്റേന്ന് അവന്റെ യാത്രയിൽ അവനെ പിന്തുടർന്ന് വരുന്ന ബലൂണിനെ കാണുമ്പോൾ കാഴചക്കാർക്ക് മനസ്സിലാകും, അവർക്കിടയിലെ സ്നേഹമെന്ന രസതന്ത്രം എത്രത്തോളം വളർന്നു എന്നത്. പാസ്കൽ പലതവണ തന്റെ ചുവന്ന ബലൂണിന്റെ നൂലിൽ പിടിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും വല്ലപ്പോളും മാത്രം പിടികൊടുത്ത് അത് അവന്റെ കൂടെ നടക്കുന്നതായിട്ടാണ് നമുക്ക് കാണുവാൻ സാധിക്കുക. ഇതിനിടയിൽ സമപ്രായക്കാരായ മറ്റുകുട്ടികൾ പാസ്കലിന്റെ ബലൂണിനെ പിടിക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം അതിനെ വിദഗ്ധമായി വളരെ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തുന്ന കുഞ്ഞു പാസ്കൽ തന്റെ ഏറ്റവുമടുത്ത സുഹൃത്തിനോടെന്നപോലെ ചില സമയങ്ങളിൽ തന്റെ ചുവന്ന ബലൂണിനോട് സംസാരിക്കുന്നതും സിനിമയെ ഹൃദയസ്പർശിയാക്കുന്നു.

ഒരു ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങി ഒരു ബേക്കറിയിൽ കയറിയ പാസ്കലിന്റെ ബലൂണിനെ തെരുവിലെ ഒരുകൂട്ടം വികൃതിപ്പിള്ളേർ വന്നു ബലമായി തട്ടിയെടുക്കുന്നതോടുകൂടി കഥയുടെ ഭാവം മാറുന്നു. തന്റെ സുഹൃത്തിനെ കാണാതെ വിഷമിച്ചു അന്വേഷിച്ചുനടക്കുന്ന പാസ്കൽ വലിയ ബഹളംവെച്ച് കവണകളും കല്ലുമായി ബലൂണിനെ പൊട്ടിക്കുവാൻ നോക്കുന്ന ഒരുകൂട്ടം കുട്ടികളെയും അതുപോലെ അവരെ തടയുവാൻ നോക്കുന്ന മറ്റുള്ളവരും തമ്മിലുള്ള വലിയൊരു ബഹളത്തിന് നടുവിലേക്കെത്തിച്ചേർന്നെങ്കിലും അവനു അതിനെ പിടിക്കുവാൻ സാധിച്ചില്ല. പാസ്കലിന്റെ അടുക്കലെത്തുവാൻ ബലൂണിനും അതിയായ ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല. ഒടുവിൽ അവൻ വളരെ കഷ്ടപ്പെട്ട് ബലൂണിനെ കൈക്കലാക്കി തെരുവോരങ്ങളിലെ ആളൊഴിഞ്ഞ വീതികുറഞ്ഞ വഴിയിലൂടെ കഷ്ടപ്പെട്ട് ഓടിപ്പോകുന്നു. വര്‍ദ്ധിച്ച ഈർഷ്യയോടെ അവനെയും ബലൂണിനെയും പിന്തുടരുന്ന ആ കുട്ടികൾ ഒടുവിൽ പാസ്കലിന്റെ കൈകളിൽ നിന്ന് ബലൂൺ തട്ടിപ്പറിച്ചുകൊണ്ടുപോകുന്നു. പാരിസിലെ പഴയ കെട്ടിട അവശിഷ്ടങ്ങൾ ഉപേക്ഷിച്ച ഒരു ചെറിയ കുന്നിൻമുകളിലേക്ക് ബലൂണിനെ കൊണ്ടുപോകുന്ന അവർ അതിനെ കല്ലുകൊണ്ട് എറിഞ്ഞു പൊട്ടിക്കുവാൻ ശ്രമിക്കുന്നുണ്ട്. അതുകണ്ടു വളരെ വിഷമത്തോടെ പാസ്കൽ ആ വലിയ ബഹളത്തിനിടയിലും തന്റെ പ്രിയപ്പെട്ട ബലൂണിനോട് വിളിച്ചു പറയുന്നുണ്ട്, Fly away balloon…fly away…

