മാര്‍ച്ച് 19- മഹത്തായ പിതൃത്വത്തിന്റെ തിരുനാൾ

ഇന്ന് ഈ ലോകത്തെ ഒരു മഹത്തായ പിതൃത്വത്തിന്റെ തിരുനാൾ. മാര്‍ച്ച് 19, നമ്മുടെ ഔസേപ്പ് പിതാവിന്റെ തിരുനാള്‍. എന്നും പിതാവ് എന്ന സ്ഥാനത്തോട് പ്രത്യേക സ്നേഹം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, വിശുദ്ധനായ ഔസേപ്പ് പിതാവിനോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും തോന്നാറുണ്ട്. നമ്മുടെ ഉണ്ണിഈശോയുടെ (വളര്‍ത്തു) പിതാവാകാന്‍ സ്വര്‍ഗ്ഗീയപിതാവ് തിരഞ്ഞെടുത്ത ഉത്തമനായ ജോസഫ്‌.

ഈ ലോകത്തെ എല്ലാ വിശ്വാസികള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും പിതാക്കന്മാര്‍ക്കും ഒരുത്തമ മാതൃകയാണ് ഔസേപ്പ് പിതാവ്. ഉണ്ണിയുടെ മാതാവിനെ തിരഞ്ഞെടുക്കുന്നത് പോലെതന്നെ പ്രാധാന്യം ഉള്ള ഒന്നായിരുന്നലോ പിതാവിനെ തിരഞ്ഞെടുക്കലും. ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട ജോസഫ്‌, അവിടെ തന്നെ ആ മഹനീയ പാരമ്പര്യം ശ്രദ്ധിക്കാം. സാമുവല്‍ പ്രവാചകന്‍ അഭിഷേകം ചെയ്ത ദാവീദിന്‍റെ വംശം. വിശുദ്ധ ബൈബിൾ നമ്മളെ മനസ്സിലാക്കിത്തരാൻ വേണ്ടി ഔസേപ്പ് പിതാവിനെ വിശേഷിപ്പിക്കുന്ന ഒരു പദം ഉണ്ട്‌; വി. മത്തായി 1:19 – ല്‍ വചനം തന്നെ സാക്ഷ്യപ്പെടുത്തുന്ന വിശേഷണം ‘നീതിമാന്‍.’

നന്മയും നീതിയും ചേര്‍ന്ന രക്ഷാകര്‍തൃത്വം ദൈവം തന്റെ പുത്രനായി ഭൂമിയില്‍ ഒരുക്കി. ‘നീതിമാൻ’ എന്ന സ്വഭാവഗുണമായിരിക്കാം സ്വർഗ്ഗീയപിതാവ് തന്റെ പുത്രനായ ഈശോമിശിഹായുടെ വളർത്തുപിതാവാകാൻ ഔസേപ്പു പിതാവിൽ ദർശിച്ച പുണ്യം. ദൈവത്തോടും ദൈവപുത്രനോടും ദൈവപുത്രന്റെ മാതാവിനോടും തന്നോട് തന്നെയും സമൂഹത്തോടും ന്യായമായി പ്രവർത്തിക്കാൻ സാധിക്കും എന്നു ദൈവത്തിനു വിശ്വാസം തോന്നിയ വ്യക്തിത്വം. നമ്മിൽ ഈ പുണ്യം ഉണ്ടോ എന്നു നമുക്ക് ആത്മശോധന നടത്താം. ദൈവകൃപയാൽ ഈ പുണ്യം ലഭിക്കാൻ പ്രാർത്ഥിക്കാം. നീതിയോടെ ഈ ജീവിതം പൂർത്തീകരിക്കാനുള്ള ദൈവകൃപ ഈ നോമ്പുകാലത്തിൽ പ്രാർത്ഥിച്ചും പ്രയത്നിച്ചും നേടാം.

ഈ ലോകത്ത് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള കാര്യം, ദൈവദൂതന്റെ സന്ദേശം കിട്ടിയപ്പോള്‍ ഏറ്റവും എളിമയോടെ, നിസ്സാരമായി, ഉള്‍ക്കൊണ്ട ഒരു അത്യുത്തമനായ ദൈവഭക്തന്‍. ഏതൊരു ഉറച്ചവിശ്വാസിയെയും അടിതെറ്റിക്കാന്‍ പോന്ന പരീക്ഷണങ്ങള്‍ പലതും ആ ജീവിതത്തില്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം നമുക്ക് ഒരുറച്ച മാതൃകയാവാന്‍ ആ ദിവ്യ വ്യക്തിത്വത്തിന് സാധിച്ചു. ഉണ്ണിയെ ഉദരത്തില്‍ വഹിക്കുന്ന മാതാവിനോടുള്ള കരുതല്‍ ആ ദൈവഭക്തിയെ ആണ് വിളിച്ചറിയിക്കുന്നത്. അതേപോലെ ഉണ്ണിയെ സ്വന്തം കുഞ്ഞായുള്ള ആ സ്വീകാര്യത ദൈവത്തെ ആ ആത്മാവില്‍ എത്രമാത്രം സ്വീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിക്കുന്നു. ഉണ്ണിയുടെ ജനനസമയത്ത് ആ ദിവ്യജനനി അനുഭിച്ച വേദനകള്‍ എല്ലാം ഹൃദയത്തില്‍ അനുഭവിച്ച പുണ്യപിതാവ്.

