വലിയ നോമ്പിന് ഒരുങ്ങാന്‍ സഹായിക്കുന്ന ആത്മീയവായന

പശ്ചാത്താപബോധം നല്കണമേ (മാര്‍ അപ്രേം)

എന്‍റെ രക്ഷകനായ ക്രിസ്തുവേ, അവിടുത്തെ മഹത്ത്വത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ എന്‍റെ വീഴ്ചകളെല്ലാം ഏറ്റുപറയും. അവിടുത്തെ കാരുണ്യത്തിനനുസരിച്ച് എനിക്ക് പകര്‍ന്നുതന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം ഞാന്‍ ഏറ്റുപറയും.

അമ്മയുടെ ഗര്‍ഭാശയം മുതലേ ഞാന്‍ അങ്ങയെ ദുഖിപ്പിച്ചു തുടങ്ങി. അവിടുത്തേ കൃപയെ ഞാന്‍ തീര്‍ത്തും അവഗണിച്ചു. എന്‍റെ ആത്മാവിന്‍റെ കാര്യത്തില്‍ ഞാന്‍ തികച്ചും അശ്രദ്ധനായിരുന്നു. എങ്കിലും വലിയ കരുണയോടെ, എന്‍റെ ഗുരോ, അവിടുന്നെന്നെ പരിഗണിച്ചു. അങ്ങേ കൃപ എന്‍റെ ശിരസ്സിനെ ഉയര്‍ത്തി നിര്‍ത്തി. പാപങ്ങള്‍ പക്ഷേ, ദിനം തോറും അതിനെ വലിച്ചുതാഴ്ത്തുന്നു.

ദുശ്ശീലങ്ങള്‍ കെണിപോലെ എന്നെ കുരുക്കുന്നു. തിന്മയുടെ ആഴത്തിലേക്ക് ഞാന്‍ താണുപോകുന്നു. ശത്രു എനിക്ക് ദിവസേന പുതിയ വിലങ്ങുകള്‍ തരുന്നു. കാരണം അവയെല്ലാം എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയാം.

എന്നെ ബന്ധനസ്ഥനാക്കുന്നത് എന്‍റെ തന്നെ ആഗ്രഹങ്ങളാണ്. അവ എന്നില്‍ ലജ്ജയും അപമാനബോധവും വളര്‍ത്തേണ്ടതാണ്. ശത്രു എനിക്ക് വച്ചുനീട്ടുന്ന വിലങ്ങുകളാല്‍ ഞാന്‍തന്നെ എന്നെ കെട്ടിവരിഞ്ഞിരിക്കുന്നു എന്നത് ഭയാനകമാണ്. എനിക്ക് സുഖം നല്കുന്ന ഭോഗലാലസമായ ചെയ്തികളാല്‍ ഞാന്‍ തന്നെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിലങ്ങുകള്‍ എത്ര ഭീകരമാണെന്ന് എനിക്കറിയാമെങ്കിലും കൂലീനതയുടെ ആവരണത്തിനുപിന്നില്‍ ഞാനവയെ സമര്‍ത്ഥമായി ഒളിപ്പിക്കുന്നു. കാണേണ്ടവര്‍ അവയെ കണ്ടുപിടിക്കുന്നില്ല. സുന്ദരമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, പക്ഷേ എന്‍റെ ആത്മാവ് ലജ്ജാകരമായ ചിന്തകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എന്നെ കാണുന്നവര്‍ക്ക് ഞാന്‍ ആദരണീയനാണ്, എന്നാല്‍ ഉള്ളിലാകട്ടെ എല്ലാ ആഭാസവും നിറഞ്ഞിരിക്കുന്നു.

എന്‍റെ മനസ്സാക്ഷി നിരന്തരം എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നെ തളച്ചിടുന്ന വിലങ്ങുകളില്‍ നിന്നെല്ലാം മോചിതനാകണമെന്നാണ് എന്‍റെ ആഗ്രഹം. ദിവസംതോറും ഞാന്‍ അതിനെപ്പറ്റി ഖേദിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്. എങ്കിലും എക്കാലത്തും ആ കുരുക്കുകളില്‍ കെട്ടപ്പെട്ടു തന്നെ കഴിയുന്നു.

ദിനംതോറുമുള്ള എന്‍റെ പശ്ചാത്താപവും പ്രായ്ശ്ചിത്തവും എത്രയേറെ പരിതാപകരമാണ്. കാരണം അതിനൊരു അടിസ്ഥാനമില്ല. ദിവസം തോറും കെട്ടിടത്തിനു ഞാന്‍ അടിത്തറ കെട്ടുന്നു. സ്വന്തം കൈകൊണ്ടുതന്നെ അടുത്ത നിമിഷം ഞാനതുപൊളിച്ചു മാറ്റുകയും ചെയ്യും.

എന്‍റെ പശ്ചാത്താപം ഇനിയും ഒരു നല്ല തുടക്കത്തിലേക്ക് നയിച്ചിട്ടില്ല. ദുഷ്ടവും അധാര്‍മ്മികവുമായവക്ക് ഇനിയും എന്നില്‍ അന്ത്യമായിട്ടില്ല. ഭോഗേച്ഛുവായ എന്‍റെ വികാരങ്ങള്‍ക്കും എന്നെ നശിപ്പിക്കുന്ന എന്‍റെ ശത്രുവിന്‍റെ ദുഷ്ടമായ ഇച്ഛാശക്തിക്കും ഞാന്‍ അടിമയായിത്തീര്‍ന്നുകഴിഞ്ഞു.

കരുണാമയനായ ദൈവമേ, എന്‍റെ പാപങ്ങളെപ്പറ്റി എക്കാലത്തും തിരുമുന്പില്‍ കരഞ്ഞുകൊണ്ടിരിക്കാന്‍ വറ്റാത്ത കണ്ണീര്‍ ആരില്‍ നിന്ന് ലഭിക്കും. നിമിഷംതോറും എന്‍റെ ആത്മാവില്‍ അലയടിക്കുന്ന പാപത്തിരകളില്‍ നിന്ന് എന്നെ രക്ഷിച്ചടുപ്പിക്കാന്‍ അങ്ങയുടെ കൃപയെ അയച്ചുതരണമേ. വച്ചുകെട്ടി സുഖപ്പെടുത്താവുന്ന മുറിവുകളേക്കാള്‍ ആഴമുള്ളതാണ് എന്‍റെ ആഗ്രഹങ്ങള്‍.

കര്‍ത്താവേ, അവിടുത്തെ കരുണയില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. അവിടുത്തെ പാദത്തില്‍ വീണു ഞാന്‍ കേണപേക്ഷിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന്‍റെ ആത്മാവിനെ തരണമേ. അധര്‍മ്മത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ. ദുഷ്കര്‍മ്മങ്ങളെപ്പറ്റി അനുതപിക്കാന്‍ അവസരം കിട്ടാത്ത ന്യായവിധിയിലേക്ക് യാത്രയാകുന്നതിനുമുന്പ് ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിച്ചാലും.

(മാര്‍ അപ്രേമിന്‍റെ ആദ്ധ്യാത്മികസങ്കീര്‍ത്തനങ്ങളില്‍ നിന്ന് . . .)

തയ്യാറാക്കിയത്: നോബിള്‍ തോമസ് പാറക്കല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.