ശാന്തമായി ഉറങ്ങാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും

വളരെ തിരക്കുപിടിച്ച ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതോടൊപ്പം മാനസികമായ പല സമ്മർദങ്ങൾക്കും അടിമകളാണ് ഒട്ടുമിക്ക ആളുകളും. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ പോലും സാധിക്കാത്തവിധം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാഹ്യമായ പ്രശ്നങ്ങൾ. അവയ്ക്ക് ഒരു കടിഞ്ഞാണിടാൻ മാനുഷിക ശക്തി മാത്രം പോരാ, ദൈവത്തിന്റെ അനുഗ്രഹവും സഹായവും കൂടിയേ തീരൂ.

ഉറങ്ങാൻ സാധിക്കാത്ത വിധം അസ്വസ്ഥമായിരിക്കുന്ന നമ്മുടെ മനസിനെ ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കണം. ഉറങ്ങുന്നതിന് മുൻപുള്ള സായങ്ങളിൽ, ഒരുപക്ഷേ ആകുലതകളുടെ ആധിക്യം മൂലം ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സമയങ്ങളിൽ മനസ്സിൽ ഉരുവിടാൻ ഒരു ചെറിയ പ്രാർത്ഥന നമുക്ക് പരിചയപ്പെടാം. അതിന് മുൻപായി നമ്മുടെ മനസിനെ സമാധാനത്തിലും ശാന്തതയിലും കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

“കർത്താവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. സത്യത്തിന്റെ ദൈവമായ കർത്തവേ എന്നെ രക്ഷിക്കണമേ. അങ്ങയുടെ സമാധാനത്തിൽ ഞാൻ വിശ്രമിക്കട്ടെ. ആമ്മേൻ”

ശാന്തമായി സമാധാനത്തിൽ വിശ്രമിക്കാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. അങ്ങനെ നാം രാത്രിയിൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ സംരക്ഷണത്തിലും സമാധാനത്തിലും ഉറങ്ങട്ടെ.