ജോസഫ് ചിന്തകൾ 178: യൗസേപ്പിൽ വിളങ്ങിശോഭിച്ച ആറു ഗുണങ്ങൾ

“എന്റെ ദൈവമായ കർത്താവേ, നിന്നെ അറിയാനുള്ള മനസ്സ്, നിന്നെ അന്വേഷിക്കാനുള്ള ഹൃദയം, നിന്നെ കണ്ടെത്താനുള്ള ജ്ഞാനം, നിന്നെ പ്രസാദിപ്പിക്കുന്ന പെരുമാറ്റം, നിന്നെ വിശ്വസ്തതയോടെ കാത്തിരിക്കുന്ന സ്ഥിരോത്സാഹം, ഒടുവിൽ നിന്നെ ആശ്ലേഷിക്കാനുള്ള പ്രത്യാശ എന്നിവ എനിക്കു തരേണമേ” – വി. തോമസ് അക്വിനാസ് രചിച്ച മനോഹരമായ ഒരു പ്രാർത്ഥനയാണിത്.

ഒരു ദൈവഭക്തന് ഉണ്ടായിരിക്കേണ്ട ആറു ഗുണങ്ങളാണിവ. ഈ ഈ പ്രാർത്ഥനയിൽ വിരിയുന്ന ആറു സ്വഭാവസവിശേഷതകളും വി. യൗസേപ്പിതാവിന്റെ ജീവിതത്തിൽ അന്വർത്ഥമായിരുന്നതായി നമുക്കു ദർശിക്കാവുന്നതാണ്. യൗസേപ്പിതാവിന് ദൈവസ്വരം ഏതു സാചര്യത്തിലും അറിയുവാനുള്ള വിശാലമായ മനസുണ്ടായിരുന്നു. അവിടെ പരിധികളോ അളവുകളോ അവൻ സ്ഥാപിച്ചില്ല. ദൈവത്തെ അന്വേഷിക്കുവാനുള്ള ഒരു തുറന്ന ഹൃദയം എപ്പോഴും അവനുണ്ടായിരുന്നു.

ദൈവത്തെ കണ്ടെത്താനുള്ള ജ്ഞാനം ദൈവഭയത്തോടെയുള്ള ജീവിതത്തിൽ നിന്നു അവൻ സ്വന്തമാക്കി. സാഹചര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുന്ന പെരുമാറ്റം യൗസേപ്പിതാവിന്റെ ജീവിതത്തിലെ മറ്റൊരു മുഖമുദ്രയാണ്. സ്ഥിരതയോടെ കാത്തിരിക്കുന്ന വിശ്വസ്തനായിരുന്നു ദൈവപുത്രന്റെ വളർത്തുപിതാവ്. ദൈവപുത്രനെ ആശ്ലേഷിക്കാനും ദൈവപുത്രന്റെയും ദൈവമാതാവിന്റെയും ആശ്ലേഷനത്തിൽ മരിക്കുവാനും ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ജോസഫ്.

ദൈവഭക്തനുണ്ടായിരിക്കേണ്ട ആറു ഗുണങ്ങളും സ്വന്തമാക്കാനായി വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം നമുക്കു യാചിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.