ജോസഫ് ചിന്തകൾ 365: അമലോത്ഭവ തിരുനാളും വിശുദ്ധ യൗസേപ്പിതാവും

ഡിസംബർ എട്ടാം തീയതി തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദി മുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നതാണ് അമലോത്ഭവ സത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തിൽ സഭ വിശ്വസിച്ചിരുന്നു.

പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇത് പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ അറിയപ്പെടാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഈ തിരുനാൾ ആഗോളസഭയിൽ ആഘോഷിച്ചു തുടങ്ങി.

1854 ഡിസംബര് മാസം എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പായാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: “അനന്യമായ ദൈവകൃപയാലും സർവ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യ നിമിഷം മുതൽ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു.”

വി. യൗസേപ്പിതാവിന്റെ അമലോത്ഭവ ജനനത്തെക്കുറിച്ചുള്ള ഒരു സ്വകാര്യ വെളിപാടാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ചർച്ചാവിഷയം.സ്വകാര്യ വെളിപാടുകൾ ഒരിക്കലും ഈശോമിശിഹായിലൂടെ ദൈവം വെളിവാക്കിയ ദൈവീക വെളിപാടുകൾക്ക് തുല്യമാവുകയില്ല. സ്വകാര്യ വെളിപാടുകൾ വിശ്വസിക്കാൻ കത്തോലിക്കർ കടപ്പെട്ടവരല്ല. എന്നിരുന്നാലും അവ വിശ്വാസവളർച്ചയിൽ ചിലർക്ക് സഹായകമായേക്കാം എന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.

ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ സഹോദരിമാർ (congregation of the Sisters of the Precious Blood) എന്ന സന്യാസ സമൂഹത്തിലെ അംഗവും അമേരിക്കക്കാരിയുമായ സി. മേരി എഫ്രേം (മിൽഡ്രഡ് മേരി ന്യൂസിൽ 1916-2000) ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഔവർ ലേഡി ഓഫ് അമേരിക്ക പ്രത്യക്ഷീകരണങ്ങൾ (the apparitions of Our Lady of America) എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ വിശുദ്ധിയും മാനസാന്തരവും കുടുംബ വിശുദ്ധീകരണവുമാണ് ദർശനങ്ങളിലൂടെ പരിശുദ്ധ മറിയം ആഹ്വാനം ചെയ്യുന്നത്.

1956 ഒക്ടോബറിൽ സി. മേരി എഫ്രേമിനുണ്ടായ ഒരു സ്വകാര്യ വെളിപാടിൽ യൗസേപ്പിതാവിന്റെ അമലോത്ഭവ ജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിനു ശേഷം യൗസേപ്പിതാവിന്റെ സംഭാഷണങ്ങൾ സി. മേരി കേൾക്കാൻ തുടങ്ങി. തന്റെ ഗർഭധാരണത്തിനു തൊട്ടുപിന്നാലെ, ഈശോയുടെ യോഗ്യതയാലും ദൈവപുത്രന്റെ പിതാവ് എന്ന അസാധാരണമായ നിയോഗത്താലും യൗസേപ്പിതാവ് യഥാർത്ഥ പാപത്തിന്റെ കറയിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടുവെന്ന് സി. മേരിക്ക് യൗസേപ്പിതാവ് വെളിപ്പെടുത്തുന്നു.

“എന്റെ പരിശുദ്ധ ഹൃദയം എന്റെ അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ ദൈവത്തോടുള്ള സ്നേഹത്താൽ ജ്വലിച്ചു. എന്റെ ആത്മാവ് ആദിപാപത്തിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട നിമിഷത്തിൽ, കൃപ സമൃദ്ധമായി അതിൽ നിവേശിക്കപ്പെട്ടു, അതുവഴി എന്റെ വിശുദ്ധ പങ്കാളിയായ മറിയം കഴിഞ്ഞാൽ മാലാഖവൃന്ദത്തിലെ ഏറ്റവും ഉയർന്ന മാലാഖയുടെ വിശുദ്ധിയെ പോലും ഞാൻ മറികടന്നു.”

സിസ്റ്റർ മേരി എഫ്രേമിന്റെ ആത്മീയ നിയന്താവായിരുന്ന ആർച്ചുബിഷപ്പ് പോൾ എഫ്. ലീൽബോൾഡ് (Archbishop Paul F. Leilbold) ഔവർ ലേഡി ഓഫ് അമേരിക്കയുടെ സന്ദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ മെഡലുകലുകൾക്ക് അംഗീകാരം (Imprimatur) നൽകുകയും പ്രത്യക്ഷീകരണത്തെ പരസ്യമായി പിന്തുണക്കുകയും ചെയ്തു.

2007 മെയ് 31 -ന് ഇന്ന് കർദ്ദിനാൾ പദവി വഹിക്കുന്ന ആർച്ചുബിഷപ്പ് റെയ്മണ്ട് എൽ. ബർക്ക് (Archbishop Raymond L. Burke) ഒരു കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ആർച്ചുബിഷപ്പ് ലീബോൾഡാണ് ഈ ഭക്തി അംഗീകരിക്കുകയും അതിലുപരിയായി അദ്ദേഹം ഈ ഭക്തിയെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നാണ് കാനോനികമായി നമുക്കെത്താൻ കഴിയുന്ന നിഗമനം. അതു കൂടാതെ, വർഷങ്ങളായി മറ്റ് ബിഷപ്പുമാർ ഈ ഭക്തിയെ അംഗീകരിക്കുകയും ഔവർ ലേഡി ഓഫ് അമേരിക്ക എന്ന പേരിലുള്ള ദൈവമാതാവിനോടുള്ള ഭക്തിയെ അംഗീകരിക്കുകയും പൊതു പ്രാർത്ഥനാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.”

പാപരഹിത ജീവിതം നയിക്കാൻ ഈശോയും പരിശുദ്ധ മറിയവും യൗസേപ്പിതാവും നമുക്കു തുണ നൽകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.