മാതാവ് ഉദരത്തില്‍ ഉണ്ണിയെ വഹിച്ചപ്പോള്‍, ഹൃദയത്തില്‍ ആ ഉണ്ണിയെ വഹിച്ചു പിതാവ്. ഈജിപ്തിലേക്കുള്ള പലായനം അങ്ങനെ പലതും ആ പിതൃസ്നേഹം നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ദൈവഹിതം നിറവേറാന്‍ തന്നെ പൂര്‍ണ്ണമായും വിട്ടുകൊടുക്കുക മാത്രമല്ല, പുണ്യവാനായ ജോസഫ്‌ ചെയ്തത്. അങ്ങേയറ്റത്തെ പൂര്‍ണ്ണപരിശ്രമവും സമര്‍പ്പണവും ഉണ്ടായിരുന്നു. അദ്ധ്വാനിയായും ധൈര്യശാലിയായും തത്വചിന്തകനായും പുരോഗമനവാധിയായും ഒരു സാധാരണ മനുഷ്യനായും ആത്മിയതയുടെ ഏറ്റവും വലിയ ഉയരത്തിലും ആ വ്യക്തിത്വത്തെ നാം കാണുന്നുണ്ട്. പുതിയ നിയമത്തില്‍ 17-18 പ്രാവശ്യം മാലാഖമാരുടെ ദര്‍ശനം പറയുന്നുണ്ട്. അതില്‍ 3-4 പ്രാവശ്യം ഔസേപ്പിതാവിനായിരുന്നു എന്ന് ഓര്‍ക്കാം.

നമ്മുടെ മാതാവിന് ഉണ്ണിയെ കൂടാതെ സ്വന്തമായി മക്കള്‍ ഉണ്ടായിരുന്നില്ല എന്നത് തീര്‍ച്ചയാണ്. ഏശയ്യാ പ്രവാചകന്‍, യുവതി ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും എന്നാണ് പറയുന്നത്. നിത്യകന്യകയും നിത്യവിശുദ്ധയുമാണ്‌ മേരിമാതാവ്. വി. പൌലോസ് സ്ലീഹ കോറിന്തോസുക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതു പോലെയുള്ള ഒരു ബന്ധമായിരിക്കാം ഈ ഉത്തമ ദൈവദാസരായ ദമ്പതികള്‍ തമ്മില്‍ ഉണ്ടായിരുന്നത്.

ഈശോയുടെ ജിവിതത്തില്‍ മാതാവിനും പിതാവിനും ഉള്ള പങ്ക് നിസ്സാരമായി തള്ളിക്കള്ളയാവുന്ന ഒന്നായി തോന്നുന്നില്ല. നീതിമാനായ ഔസേപ്പ്പിതാവും നന്മ നിറഞ്ഞ മാതാവ് മറിയവും ഉത്തമവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയാണ്. അനുസരണയോടെ ദൈവസ്നേഹത്തെ-വിശ്വാസത്തെ മഹത്വത്കരിച്ച ആ പുണ്യാത്മാക്കളെ ആത്മീയജീവിതത്തിലെ ഏറ്റവും വലിയ മാതൃകയായി കാണുന്നു.

വി. ഔസേപ്പ് പിതാവിനോട് നമ്മുടെ തിരുസഭയ്ക്കും ദൈവാലായങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകം മദ്ധ്യസ്ഥ പ്രാര്‍ത്ഥന അപേക്ഷിക്കുന്നു.

ഇന്ന് നാമഹേതുകതിരുനാള്‍ ആചരിയ്ക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും മനസ്സില്‍ പിതൃത്വത്തിന്‍റെ നന്മയും സ്നേഹവും വാത്സല്യവും കരുതലും കാത്തുസൂക്ഷിച്ചു പ്രകാശിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കും എന്റെ ജീവിതത്തിലേക്ക് പിതൃസ്നേഹ വാത്സല്യങ്ങൾ ചൊരിഞ്ഞ- ചൊരിയുന്ന എല്ലാ പിതാക്കന്മാർക്കും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.

റോസ് മരിയ (അച്ചു)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.