ആഫ്രിക്കയിലെ മദര്‍തേരേസ- സിസ്റ്റര്‍ റോസ്‌മേരി നൈറുംബെ

മദര്‍തേരേസയെ പോലെ പാവങ്ങള്‍ക്കായി ജീവിക്കുന്ന ഒരു സിസ്റ്റര്‍ ആഫ്രിക്കയില്‍ ഉണ്ട്. 2014 ല്‍ ലോകത്തിലെ പ്രചോദനാത്മകരായ 100 വനിതകളില്‍ ഒരാളായി ടൈം മാഗസിന്‍ സിസ്റ്റര്‍ റോസ്‌മേരിയെ തിരഞ്ഞെടുത്തിരുന്നു. അവരുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതാ.

അവര്‍ മൊത്തം രണ്ടായിരത്തിലധികം സ്ത്രീകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ കൈകളിലിരുന്ന ബാഗുകള്‍ അവര്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാണിച്ചു. ഉഗാണ്ടയിലെ യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന്ര രക്ഷപ്പെട്ടവരായിരുന്നു അവര്‍. തങ്ങള്‍ നിര്‍മ്മിച്ച ബാഗുകളായിരുന്നു അവരുടെ കൈകളിലുണ്ടായിരുന്നത്.  ”ലൈംഗിക അടിമകളായിരുന്നവരാണ് ഇവര്‍. അതിനാല്‍ത്തന്നെ അവരുടെ അവസ്ഥ വളരെ മോശമാണ്. കുട്ടിപ്പട്ടാളക്കാരാകാന്‍ പരിശീലിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ചില കുട്ടികള്‍ തീവ്രവാദ മനോഭാവമുള്ളവരായി മാറുകയും ചെയ്യും.” സിസ്റ്റര്‍ റോസ്‌മേരി നൈറുംബെയുടെ വാക്കുകളാണിത്. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗം കണ്ടെത്തിക്കൊടുക്കുകയാണ് സിസ്റ്റര്‍ റോസ്‌മേരി ചെയ്യുന്നത്.

ഉഗാണ്ടയിലെ യുദ്ധമേഖലയില്‍ നിന്നും സ്വദേശത്ത് തിരികെയെത്തുന്ന കുട്ടികള്‍ പല പൈശാചിക കൃത്യങ്ങളും ചെയ്യാറുണ്ടെന്ന് സിസ്റ്റര്‍ റോസ്‌മേരി പറയുന്നു. സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും വരെ കൊലപ്പെടുത്താന്‍ ഇവരില്‍ ചിലര്‍ തയ്യാറാകും. കൊലപാതകത്തില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിയില്‍ ആനന്ദം കണ്ടെത്തുന്നവരായി ഇവര്‍ മാറും. ശരീരത്തിനേറ്റ മുറിവുകള്‍ സുഖപ്പെടുത്താന്‍ സാധിക്കുമെന്നും എന്നാല്‍ ആത്മാവിനേറ്റ മുറിവുകള്‍ അവശേഷിക്കുമെന്നും സിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

സുഡാനില്‍ നിന്നുള്ള ഷാരോണ്‍ എന്ന പെണ്‍കുട്ടിയുടെ കഥ സിസ്റ്റര്‍ റോസ്‌മേരി പറയുന്നു. സ്വന്തം സഹോദരിയുടെയും അവളുടെയും ജീവനില്‍ ഏതാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കലാപകാരികള്‍ അവളോട് ചോദിച്ചത്. അവളെയും സഹോദരിയെയും കലാപകാരികള്‍ തട്ടിയെടുക്കുകയായിരുന്നു. ഒരു നദി കടക്കേണ്ട അവസ്ഥ വന്നപ്പോള്‍ സഹോദരിയെ എടുത്തു കൊണ്ടു നടക്കാന്‍ അവള്‍ അവരോട് അനുവാദം ചോദിച്ചു. എന്നാല്‍ ക്ഷീണിതയായതിനാല്‍ അവള്‍ക്കതിന് കഴിഞ്ഞില്ല. അവരിലൊരാളുടെ ജീവന്‍ അല്ലെങ്കില്‍ രണ്ടുപേരുടെയും ജീവന്‍ ഇല്ലാതാകുമെന്ന് കലാപകാരികള്‍ പറഞ്ഞു. അവസാനം ഷാരോണിന് അവളുടെ സഹോദരിയെ കൊന്നു കളയേണ്ടി വന്നു. സിസ്റ്റര്‍ റോസ്‌മേരി  പങ്ക് വച്ച അനുഭവങ്ങളില്‍ ഇതൊന്ന് മാത്രം.

2014 ല്‍ ലോകത്തിലെ പ്രചോദനാത്മകരായ 100 വനിതകളില്‍ ഒരാളായി ടൈം മാഗസിന്‍ സിസ്റ്റര്‍ റോസ്‌മേരിയെ തിരഞ്ഞെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.