ജോസഫ് ചിന്തകൾ 156: യൗസേപ്പിതാവേ, നിന്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ

ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ജർമ്മനയിൽ ഫാദേഴ്സ് ഡേ (Vatertag) ആഘോഷിക്കുന്നത്. തിനെട്ടാം നൂറ്റാണ്ട് മുതലാണ് ജർമ്മനിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ഈശോ തന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേയ്‌ക്കു തിരികെ പോകുന്നതുമായി ബന്ധപ്പെടുത്തിയാണ് സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ ഫാദേഴ്സ് ഡേ കൊണ്ടാടുന്നത്.

സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം നടക്കുന്ന പ്രദിക്ഷണത്തിനുശേഷം ചില ഗ്രാമങ്ങളിൽ കൂടുതൽ മക്കളുള്ള അപ്പന്മാർക്ക് പ്രത്യേകം സമ്മാനം നൽകി ആദരിച്ചിരുന്നു. നല്ല അപ്പനായ വി. യൗസേപ്പിതാവ് അപ്പന്മാരുടെ മാതൃകയും പ്രചോദനവുമാണ്.

അപ്പന്മാർക്കുവേണ്ടി വി. യൗസേപ്പിതാവിനോടുള്ള വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു പ്രാർത്ഥനയും ഇന്നത്തെ ചിന്തയിൽ ഉൾപ്പെടുത്തുന്നു.

ഈശോയുടെ സംരക്ഷകനും മറിയത്തിന്റെ ഭർത്താവുമായ വി. യൗസേപ്പേ, സ്നേഹപൂർവ്വം കടമകൾ നിർവ്വഹിച്ച് നിന്റെ ജീവിതദൗത്യം നീ പൂർത്തിയാക്കി. അദ്ധ്വാനത്താൽ നസറത്തിലെ തിരുക്കുടുംബത്തെ നീ സഹായിച്ചു. നിന്റെ സന്നിധിയിലേക്ക് ശരണത്തോടെ വരുന്ന എല്ലാ പിതാക്കന്മാരെയും ദയവായി നീ സംരക്ഷിക്കണമേ. അവരുടെ അഭിലാഷങ്ങളും കഷ്ടപ്പാടുകളും പ്രതീക്ഷകളും നീ അറിയുന്നുവല്ലോ. നീ അവരെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അറിയുന്നതിനാൽ അവർ നിന്നിലേക്കു നോക്കുന്നു. അവരുടെ പരീക്ഷണകളും കഠിനാദ്ധ്വാനങ്ങളും ക്ഷീണവും നിനക്കറിയാമല്ലോ.

ഭൗതീകജീവിതത്തിന്റെ ആകുലതകൾക്കിടയിലും നിന്നെയും മറിയത്തെയും ഭരമേല്പിച്ച ദൈവപുത്രന്റെയും സാമീപ്യത്താൽ നിന്റെ ആത്മാവ് സമാധാനം കണ്ടെത്തുകയും സന്തോഷകീർത്തനം ആലപിക്കുകയും ചെയ്തുവല്ലോ. അദ്ധ്വാനിക്കുന്നവർ തനിച്ചല്ല എന്ന ഉറപ്പ് നീ അവർക്കു നൽകണമേ. അവരുടെ അരികിൽ ഈശോയെ കണ്ടത്തൊൻ അവരെ പഠിപ്പിക്കുകയും വിശ്വസ്തയോടെ ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.