സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം ശനി മെയ് 25 മർക്കോ. 13: 9-13 പരിശുദ്ധാത്മാവ് നിങ്ങളിലൂടെ സംസാരിക്കും

ജീവിതത്തില്‍ സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നുപോകേണ്ടതായും വരും. അത്തരം സാഹചര്യങ്ങളില്‍ ദൈവവഴിയെ ആണ് നമ്മള്‍ നടക്കുന്നതെങ്കില്‍, നമ്മളായിരിക്കില്ല, പരിശുദ്ധാത്മാവായിരിക്കും നമുക്കുവേണ്ടി സംസാരിക്കുക. യഥാര്‍ഥത്തില്‍ ക്രിസ്തുവിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവന്റെ മുമ്പില്‍ അനിശ്ചിതത്വങ്ങളില്ല. എല്ലാം യഥാസമയത്ത് പരിശുദ്ധാന്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കും.

എന്നാല്‍ അതിനായി നമ്മള്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്: പരിശുദ്ധാന്മാവിന്റെ പ്രചോദനങ്ങള്‍ സ്വീകരിക്കാന്‍ തക്കവിധം, നമ്മള്‍ ജീവിക്കുക എന്നത്. നമ്മള്‍ പൂര്‍ണ്ണമായി ദൈവത്തോട് കടപ്പെട്ടവരാണോ, എങ്കില്‍ അവസാനംവരെ സഹിച്ചുനില്‍ക്കാനും ആത്മാവ് നമ്മെ ശക്തരാക്കും. “അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍ എന്തു പറയണമെന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക” (11). യേശുവിന്റെ ഈ വാക്കുകളിൽ വിശ്വസിക്കുക; ഏതു പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.

ഫാ. ജി കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.