പറന്നു പോകൂ ബലൂൺ… എന്ന്. പക്ഷേ ആ വികൃതികളുടെ ആക്രമണത്തിൽനിന്നും രക്ഷപെടുവാൻ പാസ്കലിന്റെ ചുവന്ന ബലൂണിനു സാധിച്ചില്ല, ആരുടെയോ കല്ലേറുകൊണ്ട് ബലൂൺ പൊട്ടുകയാണ്. കാറ്റ്‌ പോയ ബലൂൺ പതിയെ നിലത്തേക്ക് പതിക്കുമ്പോൾ തങ്ങളുടെ കൈപ്പിടിയിലൊതുങ്ങാൻ ഇഷ്ടമില്ലാതിരുന്ന, പാസ്കലിനോട് മാത്രം ചങ്ങാത്തം കാണിച്ച ചുവന്ന ബലൂണിനോട് ദേഷ്യമടങ്ങാതെ ഒരു വികൃതിക്കുട്ടി വന്നു അതിനെ ദേഷ്യത്തോടെ ചവിട്ടുന്നുണ്ട്. പക്ഷേ ആ ചവിട്ടോടുകൂടി പാരിസിൽ വലിയൊരു അത്ഭുതം നടക്കുകയാണ്. ആ സമയം അവിടെ ആരുടെയൊക്കെ കൈകളിൽ ബലൂൺ ഉണ്ടായിരുന്നോ അവരെയൊക്കെവിട്ടു ബലൂണുകൾ ആകാശത്തിലേക്കുയർന്ന് പാസ്ക്കലും മറ്റു കുട്ടികളും നിന്നിരുന്ന ഇടം ലക്ഷ്യമാക്കി പറന്നു. നൂറു കണക്കിന് ബലൂണുകൾ തന്റെ നേരെ പറന്നുവരുന്നതുനോക്കി അത്ഭുതപ്പെട്ടു നിന്നൂ കൊച്ചു പാസ്കൽ. അങ്ങനെ അവയെല്ലാംകൂടി പാസ്കലിനെ പൊതിയുകയും അവൻ അവയെ എല്ലാം ചേർത്ത് പിടിക്കുകയും ചെയ്തപ്പോൾ അവനെയും വഹിച്ചുകൊണ്ട് ആ ബലൂണുകൾ ഒരുപാടുയരത്തിലേക്ക് പറന്നുയർന്നുകൊണ്ട് മറ്റാർക്കും ലഭിക്കാത്ത മനോഹരമായ പാരീസ് നഗരത്തിന്റെ ആകാശ കാഴ്ച സമ്മാനിക്കുകയാണ്. ആത്മ നിർവൃതിയുടെ ഒരു പ്രത്യേക അവസ്ഥയെ സമ്മാനിച്ചുകൊണ്ട് സിനിമ ഇവിടെ അവസാനിക്കുന്നു. എങ്കിലും ചുവന്ന ബലൂണും കുഞ്ഞു പാസ്ക്കലും തമ്മിലുള്ള സ്നേഹവും വിശ്വാസവും മറ്റുള്ളവർ അവസാനിപ്പിച്ചപ്പോൾ ഒരു വലിയ സന്തോഷം പാസ്കലിനായി കാത്തുവെച്ചിരുന്നു കൂട്ടുകാരൻ.

