വി. അമ്മത്രേസ്യായും വി. യൗസേപ്പിതാവും

റോമൻ കത്തോലിക്കാസഭയിലെ അറിയപ്പെടുന്ന വിശുദ്ധയാണ് ആവിലയിലെ വി. അമ്മത്രേസ്യ. അമ്മത്രേസ്യയ്ക്കു യൗസേപ്പിതാവിനോടുള്ള ഭക്തിയെയും സ്നേഹത്തെയും കുറിച്ചാണ് നാം ഇന്ന് വിചിന്തനം ചെയ്യുന്നത് . “യൗസേപ്പിതാവിലുള്ള അളവില്ലാത്ത വിശ്വാസത്തിന്റെയും ധൈര്യത്തിന്റേയും പ്രചാരകയാണ് വി. അമ്മത്രേസ്യ” എന്നാണ് അമ്മത്രേസ്യായുടെ യൗസേപ്പിതാവിനോടുള്ള ബന്ധത്തെ കുറിച്ച് പറയപ്പെടുന്നത്. ആത്മീയ ക്ലാസിക്കുകളുടെ രചയിതാവും കാർമലൈറ്റ് പരിഷ്കരണത്തിന്റെ തുടക്കക്കാരിയായിരുന്നു വി. അമ്മത്രേസ്യ.

സ്പെയിനിൽ ആവില എന്ന സ്ഥലത്തു 1515 മാര്ച്ച് മാസം ജനിച്ചു. 1582 ഓക്ടോബർ മാസം മരിച്ച അമ്മ ത്രേസ്യാ, 1622 – ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ 1970 – ൽ തെരേസയെ ആദ്യത്തെ ‘വനിതാ വേദപാരംഗത’ ആയി ഉയർത്തി. ജീവിതാവസാനം വരെ യൗസേപ്പിതാവിനോടുള്ള വലിയ സ്നേഹത്താലും ഭക്തിയാലും അവൾ ജ്വലിച്ചിരുന്നു. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത്തിന്റെ ശക്തിയെ അനുഭവിച്ചറിഞ്ഞവളായിരുന്നു അമ്മ ത്രേസ്യ.

ഒരിക്കൽ അവിലായിലെ ‘ഇന്‍കാര്‍നേഷന്‍’  (Incarnation) കോൺവെന്റിൽ താമസിച്ചിരുന്ന സമയത്തു അമ്മത്രേസ്യ മരണാസന്നമായ രീതിയിൽ അസുഖബാധിതയാവുകയും അവളുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോകുകയും ചെയ്തു. ഈ നാളുകളിൽ അവൾ യൗസേപ്പിതാവിനോട് തീക്ഷ്ണമായി മധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുകയും അവളുടെ പക്ഷാഘാതം ഭേദമാവുകയും ചെയ്തു. അവളുടെ അത്ഭുതകരമായ രോഗശമനം വിശുദ്ധ ജോസഫിന്റെ മധ്യസ്ഥത്തിലൂടെ ആണെന്ന് അവൾ വിശ്വസിച്ചിരുന്നു. തനിക്കു ലഭിച്ച സൗഖ്യത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് താൻ സ്ഥാപിച്ച ആദ്യ മഠത്തിനു അമ്മ ത്രേസ്യ യൗസേപ്പിതാവിന്റെ പേരു നൽകിയത്. അമ്മത്രേസ്യ ആരംഭിച്ചതും അതിനുശേഷം തുടങ്ങിയതുമായ ഒത്തിരി മഠങ്ങൾ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത്തിനായി സമർപ്പിക്കപ്പെട്ടവയാണ്.

യൗസേപ്പിതാവിനോട് കൂടുതൽ സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്നത് പരിശുദ്ധ മറിയത്തെ കൂടുതൽ സന്തോഷവതിയാക്കുന്നു എന്ന് അമ്മ ആത്മകഥയിൽ പറയുന്നുണ്ട്. യൗസേപ്പിതാവിനോടുള്ള ഭക്തി വിശുദ്ധിയിൽ വളരാൻ സഹായിക്കുന്നു എന്ന് പഠിപ്പിച്ച അമ്മ ത്രേസ്യ, യൗസേപ്പിനെ ബഹുമാനിക്കുന്നവർക്കൊക്കെ പുണ്യത്തിൽ വളരാൻ കഴിയും എന്നും ഓർമ്മപ്പെടുത്തുന്നു. എല്ലാവരേയും വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയിലേക്ക് ആകർഷിക്കാനും യൗസേപ്പിന്റെ മാതൃക പിൻതുടരാൻ പ്രേരിപ്പിക്കാനും അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. അമ്മ ത്രേസ്യ പറയുന്നു, “പ്രതിസന്ധികളിൽ പ്രത്യേകിച്ച് എന്റെ ആത്മാഭമാനത്തിനും, ആത്മാവിനും നഷ്ടം സംഭവിക്കാവുന്ന സാഹചര്യങ്ങളിൽ നിന്നും യൗസേപ്പിതാവ് ഒരു അപ്പനെപ്പോലെയും നാഥനെപ്പോലെയും എന്നെ രക്ഷിച്ചു. ഞാൻ ചോദിച്ചതിനേക്കാളേറെ അനുഗ്രഹങ്ങൾ എനിക്ക് നൽകി.” പ്രതിസന്ധികളിൽ ഉഴലുന്ന എല്ലാവർക്കും യൗസേപ്പിതാവിനെ ആശ്രയിക്കാമെന്നും ചോദിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലുമേറെ അനുഗ്രഹങ്ങൾ യൗസേപ്പിതാവിലൂടെ ദൈവം നമ്മിൽ ചൊരിയുമെന്നും അമ്മത്രേസ്യ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മെ ഓർമിപ്പിക്കുന്നു. യൗസേപ്പിതാവ് മറ്റെല്ലാ വിശുദ്ധരെക്കാളും ഉന്നതനാണെന്നും, നമ്മുടെ ഏറ്റവും വലിയ മദ്ധ്യസ്ഥനാണെന്നും അമ്മ ത്രേസ്യക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും, എല്ലാകാര്യങ്ങളിലും, വിശുദ്ധ യൗസേപ്പിന്റെ മദ്ധ്യസ്ഥം അപേക്ഷിക്കണമെന്ന് അമ്മ ത്രേസ്യ അതിയായി ആഗ്രഹിച്ചു.

