ആര്‍ഭാടങ്ങള്‍ മാറ്റിവെച്ചു ദുരിതബാധിതര്‍ക്കായി കൈകോര്‍ത്ത ഇടവക

മരിയ ജോസ്

“ഈ പ്രാവശ്യത്തെ പെരുന്നാള്‍ ആഡംബരമാക്കണ്ട, ലളിതമാക്കാം. ആ തുക കുട്ടനാട്ടിലെ വേദനിക്കുന്നവര്‍ക്കായി നല്‍കാം” ഈ നിര്‍ദ്ദേശത്തെ പെരുനാള്‍ കമ്മറ്റി ഒന്നടങ്കം സ്വീകരിച്ചു. പറഞ്ഞു വരുന്നത് അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോന പള്ളിയിലെ കാര്യമാണ്.  മുന്‍ വര്‍ഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം കൊണ്ടാടിയ തിരുനാള്‍ ഈ വര്‍ഷം ലളിതമാക്കി. എന്തിനു വേണ്ടിയെന്നോ? പ്രളയബാധിത പ്രദേശങ്ങള്‍ക്ക് സഹയം എത്തിക്കുന്നതിനായി.

ആ വ്യത്യസ്തമായ തീരുമാനത്തെക്കുറിച്ച് ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് അസിസ്റ്റന്റ് വികാരി ഫാ. സോണി.

ആഘോഷങ്ങളെ വിട , ഞങ്ങൾ നിങ്ങൾക്കൊപ്പം   

എട്ട് നോമ്പും ദര്‍ശന തിരുന്നാളും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന ഇടവക ജനങ്ങളാണ് അതിരമ്പുഴക്കാര്‍. അങ്ങനെ തിരുനാളിനോട് അടുത്തുകൊണ്ടിരുന്ന സമയത്താണ് പ്രളയം കേരളത്തെ വിഴുങ്ങിയത്. ഒരു ജനത മുഴുവൻ വേദനിക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ സന്തോഷിക്കാനാവും? മനസ്സാക്ഷിയുടെ ഉള്ളിൽ ഉയർന്ന ആ സ്വരമാണ് അവരെ വ്യത്യസ്തമായ പാതയിൽ ചരിക്കാൻ പ്രേരിപ്പിച്ചത്.

ആരെ എങ്ങനെയൊക്കെ സഹായിച്ചു തുടങ്ങണം എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് അടുത്തു വരുന്ന പെരുന്നാളിന്റെ കാര്യം ഓര്‍മയില്‍ വരുന്നത്.  എല്ലാ തവണയും ആഘോഷപൂർവം നടത്താറുള്ള തിരുനാൾ ചെലവ് ചുരുക്കി നടത്തിയാലോ എന്നൊരു ആശയം വൈദികരുടെ മനസ്സിൽ ഉദിച്ചു. അവർ ആ ആശയം ഇടവക ജനത്തിനു മുന്നിൽ വെച്ചു. എല്ലാവർക്കും സമ്മതം. അങ്ങനെ ദുരിതബാധിതർക്കായി അവർ ഒത്തു ചേർന്നു.

മാതാവിന്റെ പിറവി തിരുനാളിനോട് അനുബന്ധിച്ചു സാധാരണയായി നടത്തി വന്നിരുന്ന  പാച്ചോർ നേർച്ച വിതരണവും ദർശനത്തിരുനാളിനോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടും മാറ്റി തിരുനാൾ ലളിതമാക്കുവാൻ അതിരമ്പുഴക്കർ തീരുമാനിച്ചു. അങ്ങനെ മിച്ചം പിടിക്കുന്ന രൂപയും ദുരിതാശ്വാസത്തിനായി ചിലവിടുവാൻ തീരുമാനിച്ചു. ഇതു കൂടാതെ പള്ളിയിലെ ഒരു ഞായറാഴ്ചയിലെ സ്തോത്രക്കാഴ്ചയും വിവിധ ആളുകളിൽ നിന്ന് സമാഹരിച്ചതുമായ 20 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിലവിടുവാൻ മാറ്റി വെച്ചിരിക്കുകയാണ്.

ഇതിനോടൊപ്പം തന്നെ കുട്ടനാട്ടിലെ രണ്ടു ഇടവകകൾ കൂടി അതിരമ്പുഴ  ഇടവക ദത്തെടുത്തിരിക്കുകയാണ്. വൈശും ഭാഗം സെന്റ് ആന്റണീസ് ഇടവകയും നർബോണപുരം സെന്റ് സെബാസ്ററ്യൻസ് ഇടവകയുമാണ് ആ രണ്ടു ഇടവകകൾ. പ്രളയം തകർത്തെ ഈ ഇടവകകൾക്കു ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനു വഴിയൊരുക്കുകയാണ് അതിരമ്പുഴക്കാർ.

കുട്ടനാടിനു ഒരു കൈത്താങ്ങ് 

പ്രളയം രൂക്ഷമായ ദിനങ്ങളിലെല്ലാം തന്നെ തങ്ങളാൽ ആവുന്ന സഹായവുമായി അതിരമ്പുഴക്കാരും രക്ഷാ പ്രവർത്തനങ്ങൾക്ക് ഓടിയെത്തി. ചങ്ങനാശേരിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായങ്ങൾ എത്തിക്കുന്നതിനും മറ്റുമായി പ്രായഭേദമന്യേ അവർ ഒത്തുചേർന്നു. പ്രളയം അവസാനിച്ചപ്പോഴും ദുരിതം ഒഴിഞ്ഞല്ലോ എന്നാശ്വസിച്ചു മാറിയിരിക്കുവാൻ തുനിഞ്ഞില്ല അവർ. ദുരിതം കാര്യമായി ബാധിച്ച ചേന്നങ്കരിയിലേയ്ക്ക് അവർ കടന്നു ചെന്നു.

അസിസ്റ്റന്റ് വികാരിയായ സോണിയച്ചന്റെ നേതൃത്വത്തിൽ ചേന്നങ്കരിയിലെത്തിയ മുപ്പതു കുട്ടികൾ,ചേന്നങ്കരിയിലെ ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്നതിനും മറ്റും അവരെ സഹായിച്ചു. ഒപ്പം നൂറു വീടുകൾക്ക് ഉള്ള ചെറിയ ഒരു കിറ്റും കരുതിയായിരുന്നു അവരുടെ യാത്ര.

പ്രളയം കവർന്ന ആത്മവിശ്വാസത്തിലേയ്ക്ക് കേരളം തിരിച്ചെത്തുകയാണ്. ഒപ്പം ചേർത്തു പിടിക്കാൻ ആയിരം കരങ്ങളും. ഇവിടെയെല്ലാം ദർശിക്കുന്നത് നന്മയുടെ മുഖങ്ങൾ. തങ്ങളുടെ സുഖങ്ങളും സൗകര്യങ്ങളും ആഘോഷങ്ങളും ഒക്കെ മാറ്റിവെച്ചു നാളെയെപ്പഴോ എന്തൊക്കെയോ  കിട്ടും എന്ന വിശ്വാസത്തിൽ വിദൂരതയിലേക്ക് നോക്കി നിന്ന ജനത്തിനു ഇന്നത്തേക്ക് അന്നമെത്തിക്കാൻ, അടിസ്ഥാനമൊരുക്കാൻ കടന്നെത്തിയ ഈ ഇടവകയെ പോലെ ആയിരങ്ങൾ ഇനിയും ഉണ്ടാവട്ടെ.

 മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.