ഈ സിനിമ ഹ്രസ്വമാണെങ്കിലും ജീവിതവുമായും വിശ്വാസവുമായും ഒരുപാട് ബന്ധിപ്പിക്കാവുന്ന, അർത്ഥ തലങ്ങളുടെ വലിയ ശ്രേണി തന്നെയുണ്ട്. പാസ്കലിന്റെ ചുവന്ന ബലൂണിനെ നമുക്ക് വിശ്വാസമായി കണക്കാക്കാവുന്നതാണ്. ജീവിതത്തിൽ നാം എത്തിപ്പിടിക്കുന്ന വിശ്വാസം പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ചിത്രത്തെ നമുക്ക് ഇങ്ങനെയും വ്യാഖ്യാനിക്കാം, ജീവിത സാഹചര്യങ്ങളിൽ പലപ്പോളും വിശ്വാസത്തെ നമ്മിൽ നിന്നെടുത്തുകളയുവാനും ബാഹ്യ ശക്തികളാൽ നശിപ്പിക്കപ്പെടുവാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. അവയിൽ നിന്നെല്ലാം ഓടി അകന്നാൽ പോലും പിന്തുടർന്ന് വന്ന് പലപ്പോളും ജീവനുപോലും ഭീഷണിയായി മാറിയേക്കാവുന്ന സാഹചര്യങ്ങളും അനേകമാണ്. തന്റേതല്ലാത്ത കാരണത്താൽ പാസ്കലിന്റെ ബലൂൺ നഷ്ടപ്പെട്ടപ്പോൾ അവനായി കാത്തുവെച്ചത് മറ്റാർക്കും ലഭിക്കാത്ത അത്ര വലിയ സമ്മാനമായിരുന്നു. അതായിരുന്നു അവനും ആ ബലൂണും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധത്തിന്റെ ശക്തിയുടെ ഏറ്റവും ഗാഢമായ നല്ല വശവും.

വിശുദ്ധ ബൈബിളിലും ഇതുപോലെ ഉണ്ടായിരുന്ന വിശ്വാസത്തിൽ ഇടയ്ക്കുവച്ച് ചെറിയ സംശയം തോന്നിയ ഒരു ക്രിസ്തു ശിഷ്യനുണ്ട്, വി. തോമാശ്ലീഹാ. യേശുവിന്റെ ശിഷ്യരിൽ ഏറ്റവും ഊർജ്ജസ്വലനായ ശിഷ്യനാണ് തോമാശ്ലീഹാ. എങ്കിലും പരസ്യ ജീവിതത്തിൽ കൂടെനിന്നുകൊണ്ട് അവിടുത്തെ ജീവിതവും കുരിശുമരണവും നേരിൽ ദർശിച്ചതിനുശേഷം മറ്റുള്ളവർ ‘ഞങ്ങൾ ഉയിർത്തെണീറ്റ കർത്താവിനെ കണ്ടു’ എന്നു പറഞ്ഞപ്പോൾ അവന്റെ ആണിപ്പാടുള്ള കരങ്ങളിൽ എന്റെ വിരൽ കടത്തിയാലേ ഞാൻ വിശ്വസിക്കൂ എന്ന് വിളിച്ചുപറയുന്ന സംശയാലുവായ തോമസിനെ നമുക്ക് കാണാം. എന്തിനായിരിക്കും വി. തോമാ ശ്ലീഹ അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടാകുക?

ജീവിതവും വിശ്വാസവും രണ്ടു തട്ടുകളിൽ വെച്ച് തൂക്കുമ്പോൾ ഇടയ്ക്കെപ്പോളെങ്കിലും നമുക്കും തോന്നിയിട്ടുണ്ടാകും യേശു സത്യമായും ഉയിർത്തെണീറ്റോ എന്ന്. നമുക്ക് ചുറ്റുമുള്ളവരുടെ മരണശേഷം ആരും ഉയിർത്തതായി അറിവില്ല. അതുകൊണ്ട് തന്നെ മനുഷ്യൻകൂടിയായ കർത്താവും ഉയിർത്തിരുന്നോ എന്ന സംശയം ഒരു സാധാരണ വിശ്വാസിക്ക് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. ആ ഒരു സംശയത്തിന് ഉത്തരം തലമുറകൾക്കു നല്കുവാനായിരിക്കും ഊർജ്ജസ്വലതയോടെ തന്റെ സംശയം തോമ ശ്ലീഹ ഉന്നയിച്ചതും. അവിടുന്ന് അത്ര പെട്ടന്നൊന്നും ഉത്തരം തോമസിന് നൽകുന്നില്ല.

