കാണാതായ വസ്തുക്കളുടെ മാർഗ്ഗദർശകനായി വി. അന്തോണീസ് നിലകൊള്ളുന്നതെങ്ങനെ?

ഏതെങ്കിലും വസ്തു കാണാതായാൽ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക, പാദുവയിലെ വി. അന്തോണീസിന്റെ ചിത്രമായിരിക്കും. നാം ഉടനടി പ്രാർത്ഥിക്കുകയും കാണാതെ പോയ വസ്തു നമുക്ക് ലഭിക്കുകയും ചെയ്യുന്നു. തന്റെ ജീവിതകാലത്ത് അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയ ഒരു വിലപിടിപ്പുള്ള പുസ്തകമാണ് ഇപ്രകാരമുള്ള ഒരു അത്ഭുതപ്രവര്‍ത്തകനായി വി. അന്തോണീസിനെ മാറ്റിയത്.

ഫ്രാൻസിസ്കൻ ആശ്രമത്തിൽ വച്ച് തന്റെ സഹവൈദികർക്ക് ക്ലാസുകൾ എടുക്കുന്ന കാലത്ത് സങ്കീർത്തനങ്ങളുടെ ഒരു കയ്യെഴുത്തുപ്രതിയും ദൈവശാസ്ത്രം സംബന്ധിച്ച ആശയങ്ങളും വിവരങ്ങളും ഉൾപ്പെട്ടതുമായ ഒരു ബുക്ക് അദ്ദേഹം ഒപ്പം കരുതിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഒരു ബുക്കൊക്കെ നഷ്ടപ്പെട്ട് പോയാൽ മറ്റൊന്ന് സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. അങ്ങനെയിരിക്കെ ഒരു വൈദികവിദ്യാര്‍ത്ഥി ആശ്രമത്തിൽ നിന്ന് സെമിനാരി ജീവിതം അവസാനിപ്പിച്ചിറങ്ങി. എന്നാൽ അദ്ദേഹം പോന്നപ്പോൾ വി. അന്തോണീസിന്റെ ആ ബുക്ക് കൂടി അനുവാദം വാങ്ങാതെ എടുത്തുകൊണ്ടാണ് പോന്നത്. ഇതോടെ വിശുദ്ധൻ ആകെ വിഷമത്തിലായി. ബുക്ക് എടുത്തുകൊണ്ടു പോയ യുവാവിനെ കണ്ടെത്താനും കഴിഞ്ഞില്ല.

എങ്കിലും ദൈവത്തിൽ വിശ്വസിച്ച്, ആ വ്യക്തിയുടെ മനസ് മാറുന്നതിനും ബുക്ക് അദ്ദേഹം തിരികെയെത്തിക്കുന്നതിനും വേണ്ടി വിശുദ്ധൻ പ്രാർത്ഥിച്ചു. അധികം വൈകാതെ തന്നെ വിശുദ്ധനോട് ക്ഷമ ചോദിച്ച് ആ വ്യക്തി തന്നെ ബുക്ക് ആശ്രമത്തിൽ കൊണ്ടുവന്ന് ഏൽപ്പിച്ചു. വിശുദ്ധൻ അദ്ദേഹത്തോട് ക്ഷമിക്കുകയും ഇത്തരം തെറ്റ് ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണശേഷം ഈ അത്ഭുതവുമായി ബന്ധപ്പെട്ട് സമാനമായ ആവശ്യങ്ങളിൽ അനേകർ വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം യാചിക്കുകയും അത്ഭുതങ്ങൾ സംഭവിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നാം കണ്ടുവരുന്നത്. ഇറ്റലിയിലെ ബൊളോഗ്ന ഫ്രാൻസിസ്കൻ ആശ്രമത്തിൽ ആ ബുക്ക് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.