പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് പ്രചോദനമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം 

പാവങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും സത്യത്തിനും നീതിക്കുമായി ശബ്ദമുയർത്തുകയും ജീവൻ ബലി നൽകുകയും ചെയ്തുകൊണ്ട് യേശുവിന്റെ സ്നേഹം സാധാരണക്കാരിലേക്ക് ഒഴുക്കിയ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ഇൻഡ്യയിൽ പീഡിപ്പിക്കപ്പെടുന്ന ഒരു പറ്റം ക്രിസ്ത്യാനികൾക്ക് പ്രചോദനമാണ്.

സ്വന്തം സംസ്ഥാനമായ കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയിൽ ഇൻഡോറിൽ വെച്ചു എതിരാളികളാൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലാണ്. മധ്യപ്രദേശിലെ, ഇൻഡോർ രൂപതയിലെ, ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസ സമൂഹത്തിലെ അംഗമായി ചേർന്ന് തന്റെ പ്രേഷിത ജീവിതം ആരംഭിച്ച സിസ്റ്റർ മരിയ എതിരാളിയുടെ കത്തിക്ക് മുന്നിൽ യേശുനാമം ഏറ്റുപറഞ്ഞു മരണത്തിനു കീഴടങ്ങുമ്പോൾ 41 വയസ്സായിരുന്നു. ഇന്ത്യയിലെ ആധുനിക കാലഘട്ടത്തിലെ രക്തസാക്ഷിയായി സഭ അവളെ അംഗീകരിച്ചു.

മധ്യപ്രദേശിലെ  ക്രിസ്തീയ പീഡനങ്ങളുടെ പശ്ചാത്തലം 

മധ്യപ്രദേശിൽ ബി.ജെ.പി. അധികാരത്തിൽ വന്നതിനുശേഷം ആണ് മതന്യൂനപക്ഷങ്ങൾക്കു നേരെ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ രൂക്ഷമായി അരങ്ങേറുവാൻ ആരംഭിച്ചത്. സിസ്റ്റർ റാണി മരിയയുടെ ജീവിതം ഇപ്പോഴും പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും നടുവിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് അതിനിടയിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ധൈര്യം നല്കുകയാണ്.

ഇന്നും വൈദികർ, പള്ളികൾ, പ്രാർത്ഥനാലയങ്ങൾ എന്നിവയ്ക്കു നേരെ രൂക്ഷമായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം  ക്രിസ്ത്യാനികൾക്ക് നേരെ ഉന്നയിക്കുകയും അവരെ തടവിലാക്കുകയും ചെയ്യുന്നു. സി. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിലൂടെ ലോകം മുഴുവൻ ഇന്ത്യൻ ഗ്രാമങ്ങളിലെ മിഷനറിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുന്നതിന് കാരണമാകും എന്ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന്‍റെ നേതാവ് സിൽവെസ്റ്റർ ഗംഗിൽ പറയുന്നു. പാവപ്പെട്ട ആളുകൾക്കിടയി നടത്തുന്ന സേവന പ്രവർത്തനങ്ങളെ മതപരിവർത്തനമായി കണക്കാക്കുകയാണ് ഇവിടുള്ളവർ എന്ന് സിൽവെസ്റ്റർ പറയുന്നു.

സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വം നൽകുന്ന പ്രചോദനം 

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്‌തസാക്ഷിയായി ഉയര്‍ത്തപ്പെടുമ്പോള്‍ അതു ഏറ്റവും കൂടുതൽ പ്രചോദനമാകുന്നത് ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കാണ് എന്ന് മധ്യപ്രദേശിലെ എഴുത്തുകാരനായ പോൾ എബ്രഹാം പറയുന്നു. സിസ്റ്ററിന്റെ മരണം മധ്യപ്രദേശിലെ പ്രാദേശിക സഭകളിലെ വിശ്വാസികൾക്കിടയിൽ കാര്യമായ സ്വാധീനമാണ് ചെലുത്തിയത്. പീഡനങ്ങൾക്കു നടുവിലും ഉറച്ചു നിൽക്കുവാനും യേശുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുവാനും സിസ്റ്ററിന്റെ ജീവിത മാതൃക വിശ്വാസികളെ ധൈര്യപ്പെടുത്തുന്നു എന്ന്  പോൾ എബ്രഹാം സാക്ഷ്യപ്പെടുത്തുന്നു.