ദിവസങ്ങൾക്കു ശേഷം പ്രത്യക്ഷപ്പെട്ട് തന്റെ പാർശ്വത്തിൽ കൈകൾ വെയ്ക്കുവാൻ തോമസിനെ ക്ഷണിക്കുകയാണ് കർത്താവ്. ‘അവിശ്വാസിയാകാതെ വിശ്വാസിയാകുവാൻ’ അവിടുന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. അത്ര വലിയൊരു ക്ഷണം ലഭിച്ചിട്ടും തോമസ് ഒരിക്കൽ പോലും അവിടുത്തെ ആണിപ്പഴുതുകളിൽ സ്പർശിക്കുന്നില്ല. ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നുള്ള വിളിയിലെ ആ ഉറപ്പുമാത്രം മതിയായിരുന്നു അവിടുത്തെ ആ ശിഷ്യന്. പ്രിയപ്പെട്ടവരേ, നമ്മുടെയൊക്കെ സംശയങ്ങൾക്കുവേണ്ടി നൂറ്റാണ്ടുകൾക്കുമുന്നെ നമുക്കായി സംശയ ദൂരീകരണം നടത്തിത്തന്ന ക്രിസ്തു ശിഷ്യനാണ് തോമാ ശ്ലീഹ. അവിടുത്തെ ഉയിർപ്പിലുള്ള അവിശ്വാസമായിരുന്നില്ല ആ ചോദ്യത്തിന് പിന്നിലുള്ള കാരണം. മറിച്ച് ഇനിയാർക്കും അവിടുത്തെ ഉയിർപ്പിൽ ഒരു അവിശ്വാസ്യത, ഒരു അവിശ്വസനീയത ഉണ്ടാകരുതെന്ന അമിതമായ ആഗ്രഹവും ദൈവേച്ഛയും ആ ചോദ്യത്തിൽ നമുക്ക് വായിച്ചെടുക്കുവാൻ സാധിക്കും.

ഭാരത സഭയെ സംബന്ധിച്ചിടത്തോളം അവിടുത്തെ ഉയിർപ്പിനെ ലോകത്തിനു മുന്നിൽ ഉറപ്പിച്ച ക്രിസ്തു ശിഷ്യന്റെ വലിയ സാന്നിധ്യമാണ് ലഭിച്ചിരിക്കുന്നത്. നമുക്കും അഭിമാനിക്കാം, അവിടുത്തെ ജീവിതവും മരണവും ഉത്ഥാനവും നേരിൽ കണ്ട് മനസ്സിലാക്കി ഉറപ്പിച്ച അവിടുത്തെ ശിഷ്യൻ പകർന്നു നൽകിയ വിശ്വാസ ദീപ്തിയിൽ ജീവിതം മുന്നോട്ട് നയിക്കുവാൻ സാധിക്കുന്നതിൽ. വിശ്വാസ ജീവിതത്തിൽ സംശയമേതുമില്ലാതെ തന്നെ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നു ഉറപ്പോടെ ഏറ്റുപറഞ്ഞുകൊണ്ട് വിശുദ്ധ തോമാ ശ്ലീഹ പകർന്നു നൽകിയ വിശ്വാസ ചൈതന്യത്തിൽ വരും തലമുറകൾക്കും മാതൃകകളാകുവാൻ നമുക്കേവർക്കും സാധിക്കട്ടെ. ഉന്നതമായ ആനന്ദം കാത്തുവെച്ചിരിക്കുന്ന അനന്യമായ നിമിഷങ്ങളിലേക്ക് സ്വർഗ്ഗം നമ്മെ ഉയർത്തുന്ന നിമിഷത്തിലാണ് യഥാർത്ഥ ക്രിസ്തു ശിഷ്യനെന്ന വിളിക്ക് നാമും അർഹരാകൂ. ദുക്റാന തിരുനാളിന്റെ പ്രാർത്ഥനാശംസകൾ.

സുനീഷ നടവയല്‍ 

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.