മാര്‍ച്ച് 11-ന് കൊറോണാ ബാധിതര്‍ക്കായി ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി റോമിലെ സഭാനേതൃത്വം

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 11-ന് കൊറോണാ ബാധിതര്‍ക്കായി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് റോമിലെ സഭാനേതൃത്വം. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോമാ രൂപതയിലെ പൊതു ദിവ്യബലി അര്‍പ്പണം താല്‍ക്കാലികമായി നിര്‍ത്തിവച്ച വിവരം അറിയിച്ചതിനൊപ്പമാണ് പ്രാര്‍ത്ഥനാദിനം ആഹ്വാനം ചെയ്തതും.

അന്നേ ദിവസം തന്നെ ടി.വി.യിലൂടെ പ്രക്ഷേപണം ചെയ്യുന്ന ദിവ്യബലിയില്‍ പങ്കെടുക്കാനും റോമിലെ വിശ്വാസികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപവാസത്തിനു പുറമേ, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവര്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ സംഭാവനകള്‍ നല്‍കണമെന്നും സഭാനേതൃത്വം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

പാപ്പയുടെ ഔദ്യോഗിക വസതിയായ കാസാ സാന്താ മരിയയില്‍ നിന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ അനുദിന ദിവ്യബലികള്‍ വത്തിക്കാന്‍ ന്യൂസിലൂടെയും യുടൂബിലൂടെയും തത്സമയ സംപ്രേഷണം ചെയ്യുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.