ജപമാല ചൊല്ലി ആത്മാക്കളെ മോചിപ്പിച്ച വിശുദ്ധന്‍

വിശുദ്ധ ജോണ്‍ മാസിയാസ് പെറുവിലെ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനായിരുന്നു. എത്ര ക്ഷീണിതനാണെങ്കില്‍ പോലും എല്ലാ ദിവസവും രാത്രിയില്‍ മുട്ടിന്‍മേല്‍ നിന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി മൂന്ന് ജപമാലകള്‍ ചൊല്ലുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹം മരണശയ്യയിലായിരിക്കുന്ന അവസരത്തില്‍, സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും പത്ത് ലക്ഷത്തിലധികം ആത്മാക്കളെ അദ്ദേഹം തന്റെ പ്രാര്‍ത്ഥന വഴി ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം മരിച്ചപ്പോള്‍, ആയിരക്കണക്കിന് ആത്മാക്കള്‍ അദ്ദേഹത്തിനു ആശംസകള്‍ ചൊരിയുവാനായി സ്വര്‍ഗ്ഗത്തില്‍ നിരന്നു നിന്നു എന്നാണ് ചരിത്രം വിവരിക്കുന്നത്.

അതുകൊണ്ട് ഓരോ വിശുദ്ധ കുര്‍ബാനയ്ക്കും ജപമാല അര്‍പ്പണത്തിനും ശേഷം ഇപ്രകാരം പ്രാര്‍ത്ഥിക്കുക കൂടി ചെയ്യാം, ‘നിത്യപിതാവേ അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു’.