“ശക്തരായ ഭൂപ്രഭുക്കൻമാരെ വെല്ലുവിളിച്ചുകൊണ്ട് സാധാരണക്കാർക്കായി അവൾ നടത്തിയ പോരാട്ടവും അവരോടുള്ള സമീപനവും മരണം വരെ ദൈവം തന്റെ കൈകളിൽ ഏൽപ്പിച്ച ഏല്‍പ്പിച്ചവരോടൊപ്പം  നിന്നതും ദൈനംദിന ജീവിതത്തിൽ പീഡനങ്ങൾ നേരിടേണ്ടി വരുന്ന പ്രാദേശിക ക്രിസ്ത്യാനികളെ   പ്രചോദിപ്പിക്കും”.  പോൾ എബ്രഹാം പറയുന്നു.  മുന്നില്‍ നിസഹായരായി കണ്ടെത്തിയ ഒരു കൂട്ടം ജനത്തിനു ശബ്ദവും അവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രേരക ശക്തിയുമായി പ്രവര്‍ത്തിച്ച് റാണി മരിയ  അവരില്‍ ഒരാളായി മാറുകയായിരുന്നു. അധികാര വര്‍ഗത്തിന്റെയും മുതലാളി വര്‍ഗ്ഗത്തിന്റെയും അടിമയായി നില്‍ക്കാതെ ഓരോരുത്തര്‍ക്കും സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയും എന്ന് പഠിപ്പിക്കുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്ത സിസ്റ്ററിന്റെ ജീവിതം സാധാരണക്കാര്‍ക്ക് മാതൃകയായിരുന്നു. സാധാരണക്കാരുടെ അവകാശം സംരക്ഷിക്കാന്‍ സിസ്റ്റര്‍ നടത്തിയ പോരാട്ടം ഒരു വിഭാഗത്തിന്റെ കണ്ണില്‍ കരടായി സിസ്റ്ററിനെ മാറ്റി. അതു സമാന്തർ  സിങ് എന്ന കൊലയാളിയിലേക്ക് എത്തുകയായിരുന്നു .

ബസ്സിൽ കയറി, സിസ്റ്റർ റാണി മരിയയെ കുത്തിക്കൊന്ന സമാന്തർ സിങ് ബസ്സിനുള്ളിലും ബസിൽ  നിന്ന് വലിച്ചു പുറത്തിട്ടും കത്തി കൊണ്ട് അവരെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സിസ്റ്ററിന്റെ ശരീരത്തിൽ 54 കുത്തുകളാണ്  സമാന്തർ  സിങ് കുത്തിയത്. ഈ 54  പ്രാവശ്യവും യേശുനാമം ഉച്ചരിച്ചു കൊണ്ട് സിസ്റ്റർ തന്റെ ഘാതകന്റെ ആത്മാവിന്റെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുകയായിരുന്നു എന്ന് തുടർ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ കിടന്നു അനുതപിച്ചു മാനസാന്തരത്തിന്റെ പാതയിൽ എത്തിയ സമാന്തർ സിങ് സിസ്റ്ററിന്റെ കുടുംബത്തിലെത്തി മാതാപിതാക്കളോട് ക്ഷമ  ചോദിച്ചു.  ഈ കുടുംബത്തിന്റെ  ക്ഷമയുടെ മനോഭാവവും ആളുകളെ ഏറെ സ്വാധീനിച്ചു.

സിസ്റ്റർ റാണി മരിയ ഒരു സാധാരണ കന്യാസ്ത്രിയായിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായി മാറുവാൻ ഉള്ള ദൈവത്തിന്റെ ക്ഷണം സ്വീകരിച്ചപ്പോൾ മുതൽ ദൈവം തന്റെ ചുമന്ന കിരീടത്തിനായി അവളെ ഒരുക്കുകയായിരുന്നു. ആ വിളി ഏറ്റവും വിശ്വസ്തതയോടെ സ്വീകരിച്ചു, വേദനിക്കുന്ന അനേകർക്ക്‌ വിശ്വാസത്തിൽ നിലനില്കുന്നതിനുള്ള പ്രചോദനമായി തീരുകയാണ് ഈ രക്തസാക്ഷി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.