ജോസഫ് ചിന്തകൾ 297: ജോസഫ് – ദൈവസ്നേഹം വിവർത്തനം ചെയ്തവൻ

വിവർത്തകരുടെ മദ്ധ്യസ്ഥനായ വി. ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30 -നാണ് ലോക വിവർത്തന ദിനം ആഘോഷിക്കുന്നത്. 2017 മെയ് മാസം ഇരുപത്തിനാലാം തീയതി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സെപ്റ്റംബർ 30 International Translation Day ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. 2021 -ലെ ലോക വിവർത്തന ദിനത്തിന്റെ മുഖ്യപ്രമേയം ‘വിവർത്തനത്തിൽ ഐക്യപ്പെടുക’ (United in translation) എന്നതാണ്.

ദൈവസ്നേഹത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുക – അത് വി. യൗസേപ്പിതാവിന്റെ ജീവിതനിയോഗമായിരുന്നു. സ്വർഗ്ഗീയപിതാവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ സ്വർഗ്ഗീയപിതാവിന്റെ സ്നേഹം ഭൂമിയിൽ നൂറു ശതമാനം വിശ്വസ്തതയോടെ വിവർത്തനം ചെയ്യാൻ യൗസേപ്പിതാവിനു സാധിച്ചു.

വായനക്കാർക്ക് അവരുടെ മാതൃഭാഷയിൽ വസ്തുതകൾ കൂടുതൽ ഗ്രഹിക്കാനും മനസ്സിലാക്കാനുമുള്ള ഉപാധിയാണല്ലോ വിവർത്തനം. ഗ്രന്ഥകാരന്റെ ഹൃദയത്തുടിപ്പുകൾ മനസ്സിലാക്കി ആശയം അവതരിപ്പിച്ചാലേ വിവർത്തനജോലി പൂർണ്ണ ലക്ഷ്യപ്രാപ്തിയിൽ എത്തുകയുള്ളൂ. വിവർത്തകൻ സൂക്ഷിച്ചില്ലെങ്കിൽ മൂലകൃതിയിൽ നിന്നും അടിസ്ഥാന അർത്ഥങ്ങളിൽ നിന്നും ഒരുപാട് വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അത്യന്ത്യം ശ്രദ്ധയുള്ള ജോലിയാണിത്.

അക്ഷരക്കൂട്ടങ്ങൾ കൊണ്ടായിരുന്നില്ല യൗസേപ്പിതാവ് ദൈവസ്നേഹം വിവർത്തനം ചെയ്തത്, ജീവിതം കൊണ്ടായിരുന്നു; സാക്ഷ്യമായ വിശുദ്ധജീവിതം വഴിയായിരുന്നു. സൂക്ഷ്മതയോടെ ദൈവഹിതം അനുനിമിഷം ആരാഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലെ മനോഹരമായ ഒരു ദൈവസ്നേഹകാവ്യം ഭൂമിയിൽ യൗസേപ്പിതാവ് വിവർത്തനം ചെയ്തു. ദൈവപിതാവിന് ഏറ്റവും ഇഷ്ടമുള്ള വിവർത്തനമായിരുന്നു നീതിമാനായ ആ മനുഷ്യന്റെ പുണ്യജീവിതം.

നമ്മൾ ആയിരിക്കുന്ന ജീവിതസാഹചര്യങ്ങളിൽ ദൈവസ്നേഹത്തിനും കാരുണ്യത്തിനും ജീവതം കൊണ്ട് വിവർത്തനം ചെയ്യാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവസ്‌നേഹം വിവർത്തനം ചെയ്യുമ്പോൾ നമ്മുടെ രക്ഷകനായി ഈശോയിൽ നാം ഐക്യപ്പെടുകയാണ് ചെയ്യുന്നത്. ഈ നല്ല ഉദ്യമത്തിന് വി. യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.