കോവിഡ് പകർച്ചവ്യാധിയിൽ നിന്നും നാം പഠിക്കുന്ന വളർച്ചയ്ക്കുള്ള ചില പാഠങ്ങൾ

കോവിഡ് പകർച്ചവ്യാധി ലോകത്താകമാനമുള്ള ആളുകളുടെ സാധാരണ ജീവിതാവസ്ഥയെ വളരെ സാരമായി ബാധിച്ചിട്ടുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ജീവിതക്രമങ്ങൾക്ക് മാറ്റം വന്നു. സാമൂഹിക അകലവും ലോക്ക് ഡൗണും ചിലര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഈ പകർച്ചവ്യാധി മൂലം പലരും നിരാശയിൽ അടിമപ്പെട്ടു പോയിട്ടുണ്ട്. എന്നാൽ, പോരായ്മാകളെയും കുറവുകളേയും കുറിച്ച് ചിന്തിക്കുന്നതിനു പകരം ഈ സമയങ്ങളിൽ വന്ന ചില നേട്ടങ്ങളെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം.

1. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ആഴപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ

സാമൂഹിക അകലം പാലിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ബന്ധങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതിൽ സംശയമില്ല. അനാവശ്യബന്ധങ്ങൾ അവസാനിപ്പിക്കാനും നല്ല ബന്ധങ്ങൾ തുടരാനുമുള്ള അവസരം. ബന്ധങ്ങൾ തുടരുവാൻ നല്ല ശീലങ്ങൾ കണ്ടെത്തുകയും പ്രവർത്തിക്കുകയും ചെയ്യുക.

സൗഹൃദത്തെ നിസ്സാരമായി കാണരുത് എന്ന് ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു. സുഹൃത്തുക്കളുമൊത്തുള്ള വെർച്വൽ ഗെയിമുകൾ, വിദൂരത്തുള്ളവരെ ഫോണില്‍ വിളിച്ചു സംസാരിക്കുക എന്നിവയൊക്കെ സൗഹൃദത്തിന്റെയും വാത്സല്യത്തിന്റെയും ആഴം നമുക്ക് വെളിവാക്കിത്തരുന്നു.

2. കുടുംബവുമായി കൂടുതൽ അടുക്കുവാൻ സഹായിച്ചു

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ പകർച്ചവ്യാധിയുടെ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു. ജോലിത്തിരക്കുമായി നടന്ന ആളുകൾ ഇപ്പോൾ കുടുംബജീവിതം നന്നായി ആസ്വദിക്കുകയാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും പരസ്പരം സംസാരിക്കുവാനും എല്ലാവർക്കും ഇപ്പോള്‍ സമയമുണ്ട്. മക്കളുടെ സംശയങ്ങൾക്ക് മറുപടി പറയാനും അവരുമായി വിനോദങ്ങളില്‍ ഏര്‍പ്പെടാനും സമയം കിട്ടുന്നില്ല എന്ന പരാതികൾ കൊറോണ കാലത്ത് ഇല്ലാതായി എന്നുതന്നെ പറയാം.

3. മക്കളെ കൂടുതൽ നന്നായി മനസിലാക്കാനുള്ള സമയം

മക്കളെ കൂടുതൽ നന്നായി അടുത്തറിയാനുള്ള സമയം കൂടിയാണിത്. കൃത്യസമയത്ത് അവരെ സ്കൂളിലെത്തിക്കാനും മറ്റു പല കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാലും തിരക്കുകളാലും മക്കളുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ ഇന്ന് പല മാതാപിതാക്കളും പിന്നോക്കം പോയ സമയത്താണ് കൊറോണ എത്തിയത്. മക്കളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്തെന്നറിയാത്തവരായി മാതാപിതാക്കൾ മാറിയപ്പോൾ ഈ പകർച്ചവ്യാധി കാലഘട്ടം അതിൽ നിന്നെല്ലാം ഒരു മോചനം പല കുടുംബങ്ങള്‍ക്കും നൽകി.

4. ജീവിതപങ്കാളിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള സമയം

ഗാർഹികജോലികളിൽ ഒന്നിച്ച് ഇടപെടാനും ഒരു പൊതുലക്ഷ്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കാനുമുള്ള ‌ അവസരം ഈ കാലഘട്ടം നമുക്ക് നൽകി എന്നുപറയാം. മാത്രമല്ല, വീട് വൃത്തിയായി സൂക്ഷിക്കുന്നത് ദമ്പതികൾക്കിടയിൽ കൂടുതൽ‌ ഐക്യമുണ്ടാക്കുമെന്നും പഠനനങ്ങൾ തെളിയിക്കുന്നു. ദമ്പതികൾക്ക് പരസ്പരം ശ്രദ്ധിക്കുവാനുള്ള സമയവും ഈ കൊറോണ കാലം പ്രദാനം ചെയ്തു.

5. കുടുംബപ്രാർത്ഥന

ജീവിത തിരക്കുകൾക്കിടയിൽ പലപ്പോഴും മാറ്റിവയ്ക്കപ്പെടുന്ന ഒന്നാണ് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള പ്രാർത്ഥന. നിസ്സാരകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാനും കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രാർത്ഥിക്കാനും ഈ അവസരം നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രാർത്ഥന, ധ്യാനം, വായന എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഈ സമയം നമുക്ക് പ്രയോജനപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.