വി. ഡോണ്‍ ബോസ്‌കോയും സ്വപ്നങ്ങളും 

സ്വപ്നങ്ങളിലൂടെ ദൈവം വി. ഡോണ്‍ ബോസ്‌കോയോട് ധാരാളം സംസാരിക്കുകയും സന്ദേശങ്ങള്‍ നല്കുകയും ചെയ്തിരുന്നു. ‘സ്വപ്നക്കാരന്‍’ എന്നൊരു പേരുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം സ്വപ്നങ്ങള്‍ അദ്ദേഹം കണ്ടു. വലുതായപ്പോള്‍ മാര്‍പാപ്പായുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം തന്റെ സ്വപ്നങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തിരുന്നു.

ഒന്‍പതാം വയസ്സിലാണ് ആദ്യത്തെ ദൈവികസ്വപ്നം ഉണ്ടാവുന്നത്. ഒരു മൈതാനത്ത് കുറെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ജോണും അവരോടൊപ്പം ഉണ്ട്. പെട്ടെന്ന് അവരുടെ ഇടയില്‍ കളിയെചൊല്ലി ഒരു വഴക്കുണ്ടായി. അവര്‍ പരസ്പരം ചീത്തവാക്കുകള്‍ പറയാന്‍ തുടങ്ങി. അവരുടെ സംസാരം കേട്ടപ്പോള്‍ ജോണിന് ദേഷ്യം വന്നു. അവന്‍ ചെന്ന് അവരോടു ദേഷ്യപ്പെട്ടു. ചീത്തവാക്കുകള്‍ പറയരുതെന്നു പറഞ്ഞു. അവര്‍ അവനോടും എതിര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.

ഈ സമയം ഒരു ദിവ്യപുരുഷന്‍ ജോണിനെ മാടിവിളിച്ചു. മഹാശോഭയോടെ നില്‍ക്കുന്ന ആ ദിവ്യരക്ഷകന്റെ അടുക്കലേക്ക് അവന്‍ ചെന്നു. രക്ഷകന്‍ അവനോടു പറഞ്ഞു. ദേഷ്യപ്പെട്ടിട്ടല്ല സ്‌നേഹംകൊണ്ടും ക്ഷമകൊണ്ടും നീ അവരെ കീഴ്‌പ്പെടുത്തണം. പാപത്തിന്റെ ദോഷങ്ങളും, പുണ്യത്തിന്റെ ഫലങ്ങളും നീ അവരെ പറഞ്ഞു പഠിപ്പിക്കണം. ബാലനായ തനിക്ക് ഇതെങ്ങനെ സാധിക്കുമെന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ സൗന്ദര്യവതിയായ ഒരു സ്ത്രീ അവന്റെ അടുക്കലേക്കു വന്നു. അവള്‍ കളിസ്ഥലത്തേക്കു വിരല്‍ ചൂണ്ടി പറഞ്ഞു.

‘നോക്കു ജോണ്‍, അവിടെ മുഴുവന്‍ പലതരം മൃഗങ്ങളാണ്. ഈ മൃഗങ്ങളിലുണ്ടാകുന്ന മാറ്റംകണ്ട് ഈ കുട്ടികളിലും നീ മാറ്റം വരുത്തണം. അവന്‍ നോക്കിനില്‍ക്കേ കളിസ്ഥലത്തിന്റെ ഒരു ഭാഗം നിറയെ മൃഗങ്ങള്‍ നിറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ഈ മൃഗങ്ങളെല്ലാം ആട്ടിന്‍കുട്ടികളായി രൂപാന്തരപ്പെട്ടു. അവ ഓടിച്ചാടി പച്ചവിരിച്ച മൈതാനിയില്‍ മേയുവാന്‍ തുടങ്ങി. ഈ സ്വപ്നം അവന്‍ തന്റെ അമ്മയെ പറഞ്ഞുകേള്‍പ്പിച്ചു. അവള്‍ പറഞ്ഞു. ഭാവിയില്‍ നീ ഒരു വൈദികനാകും. അപ്പോള്‍ അനേകം മൃഗീയതയുള്ള കുട്ടികളെ ഇതുപോലെ നീ മാറ്റിയെടുക്കണം എന്ന്.