അമ്മത്രേസ്യ പറയുകയാണ്, “മറ്റു വിശുദ്ധന്മാർക്ക്, നമ്മുടെ ചില ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനുള്ള കൃപ കർത്താവ് നൽകിയിട്ടുണ്ട്. എന്റെ അനുഭവത്തിൽ, ഈ മഹത്വമുള്ള വിശുദ്ധന്, എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കാനുള്ള കൃപ ദൈവം നൽകിയിട്ടുണ്ട്.” അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവനാണ് വി. യൗസേപ്പ് എന്നത് അമ്മ ത്രേസ്യയുടെ അനുഭവമായിരുന്നു. യൗസേപ്പിതാവിനോട് ചോദിക്കുന്ന എല്ലാ കാര്യങ്ങളിലും യൗസേപ്പിതാവ് സഹായിക്കും എന്ന ഉറച്ച ബോധ്യം അമ്മ ത്രേസ്യക്കുണ്ടായിരുന്നു ശരിയായതല്ല നാം ചോദിച്ചതെങ്കിൽ നമ്മുടെ ഉപരി നന്മക്ക് ഉപകാരപ്പെടുന്ന രീതിയിൽ ശരിയായവ മാത്രം ചോദിക്കാൻ യൗസേപ്പിതാവ് സഹായിച്ചിരുന്നു എന്ന് അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തുന്നു.

അമ്മ ത്രേസ്യ ആത്മകഥയിൽ കുറിക്കുന്നത് ഇപ്രകാരമാണ്. “കുറച്ച് വർഷങ്ങളായി, അദ്ദേഹത്തിന്റെ തിരുനാളിൽ എല്ലാ വർഷവും ഞാൻ അദ്ദേഹത്തോട് ചില അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്, അത് എല്ലായ്പ്പോഴും ലഭിച്ചിട്ടുമുണ്ട് . എന്റെ അപേക്ഷ ഏതെങ്കിലും വിധത്തിൽ മോശമായിട്ടാണെങ്കിൽ, എന്റെ വലിയ നന്മയ്ക്കായി അദ്ദേഹം അത് നേരെയാക്കുന്നു.”

ആർക്കെങ്കിലും ഇത് വിശ്വാസമായില്ലെങ്കിൽ സ്വജീവിതത്തിൽ പരീക്ഷിച്ചു നോക്കാൻ, ദൈവസ്നേഹത്തെ പ്രതി അമ്മത്രേസ്യ അപേക്ഷിക്കുകയാണ്. വിശുദ്ധ തുടർന്നു പറയുന്നത്. ഇപ്രകാരമാണ്. “ഈ മഹാനായ ഗോത്രപിതാവിനു സ്വയം ഭരമേല്പിച്ചിരിക്കുന്നവർക്കും അവനോടു ഭക്തി യുള്ളവർക്കും ലഭിക്കുന്ന വലിയ നേട്ടങ്ങൾ സ്വന്തം അനുഭവത്തിലൂടെ അവർക്കു മനസ്സിലാക്കാൻ കഴിയും.”

തന്റെ ആത്മകഥയിൽ ആറാം അധ്യായത്തിൽ അമ്മത്രേസ്യ ഇങ്ങനെ എഴുതി വച്ചു. “എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കാൻ ഒരു യജമാനനെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ,യൗസേപ്പിതാവിനെ ഗുരുവായി സ്വീകരിക്കണം. യൗസേപ്പിതാവിനെ ഗുരുവായി സ്വീകരിക്കുന്ന ഒരുവനും വഴി തെറ്റില്ല.” പ്രാർത്ഥനാ ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് വി. യൗസേപ്പിനെ ഗുരുവായി സ്വീകരിക്കാൻ അമ്മ ത്രേസ്യ ഓർമ്മപ്പെടുത്തുകയാണ്. വഴി തെറ്റാതെ ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർ യൗസേപ്പിന്റെ അരികിലെത്താൻ വിശുദ്ധ ആവശ്യപ്പെടുന്നു.

യൗസേപ്പിതാവിനോട് സ്നേഹം ഭക്തിയും ഉള്ളവരായി നമുക്കും വളരാം. അമ്മത്രേസ്യ പറഞ്ഞതുപോലെ “ഞാൻ എന്റെ കാര്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ സ്വീകരിക്കുകയും എന്നെ പൂർണമായി അവനു ഭരമേല്പിക്കുകയും ചെയതിരിക്കുന്നു” എന്നു നമുക്കും ഏറ്റുപറയാം.

ഫാ. ആന്റണി ചിറയ്ക്കല്‍മണവാളന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.