ജോസഫ് ചിന്തകൾ 23: ജോസഫ് – നന്ദിയുടെ ഓർമ്മപുസ്തകം

1965-ൽ പുറത്തിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ, വർഗീസ് മാളിയേക്കൽ രചിച്ച് ജോബ് മാഷ് സംഗീതം നൽകി എസ്. ജാനകി ആലപിച്ച പ്രസിദ്ധമായ ഗാനമാണ് ‘ഞാനുറങ്ങാൻ പോകും മുൻപായ്…’ എന്ന ഗാനം. അതിലെ ആദ്യ നാലു വരികൾ ഇപ്രകാരമാണ്:

ഞാനുറങ്ങാൻ പോകും മുൻപായ്
നിനക്കേകുന്നിതാ നന്ദി നന്നായ്,
ഇന്നു നീ കാരുണ്യപൂർവം തന്ന
നന്മകൾക്കൊക്കെയ്ക്കുമായി.

2020 അവസാന നാളിൽ യൗസേപ്പിതാവ് നമ്മോടു പറയുക നന്ദിയുള്ളവരാവുക, നന്ദി പറഞ്ഞ് പുതുവർഷത്തിലേയ്ക്കു പ്രവേശിക്കുക എന്നാണ്. നന്ദി പറയാൻ ഒരുപക്ഷേ, പലർക്കും ബുദ്ധിമുട്ടുള്ള ഒരു വർഷമാണ് 2020. ദുരിതങ്ങളും നഷ്ടങ്ങളും ലോകം മുഴുവൻ ഒരുമിച്ച് അനുഭവിച്ച വർഷം. മരണത്തിന്റെ താഴ്വരകളിലൂടെ നടന്നെങ്കിലും നന്ദി പറയുന്നതിൽ നിന്നും ജോസഫ് ഒരിക്കലും പിന്മാറിയില്ല.

നന്ദി നിറഞ്ഞ ഹൃദയത്തോടെ 2020-നെ നോക്കിക്കാണാൻ ജോസഫ് ഇന്നു പഠിപ്പിക്കുന്നു. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് 2020 വിടവാങ്ങുന്നത്. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ നമ്മൾ സുരക്ഷിതരായിരിക്കുന്നെങ്കിൽ പലരോടും നാം നന്ദി പറയേണ്ടതുണ്ട്, അവരെയെല്ലാം നന്ദിയോടെ ഓർക്കേണ്ട ദിനമാണ് ഡിസംബർ 31.

കൃതജ്ഞതയാണ് നമ്മുടെ ഹൃദയത്തെ വിശാലവും സന്തോഷവുമുള്ളതാക്കുന്നത്. ഓർമ്മയുള്ള മനസ്സിലാണ് നന്ദി ഉറവയെടുക്കുക. ജോസഫ് ഇന്നേദിനം ബോധത്തോടെയും ശരിയായും എല്ലാ കാര്യങ്ങളും ഓർമ്മിച്ചെടുക്കാൻ നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവവും മനുഷ്യരും പ്രകൃതിയും നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമ്മയിൽ നന്ദിയർപ്പണം ആരംഭിക്കുന്നു. അത് എന്നും തുടരേണ്ട ഒരു ക്രിസ്തീയചൈതന്യമാണ്.

നന്ദി നിറഞ്ഞ ഹൃദയമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. അത് കൂടുതൽ സുന്ദരമാകുന്നത് എന്റെ ദൈവത്തിനു മുമ്പിൽ, എന്റെ മാതാപിതാക്കൾക്കു മുമ്പിൽ, എന്റെ ഗുരുജനങ്ങൾക്കു മുമ്പിൽ, ഞാൻ കടപ്പെട്ടവർക്കു മുമ്പിൽ നന്ദിയോടെ ജീവിക്കുമ്പോഴാണ്. ആയതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പറയാം, “ദൈവമേ ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്ക്‌ എന്നും നന്ദി പറയും (സങ്കീ.‍ 30:12).

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.