സകല വിശുദ്ധരുടെയും മണ്ണിലെ ഉരുക്കു വനിത- സിസ്റ്റർ പാസ്കോള

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

തിരുവനന്തപുരത്തെ പ്രശസ്തമായ വനിതാ കലാലയമാണ് ഓൾ സെയിൻസ് കോളേജ്. അവിടെ, അമ്മക്കിളിയെപോലെ  പെൺകുട്ടികളെ മാറോടു ചേർത്തു പിടിക്കുന്ന ഒരു സിസ്റ്ററുണ്ട്. സിസ്റ്റർ പാസ്കോള അഡ്‌റിച്ച് ഡിസൂസ CCR.

സമർപ്പിത ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ സിസ്റ്റർ, തന്റെ ദൈവവിളിയെപ്പറ്റി ലൈഫ് ഡേ- യോട് സംസാരിക്കുന്നു. ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഗോവയാണ് സിസ്റ്ററിന്റെ ജൻമദേശം. ആംഗ്ലോ ഇന്ത്യൻ പാരമ്പര്യം ഉൾക്കൊണ്ട കുടുംബം. അപ്പനും അമ്മയും സഹോദരനും ബെൽജിയംകാരി ഭാര്യയും അടങ്ങുന്ന ചെറു കുടുംബം. ഓർമ്മകളിൽ നിന്നും തന്റെ കുട്ടിക്കാലം സിസ്റ്റര്‍ ചികഞ്ഞെടുക്കുന്നത് ഇങ്ങനെ.

വളരെ സുന്ദരമായ കാലമായിരുന്നു അത്. വീട്ടിലെ പൊന്നോമനയായിരുന്നു ഞാൻ. അന്നത്തെ കാലത്തെ സകല ഫാഷനും ഇഷ്ടമായിരുന്നു. അണിഞ്ഞൊരുങ്ങി നടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. ഒരോ പിറന്നാളിലും പുത്തൻ വസ്ത്രങ്ങൾക്ക് ചേരുന്ന ഷൂസു മുതൽ പിൻ വരെ ഒരേ നിറമായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. മാറി വരുന്ന ട്രെൻഡിൽ ആകൃഷ്ടയുമായിരുന്നു. എന്റെ കുട്ടികാലത്തെ ഈ ഫാഷൻ ഭ്രമത്തിന്റെ തെളിവാണ് ഞാൻ പഠിച്ചിരുന്ന ഹോളിക്രോസ് കോൺവെന്റ് സ്കൂള്‍ തുടർച്ചയായ വർഷങ്ങളിൽ മിസ്സ് ഹോളിക്രോസ് കീരിടം ചൂടപ്പെട്ടത്.

പള്ളി ക്വയറിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഞാൻ. എന്നാൽ ഒരിക്കലും വീട്ടുകാരോ സഹപാഠികളോ അധ്യാപകരോ കരുതിയിരുന്നില്ല പാസ്കോളയെന്ന അവരുടെ പ്രിയപ്പെട്ടവളെ ദൈവം വിളിക്കുന്നു എന്ന സത്യം. പ്രീഡിഗ്രിയ്ക്ക് സയൻസ് ഗ്രൂപ്പിൽ ചേർന്നു. മേശയിലെ തടിപ്പലകയിൽ കീറി മുറിച്ച തവളയെക്കണ്ട് ഭയന്ന് സയൻസിനോടുള്ള ഭ്രമം നിന്നു. അങ്ങനെ ഹ്യുമാനിറ്റിസിലേയ്ക്ക് മാറി.

എല്ലാ വർഷവും പള്ളിയിൽ ദൈവവിളി ക്യാംപ് സംഘടിപ്പിക്കുമായിരുന്നു. ഞാൻ അവിടെയ്ക്ക് തിരിഞ്ഞുനോക്കാറില്ല. എന്നാൽ ആ പ്രാവശ്യം ക്യാംപ് തുടങ്ങുന്ന സമയം ഞാനും എന്റെ സഹോദരനും ചേർന്ന് കുളത്തിൽ മീൻപിടിക്കാൻ പോയി. എന്റെ പ്രധാന ഹോബികളിലൊന്നാണ് ചൂണ്ടയും കൊണ്ട് കുളക്കരയിൽ മീൻപിടിക്കുക എന്നത്. തിരികെ വരുമ്പോൾ ഇടവക വികാരി വീട്ടിൽ വന്നു നിൽക്കുന്നു. “ഇപ്പോൾ സമയം 5.45 pm.ആറുമണിയ്ക്ക് പാസ്കോള നീ അവിടെ ഉണ്ടാകണം.” പറഞ്ഞു കഴിഞ്ഞ ഉടനെ വികാരിയച്ചൻ നടന്നു നീങ്ങി. ഞാൻ ആ ക്യാംപിൽ പങ്കെടുത്തു. അഞ്ചു ദിനങ്ങൾ കടന്നു പോയി.