കന്നുകാലികളെ മേയിച്ച് ജീവിച്ചുപോന്ന നാളുകളില്‍ അവന് മറ്റൊരു സ്വപ്നം ഉണ്ടായി. ഒരു കുന്നിന്‍ ചെരുവില്‍ ഒരുപാട് ആട്ടിന്‍കൂട്ടങ്ങള്‍. ആടുകളുടെ മുന്നില്‍ പ്രഭതൂകുന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. ജോണ്‍ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ അവനെ വിളിച്ചു. അവന്‍ ഓടിച്ചെന്നു. ആ സ്ത്രീ അവനോട് പറഞ്ഞു. ജോണ്‍ ഈ ആടുകളെ ചെന്നായ് പിടിക്കാതെ സംരക്ഷിക്കണം. അതിന് ഞാന്‍ നിന്നെ സഹായിക്കും. അവന്‍ എന്തെങ്കിലും തിരിച്ചു ചോദിക്കുന്നതിനുമുമ്പ് ആ സ്ത്രീ അപ്രത്യക്ഷയായി.

പിന്നീട് ജോണ്‍, ഡോണ്‍ ബോസ്‌കോ ആയപ്പോള്‍ പരിശുദ്ധ അമ്മ അവനെ എങ്ങനെ സഹായിച്ചുവെന്നു ജീവചരിത്രത്തില്‍നിന്നു നമുക്ക് മനസ്സിലാക്കാം. ജോണ്‍ ‘കീയേരി’യിലുള്ള ഒരു പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നു. ലൂസി മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നുകൊണ്ടാണ് അവന്‍ പഠിച്ചത്. കുറഞ്ഞ ചിലവില്‍ അവിടെ താമസിക്കുവാന്‍ അവള്‍ അനുവദിച്ചു. പഠനം കഴിഞ്ഞുളള സമയം ജോണ്‍ ഒരു ചാക്കുമായി വീടുകള്‍ കയറിയിറങ്ങി പഴയ പാത്രങ്ങള്‍ ശേഖരിച്ച് പഠനത്തിനുള്ള പണം കണ്ടെത്തി. ഒരു ക്ലാസ്സ് താഴ്ത്തിയാണ് സ്‌കൂളില്‍ ചേര്‍ത്തതെങ്കിലും നാലുമാസം കൊണ്ട് പഠന സാമര്‍ത്ഥ്യം നിമിത്തം രണ്ട് ക്ലാസ്സ് കയറ്റം കിട്ടി.

അവന്റെ ഓര്‍മ്മശക്തിയിലും കഴിവിലും അദ്ധ്യാപകര്‍ സന്തുഷ്ടരായി. അവധിക്കാലത്ത് വീട്ടിലെത്തി കന്നുകാലികളെ മേയ്ക്കാന്‍ അവന്‍ അമ്മയെ സഹായിക്കും. അവധി കഴിയുമ്പോള്‍ സ്‌കൂളിലേക്ക് തിരികെ പോകും. പരീക്ഷ കഴിഞ്ഞ ഉടനെ ജോണ്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. രൂപതാ വൈദികനോ, സന്യാസവൈദികനോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവന് സാധിക്കുന്നില്ല. അമ്മയുടെ ഉപദേശം സ്വീകരിച്ചപ്പോള്‍ അവളുടെ പ്രതികരണം ഇതായിരുന്നു.

‘ദൈവനിശ്ചയം പോലെ നീ ചെയ്തുകൊള്ളുക. ഒരു കാര്യം മാത്രമേ എനിക്കു പറയാനുള്ളു, നിന്റെ ആത്മരക്ഷയാണ് എനിക്ക് പ്രധാനപ്പെട്ടത്. പണം സമ്പാദിച്ച് ആത്മാവിനെ നഷ്ടപ്പെടുത്തുന്ന ഒരു വഴിയാണ് നീ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും നിന്റെ അടുക്കല്‍ വരില്ല’. അമ്മയുടെ വാക്കുകള്‍ ജോണിന്റെ ഹൃദയത്തില്‍ ആഴമായി പതിച്ചു. ഒരു വ്യക്തത ലഭിക്കാതെ വന്നപ്പോള്‍ ജോണ്‍ ടൂറിനിലുള്ള ഫാ. ജോസഫ് കഫാസയെ കണ്ട് അഭിപ്രായം ആരാഞ്ഞു. ഇടവക വികാരിയുമായി ചര്‍ച്ചകള്‍ നടത്തി. അവസാനം ഒരു ഇടവകവൈദിനാകുവാന്‍ തീരുമാനിച്ചു.