പീന്നീട് ക്യാംപ് നടത്തിയ സിസ്റ്റർമാർ എനിക്കു കത്തെഴുതി. ഞാനത് ആരെയും കാണിച്ചില്ല. കുറച്ച് ദിവസങ്ങൾക്കു ശേഷം ഞാൻ എന്റെ അമ്മൂമ്മയെ കാണിച്ചു. എന്നെ ഒരുക്കുകയായിരുന്നു അമ്മൂമ്മ. വിശുദ്ധരായ കൊച്ചുത്രേസ്യായുടെയും തെരേസ്സായുടെയും വിശുദ്ധിയിൽ നിറഞ്ഞ ജീവിതങ്ങളെ പറഞ്ഞു തന്ന് സമർപ്പിത ജീവിതത്തിലെക്കുള്ള എന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി. എന്റെ ആന്റിയും സന്യസ്തയായിരുന്നു. എന്നാൽ വീട്ടിൽ അമ്മ അപ്പന്റെ അനുവാദം വേണമെന്നു പറഞ്ഞു. ബോംബയിൽ നിന്നും എല്ലാവർഷവും അവധിയ്ക്ക് സമ്മാനങ്ങളുമായി കടന്നു വരുന്ന എന്റെ പ്രിയപ്പെട്ട അപ്പൻ ആ വർഷം വന്നില്ല. എന്നെ ദൈവത്തിനു നൽകീടുന്നതിനെപ്പറ്റി ഓർത്ത് ആ മനസ്സ് വേദനിച്ചിരിക്കാം. അല്ലെങ്കിൽ എന്നെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ടിരിക്കണം. അതാകണം അന്നത്തെ ആ പിണക്കത്തിന്റെ കാരണവും.

അങ്ങനെ 1990 – ൽ CCR സന്യസ്ത സഭയിൽ ചേർന്നു. കുറച്ചു ദിവസം കഴിഞ്ഞ് പാസ്കോള തിരികെ പോകുമെന്ന് അവർ കരുതിയിരുന്നു. കുറച്ചു ദിവസം അവിടെ താമസിച്ച് തീരുമാനമെടുക്കാൻ പറഞ്ഞ കോൺവെന്റ് മേലധികാരികളോട് പറഞ്ഞു – ‘ഞാൻ വന്നിരിക്കുന്നത് വിരുന്നിനല്ല; മറിച്ച് നിങ്ങളിൽ ഒരാള്‍ ആകാനാണ്’ എന്ന്‍.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ – ബിരുദാനന്തരങ്ങൾ; അതിനോടൊപ്പം ഡോക്ടറേറ്റ്. ഡോ.സിസ്റ്റർ പാസ്കോള തന്റെ സന്യാസ സമൂഹത്തിനു കീഴിലുള്ള തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി ചേർന്നു. ബിരുദ ജീവിതം നയിച്ച മണ്ണിൽ ഒരു പൂർവ്വ വിദ്യാർത്ഥിയെക്കാൾ, അധ്യാപികയായി എത്തുന്നത് മനസ്സിന് ആനന്ദം പകരുന്ന അനുഭവമാണ്.

അച്ചടക്കത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നു ക്യാംപസിൽ സിസ്റ്റര്‍. “ജീവിതത്തിൽ ഏറ്റവും കരുതൽ വേണ്ട’ നാളുകളിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥിനികളുടെ ഇടയിലാണ് ഞാൻ നിൽക്കുന്നത്. ഇല്ലായ്മകളിൽ നിന്നും ഉയരങ്ങൾ താണ്ടിയ ഒരായിരം പേരുടെ ജീവിതങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. അതു പോലെ സർവ്വതും ഉണ്ടായിരുന്നിട്ടും തകർന്നു പോയവരെ കണ്ട് മനസ്സ് നീറിയിട്ടുമുണ്ട്. പലപ്പോഴും ജീവിതമാകുന്ന പൂന്തോട്ടത്തിൽ വിടരും മുൻപേ വീണു പോകുന്ന പൂക്കളെ കാണുമ്പോൾ അവരെക്കാൾ അവരുടെ ജീവിതങ്ങള്‍ക്ക് കരുത്തേകണം എന്ന തോന്നൽ മനസ്സിൽ ഉണ്ടായിടുന്നു.” ഇത് പറഞ്ഞു നിർത്തുമ്പോള്‍ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

കലാലയത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന്റെ തെളിവാണ് ഏതൊരു പരിപാടിയിലും സിസ്റ്റർ പാസ്കോള എന്ന നാമത്തിന് ലഭിക്കുന്ന കരഘോഷം. “പ്രതിവർഷം 600 ഓളം യുവതികളാണ് ബിരുദധാരികളായി ഈ കലാലയത്തോട് വിട പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഭാവിയിലെ 600 അമ്മമാരെയാണ് ഞാൻ കരുതലും സ്നേഹവും നൽകി യാത്രയാക്കീടുന്നത്. തകരുന്ന കുടുംബങ്ങൾ പെരുകുന്ന ഈ ലോകത്ത് എന്റെ ഈ 600 അമ്മമാർ ദൃഢത നിറഞ്ഞ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൂലക്കല്ലുകളായി കുടുംബങ്ങളില്‍ നിലകൊള്ളുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതു തന്നെയാണ് ക്രിസ്തു എനിക്ക് ഏൽപ്പിച്ചു തന്നിരിക്കുന്ന ദൗത്യവും. നവ മാധ്യമങ്ങളുടെ പൊള്ളയായ ബന്ധങ്ങളിൽ പ്പെട്ട് എന്റെ മക്കൾ തകരാതെ നോക്കേണ്ടത് എന്റെ കടമ തന്നെയാണ്.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ആ മുപ്പത്തിമൂന്നുകാരനെ പിൻചെന്ന അതേ ഊർജ്ജത്തോടെയാണ് സിസ്റ്റര്‍ ഇപ്പോഴും. യാത്ര പറഞ്ഞിറങ്ങുമ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവുമായി സകല വിശുദ്ധരുടെയും മണ്ണിലെ ഉരുക്കു വനിത നില്‍ക്കുകയായിരുന്നു; ആ മണ്ണിന്റെ കാവലാളായി.

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.